
മലപ്പുറം: അരീക്കോട് ഊർങ്ങാട്ടിരിയിൽ കിണറ്റിൽ നിന്ന് കരകയറ്റിയ കാട്ടാനയെ ഉൾക്കാട്ടിലേക്ക് തുരത്താൻ കുങ്കിയാനകളെത്തി. വയനാട്ടിലെ മുത്തങ്ങയിൽ നിന്നുള്ള സുരേന്ദ്രൻ, വിക്രം എന്നീ കുങ്കിയാനകളെയാണ് ഇന്നലെ എത്തിച്ചത്. ആന വീണ്ടും ജനവാസകേന്ദ്രത്തിലേക്കിറങ്ങാൻ സാദ്ധ്യതയുള്ളതിനാൽ നാട്ടുകാരുടെ ആവശ്യത്തെ തുടർന്നാണ് വനംവകുപ്പും ജില്ലാ ഭരണകൂടവും ഇത്തരമൊരു നിലപാടിലേക്ക് കടന്നത്.
കിണറ്റിൽ നിന്ന് രക്ഷിച്ച കാട്ടാന ഉൾക്കാട്ടിലേക്ക് പോയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. വനാതിർത്തികളിലോ കൃഷിയിടത്തിലോ ഇന്നലെ സാന്നിദ്ധ്യം കണ്ടെത്തിയില്ല. വനംവകുപ്പ് ഉദ്യോഗസ്ഥരും ആർ.ആർ.ടി അംഗങ്ങളും മുഴുവൻ സമയവും നിരീക്ഷിക്കുന്നുണ്ട്. ആന ഉൾവനത്തിലെത്തിയെന്ന് ഉറപ്പിക്കും വരെ കുങ്കികളെ ഉപയോഗിച്ചുള്ള പട്രോളിംഗ് തുടരും. മയക്കുവെടി വയ്ക്കാനുള്ള വിദഗ്ദ്ധ ഡോക്ടർമാരടക്കം സ്ഥലത്തുണ്ട്. അതേസമയം, പുതിയ കിണർ കുഴിക്കുന്നതിനായി കാട്ടാന വീണ കിണറിന്റെ ഉടമയ്ക്ക് ഒന്നരലക്ഷം രൂപ ഇന്നലെ വനംവകുപ്പ് നഷ്ടപരിഹാരം നൽകി. സ്ഥലത്ത് ഏഴര കിലോമീറ്ററോളം ദൈർഘ്യത്തിൽ ഫെൻസിംഗ് സ്ഥാപിക്കാൻ ജില്ലാകളക്ടർ വിളിച്ച യോഗത്തിൽ വനംവകുപ്പ് സമ്മതിച്ചു. ഇതിനായുള്ള നടപടി ക്രമങ്ങൾ ഒരാഴ്ചയ്ക്കകം ആരംഭിക്കുമെന്നും വനംവകുപ്പ് ജില്ലാഭരണകൂടത്തിന് ഉറപ്പുനൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |