SignIn
Kerala Kaumudi Online
Friday, 23 October 2026 6.40 PM IST

കണ്ണന്റെ കിഴിപ്പണം മീനടം പള്ളിയുടെ സാഫല്യം

s

കോട്ടയം: മീനടം വലിയപള്ളിപ്പെരുന്നാളിന്റെ കൊടിയേറ്റം സഫലമാകണമെങ്കിൽ ളാകത്ത് കുടുംബത്തിലെ കണ്ണനെന്ന ജയകൃഷ്ണൻ നായർ കിഴിപ്പണം സമർപ്പിക്കണം. കുടുംബത്തിന്റെ ഇപ്പോഴത്തെ അവകാശിയാണ് കണ്ണൻ. തലമുറകളായി തു‌ടരുന്ന മതസൗഹാർദ്ദത്തിന്റെ നേർക്കാഴ്ച.

1890ൽ ഈ കുടുംബത്തിലെ ളാകത്താശാനെന്ന വേലായുധൻ നായർ കവലയ്ക്കടുത്തുള്ള സ്ഥലം സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിക്ക് നൽകിരുന്നു. അവിടെയാണ് വലിയപള്ളി സ്ഥാപിച്ചത്. കൊടിയേറ്റിനുള്ള കവുങ്ങും ആദ്യ സംഭാവനയും ളാകത്ത് കുടുംബത്തിന്റേതായിരുന്നു. ആദ്യ പെരുന്നാളിനുശേഷം ളാകത്താശാന് ആദരസൂചകമായി പള്ളിക്കാർ കിഴിപ്പണം നൽകി. കിഴിപ്പണം എല്ലാവർക്കുമായി ഇവിടെയിരിക്കട്ടേയെന്നുപറഞ്ഞ് ആശാൻ തിരികെ നൽകി. പെരുന്നാളിനുശേഷം സമ്മാനവുമായി പള്ളിഭാരവാഹികൾ ആശാന്റെ വീട്ടിലെത്തി. അവരെ സ്വീകരിച്ചു. അങ്ങനെ മീനടംപള്ളിയുടെ മണിമുഴക്കം ളാകത്ത് കുടുംബത്തിന്റെ ഹൃദയനാദമായി.

ആശാന്റെ മരണത്തോടെ ആചാരം മുടങ്ങി. കുടുംബത്തിലുണ്ടായ മനഃസമാധാനക്കേടിന് കാരണം ആചാരമുടക്കമാണെന്ന് പ്രശ്നവിധി കണ്ടു. ഇതോടെ ആചാരം വീണ്ടും തുടങ്ങി. ആശാന്റെ മൂത്തമകൻ കൃഷ്ണൻ നായരുടെ രണ്ടാമത്തെ പുത്രനായ നാരായണൻ നായരുടെ മകനാണ് ഫോട്ടോഗ്രാഫർ കൂടിയായ ജയകൃഷ്ണൻ നായർ.

കൊടിയേറ്റിന് തലേന്ന് പള്ളിയിലേക്ക്
1. മകരം എട്ടിനാണ് പെരുന്നാൾ. അതിനും എട്ട് ദിവസം മുൻപുള്ള ഞായറാഴ്ച കൊടിയേറും. തലേന്ന് അരിയാഹാരം ഉപേക്ഷിച്ച് വ്രതമെടുക്കുന്ന ജയകൃഷ്ണൻ നായർ കൊടിയേറ്റിന് പള്ളിയിലെത്തും. തളികയിൽ 21 ഇഞ്ച് നീളവും18 ഇഞ്ച് വീതിയും ഉള്ള തിരശീല വിരിച്ച് പ്രാർത്ഥനയോടെ മൂന്നുപിടി നാണയങ്ങൾ സമർപ്പിച്ച് കിഴിയാക്കും. ഇത് രണ്ടു കസവുനൂൽ കൊണ്ട് രണ്ടു കെട്ട് കെട്ടി മുഖ്യപുരോഹിതന് സമർപ്പിച്ച് അനുഗ്രഹം വാങ്ങും. പള്ളിയിലെ സത്കാരം സ്വീകരിച്ച് മടങ്ങും.

2. പെരുന്നാൾ കുർബാന കഴിഞ്ഞ് പള്ളി പ്രതിനിധികൾ സമ്മാനവുമായി ളാകത്ത് ഭവനത്തിൽ എത്തും. കോൽവിളക്ക് തെളിച്ച് സ്വീകരിക്കും. വിഭവങ്ങൾ ട്രസ്റ്റിയും സെക്രട്ടറിയും ചേർന്ന് കൈമാറും. ഇളനീരും മധുരവുമായി കുടുംബം ആതിഥ്യമരുളും. 21വെറ്റിലയും 18 പാക്കും മൂന്ന് പുകയിലയും നൽകിയാണ് മടക്കി അയയ്ക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA