
കൊച്ചി: സിവിൽ കോടതി തീർപ്പാക്കിയ മുനമ്പം വഖഫ് വിഷയത്തിൽ ജുഡിഷ്യൽ കമ്മിഷനെ നിയമിച്ചത് എന്ത് അധികാരത്തിലെന്ന് സർക്കാരിനോട് ഹൈക്കോടതി. വഖഫ് കേന്ദ്രപരിധിയിൽ വരുന്നതായതിനാൽ സംസ്ഥാനത്തിന് കമ്മിഷനെ നിയമിക്കാനാവുമോയെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ആരാഞ്ഞു. കമ്മിഷന്റെ അധികാരപരിധി കോടതിയെ അറിയിക്കണം.
കമ്മിഷനെ നിയമിച്ചതിനെതിരെ കേരള വഖഫ് സംരക്ഷണവേദി ഫയൽചെയ്ത ഹർജിയാണ് പരിഗണിച്ചത്. പരിശോധനയ്ക്ക് കമ്മിഷനെ വയ്ക്കാൻ സംസ്ഥാനത്തിന് അധികാരമില്ലെന്നാണ് ഹർജിക്കാരുടെ വാദം. 104 ഏക്കർ വഖഫ് ഭൂമിയാണെന്ന് സിവിൽ കോടതി കണ്ടെത്തി, ഹൈക്കോടതി ശരിവച്ചതാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. വഖഫ് എൻക്വയറി കമ്മിഷനും ഇതു വ്യക്തമാക്കിയിട്ടുണ്ടെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ പി. ചന്ദ്രശേഖർ അറിയിച്ചു.
ജുഡിഷ്യൽ കമ്മിഷനെ നിയമിക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും സ്ഥലത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് കമ്മിഷൻ പരിശോധന നടത്തുന്നില്ലെന്നും സീനിയർ ഗവ. പ്ലീഡർ എസ്. കണ്ണൻ വിശദീകരിച്ചു. തർക്കഭൂമിയെക്കുറിച്ചു മാത്രമാണ് പരിശോധനയെന്നും പറഞ്ഞു. തുടർന്നാണ് അന്വേഷണപരിധി അറിയിക്കാൻ നിർദ്ദേശിച്ചത്. ഹർജി 29 ന് വീണ്ടും പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |