
തൊടുപുഴ: കേന്ദ്രമന്ത്രി ജോർജ് കുര്യനും ബി.ജെ.പിയും കേന്ദ്രസർക്കാർ സംവിധാനങ്ങളുമെല്ലാം കേരളത്തിനെതിരാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. കേരളവിരുദ്ധമായ നിലപാടാണ് അവർ സ്വീകരിച്ചുവരുന്നത്.
ത്രിപുരയിൽ ഇടതുപക്ഷം തോറ്റപ്പോൾ നരേന്ദ്രമോഡിയടക്കമുള്ളവർ പറഞ്ഞു, ഇനി തങ്ങളുടെ ലക്ഷ്യം കേരളമാണ്. അവർ ആഗ്രഹിച്ച പോലെ ഇടതുപക്ഷ പ്രസ്ഥാനത്തെ തകർക്കാനാവാത്തത് കൊണ്ട് കേരളം പിടിച്ചെടുക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. അതിന്റെ ഭാഗമായാണ് ഇവിടെ ദാരിദ്ര്യം വേണമെന്ന് ജോർജ് കുര്യൻ പറയുന്നത്. പട്ടിണിയിലേക്ക് കേരളത്തെ നയിക്കാനാകുന്നില്ലെങ്കിൽ നിങ്ങൾ ഒരു ആനുകൂല്യവും തരില്ലെന്നാണ്. അങ്ങനെ ഒരു ആനുകൂല്യവും കേരളത്തിന് വേണ്ട കേരള ജനത ഒറ്റക്കെട്ടായി ഇതിനെതിരെ രംഗത്തുവരണം.
എ.ഐ നിലപാടിൽ
മാറ്റമില്ല
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സോഷ്യലിസത്തിലേക്ക് നയിക്കുമെന്ന മുൻ നിലപാടിൽ നിന്ന് പിന്മാറിയോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ഒരു നിലപാടും മാറിയിട്ടില്ലെന്നായിരുന്നു മറുപടി. കേരളത്തിൽ 87 ശതമാനം സമ്പത്ത് 10 ശതമാനത്തിന്റെ കൈയിലാണ്. 50 ശതമാനം ജനങ്ങൾക്ക് മൂന്ന് ശതമാനം സമ്പത്തുമാണുള്ളത്. ഉത്പാദന വിതരണ ഘടനയിലാണ് മുതലാളിത്തത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കഴിവ്. എ.ഐ സംവിധാനം കർഷകന്റെയോ ഇടത്തരക്കാരന്റെയോ കൈയിലല്ല, മുഴുവൻ കുത്തകമുതലാളിമാരുടെ കൈയിലായിരിക്കും. ഇതിന്റെ ഭാഗമായി 60 ശതമാനത്തിലധികം തൊഴിലില്ലായ്മയുണ്ടാകും. വാങ്ങൽശേഷി പൂർണമായും ഇല്ലാതാവും..
ശോഭസുരേന്ദ്രന്
മറുപടി
സനാതന മൂല്യത്തെ എതിർക്കുന്നവർക്കെല്ലാം അസുഖം വന്നു മരണമുണ്ടാകുമെന്നാണ് ശോഭാ സുരേന്ദ്രൻ പറയുന്നത്. സനാതന ധർമ്മത്തെ മുൻനിറുത്തി ആർ.എസ്.എസിനെ എതിർക്കുന്നവർക്കെല്ലാം ജീവിതത്തിൽ ഇതുപോലുള്ള തിക്താനുഭവങ്ങളായിരിക്കും ഉണ്ടാവുക എന്നതാണ് പറയാതെ പറയുന്നത്. പിണറായി വിജയനും ഇനി ഇതുപോലുള്ള ഒരു അനുഭവമായിരിക്കും വരുന്നതെന്നാണ് ശോഭാ സുരേന്ദ്രൻ പറയുന്നത്. ഒരിക്കലും ആർ.എസ്.എസിന് കീഴ്‌പ്പെട്ട ജീവിതമല്ല പിണറായിയുടെയും കോടിയേരി ബാലകൃഷ്ണന്റേതും. മരിക്കുന്നതു വരെ ആർ.എസ്.എസിന് കീഴ്‌പ്പെടാതെയാണ് കോടിയേരി ബാലകൃഷ്ണൻ ജീവിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |