
□സർക്കാരിന് തിരിച്ചടി
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലാ വി.സിയായിരുന്ന പ്രൊഫ. സിസാ തോമസുമായുള്ള കേസിൽ സർക്കാരിന് വീണ്ടും തിരിച്ചടി. സിസാതോമസിന് താത്കാലിക പെൻഷനും കുടിശികയും രണ്ടാഴ്ചയ്ക്കകം നൽകാൻ സംസ്ഥാന അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടു. എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പലും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ജോയിന്റ് ഡയറക്ടറുമായിരുന്നു സിസ. ഇപ്പോൾ ഡിജിറ്റൽ സർവകലാശാലാ വി.സിയാണ്. സിസയ്ക്കെതിരേ നടപടിയെടുക്കാൻ നേരത്തേ സുപ്രീംകോടതി വരെ പോയെങ്കിലും സർക്കാർ പരാജയപ്പെട്ടിരുന്നു.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ജോയിന്റ് ഡയറക്ടറായിരിക്കെ സിസയെ സാങ്കേതിക സർവകലാശാലയുടെ വി.സിയായി ഗവർണർ നിയമിച്ചിരുന്നു. ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഇഷിതാറോയിയെ താത്കാലിക വി.സിയാക്കാനുള്ള സർക്കാർ ശുപാർശ തള്ളിയായിരുന്നു സിസയെ നിയമിച്ചത്. ഗവർണറെ അനുസരിച്ചതിനുള്ള ശിക്ഷയായി 2023മാർച്ചിൽ വിരമിച്ച് 23 മാസമായിട്ടും പെൻഷനും വിരമിക്കൽ ആനുകൂല്യങ്ങളും സർക്കാർ തടഞ്ഞുവച്ചിരിക്കുകയാണ്. സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും ആനുകൂല്യങ്ങൾ നൽകിയില്ല. 2023 ഓഗസ്റ്റിൽ താത്കാലിക പെൻഷൻ പാസാക്കി ഉത്തരവ് ഇറക്കിയെങ്കിലും തുക നൽകിയില്ല. ഈ സാഹചര്യത്തിലാണ് സിസാ തോമസ് ട്രൈബ്യൂണലിനെ സമീപിച്ചത്.
സർക്കാർ മറുപടി
നൽകണം
സ്ഥിരം പെൻഷനും മറ്റ് സർവീസ് ആനുകൂല്യങ്ങളും ഇത്രയും നാൾ എന്തു കൊണ്ട് നൽകിയില്ലെന്നറിയിച്ച് സത്യവാങ്മൂലം നൽകാൻ സർക്കാരിനോടും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറോടും ട്രൈബ്യൂണൽ നിർദ്ദേശിച്ചു. തനിക്കെതിരായുള്ള എല്ലാ നടപടികൾക്കും പിന്നിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അഡിഷണൽ സെക്രട്ടറി സി. അജയനാണെന്ന് സിസ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അദ്ദേഹത്തെ വ്യക്തിപരമായി കേസിൽ എതിർകക്ഷിയാക്കിയാണ് ഹർജി ഫയൽ ചെയ്തത്. സി അജയന് നോട്ടീസ് അയയ്ക്കാനും ട്രൈബ്യൂണൽ ഉത്തരവിട്ടു.
2022 നവംബറിലാണ് ഗവർണറുടെ ഉത്തരവ് പ്രകാരം സിസാ തോമസ് സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ ചുമതലയേറ്റെടുത്തത്. ഗവർണറും സർക്കാരും തമ്മിലുള്ള പോരിൽ, സിസയെ ബലിയാടാക്കരുതെന്ന് ട്രൈബൂണൽ നേരത്തേ ഉത്തരവിട്ടിരുന്നു. സർക്കാരിന്റെ അനുമതിയില്ലാതെ വി.സിയുടെ ചുമതലയേറ്റത് ചട്ടലംഘനമാക്കി ഷോകോസും വിരമിക്കുന്ന ദിവസം കുറ്റാരോപണപത്രികയും നൽകി. വകുപ്പിലെ ചുമതലകളിൽ വീഴ്ച വരുത്തിയെന്നായിരുന്നു ആരോപണം. ഇതിലെ നടപടികൾ ഹൈക്കോടതി റദ്ദാക്കി. സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സർക്കാരിന്റെ ഹർജി ഫയലിൽ സ്വീകരിക്കാതെ തള്ളി. സിസയ്ക്കു വേണ്ടി മുതിർന്ന അഭിഭാഷകൻ ജോർജ്ജ് പൂന്തോട്ടം ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |