
തൃശൂർ: സംസ്ഥാന തലത്തിലേക്ക് നീങ്ങി തൃശൂർ കോൺഗ്രസിലെ ഗ്രൂപ്പ് പോര്. കെ.മുരളീധരന്റെ തൃശൂരിലെ തോൽവിയുമായി ബന്ധപ്പെട്ട് ഉടലെടുത്ത കോലാഹലങ്ങൾ പരിഹാരിക്കാനുള്ള തയ്യാറെടുപ്പ് നടക്കുന്നതിനിടയിലാണിത്. മുരളീധരന്റെ തോൽവിക്ക് കാരണക്കാരെ കണ്ടെത്താനുള്ള അന്വേഷണ കമ്മിഷൻ റിപ്പോർട്ട് പുറത്തായതിൽ ദുരൂഹതയുണ്ടെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ റിപ്പോർട്ട് യാഥാർത്ഥ്യമാണെന്നാണ് മുരളീധരൻ വിഭാഗം പറയുന്നത്. ഡി.സി.സി പ്രസിഡന്റായിരുന്ന ജോസ് വള്ളൂർ, ആരോപണ വിധേയനായ ടി.എൻ.പ്രതാപൻ, മുൻ എം.എൽ.എ അനിൽ അക്കര, യു.ഡി.എഫ് ചെയർമാൻ സ്ഥാനം നഷ്ടപ്പെട്ട എം.പി. വിൻസന്റ് തുടങ്ങിയവരെ തരംതാഴ്ത്തുന്ന രീതിയിലാണ് തൃശൂരിൽ പുതിയ നേതൃത്വത്തെ നിയമിച്ചതെന്നാണ് പരാതി. ഡി.സി.സി പ്രസിഡന്റായി ജോസഫ് ടാജറ്റിനെയും യു.ഡി.എഫ് ചെയർമാനായി മുൻ എം.എൽ.എ ടി.വി.ചന്ദ്രമോഹനെയും നിയമിച്ചു. ജോസഫ് ടാജറ്റ് മുമ്പ് എ ഗ്രൂപ്പിലായിരുന്നെങ്കിലും പിന്നീട് ഗ്രൂപ്പ് വിട്ട് കെ.സി.വേണുഗോപാലിനൊപ്പം ചേരുകയായിരുന്നു. ടി.വി.ചന്ദ്രമോഹൻ ഐ ഗ്രൂപ്പിലാണ്. കെ.മുരളീധരനൊപ്പം നിന്നിരുന്ന ജോസ് വള്ളൂരും സംഘവും ഇപ്പോൾ മുരളിക്കൊപ്പമില്ല. മുരളിയുടെ കുഴപ്പം കൊണ്ടുതന്നെയാണ് തോൽവിയുണ്ടായതെന്നാണ് ജോസ് വള്ളൂർ പറയുന്നത്. ടി.എൻ.പ്രതാപനും അനിൽ അക്കരയും എ ഗ്രൂപ്പിലാണെങ്കിലും മുരളീധരന്റെ നിലപാടിനോട് വിയോജിപ്പാണ്.
അന്വേഷണ കമ്മിഷൻ റിപ്പോർട്ട് പുറത്തുവന്നത് വ്യാജമാണെന്നാണ് എ ഗ്രൂപ്പ് നേതാവും കമ്മിഷൻ അംഗവുമായിരുന്ന കെ.സി.ജോസഫ് പറഞ്ഞത്. ജോസ് വള്ളൂരും ടി.എൻ. പ്രതാപനും അനിൽ അക്കരയുമടക്കമുള്ളവർ കുറ്റക്കാരാണെന്ന റിപ്പോർട്ടാണ് പ്രചരിച്ചത്. ഇത്തരത്തിൽ ഒരു റിപ്പോർട്ട് നൽകിയിട്ടില്ലെന്നും ആരോ വ്യാജമായി പ്രചരിപ്പിച്ചതാണെന്നും കെ.സി. ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |