
കോഴിക്കോട്: എൽ.ഡി.എഫ് സർക്കാർ രാജ്യത്ത് ഉയർത്തുന്ന ബദലിന് ഊർജമായത് കിഫ്ബിയാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. അതുകൊണ്ടാണ് കിഫ്ബിയെ കഴുത്തുഞെരിച്ചു കൊല്ലാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. എൻ.എച്ച് 66, മലയോര ഹൈവേ, പൊതുവിദ്യാലയ നവീകരണം എന്നിവക്കൊക്കെ സഹായമായത് കിഫ്ബി ഫണ്ടാണെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന്റെ സമാപനമായി നടന്ന യാത്രഅയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു കാലത്ത് മരണപ്പെട്ടതായിരുന്നു ദേശീയപാത 66. എൽ.ഡി.എഫ് സർക്കാർ വന്നതിനു ശേഷം ജീവൻ വച്ചതു മാത്രമല്ല, യാഥാർത്ഥ്യമാകാൻ പോകുന്നു. 2025 ഡിസംബറിൽ പൂർത്തിയാക്കും. ഇവിടെ സഹായമായത് കിഫ്ബി ഫണ്ട്. സംസ്ഥാനത്തെ വ്യവസായ മേഖലയുടെ വസ്തുത തുറന്നു പറഞ്ഞ യു.ഡി.എഫ് എം.പിക്കു പോലും രക്ഷയില്ലാത്ത അവസ്ഥയാണ്. ഇദ്ദേഹം സാമൂഹ്യമാദ്ധ്യമങ്ങളിൽ നേരിടുന്ന അക്രമം വലുതാണ്. വികസനത്തെ അംഗീകരിക്കാൻ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന പ്രതിപക്ഷ നേതാക്കൾക്ക് കഴിയുന്നില്ലെന്നും റിയാസ് പറഞ്ഞു.
വിരമിച്ച സംസ്ഥാന ഭാരവാഹികളായ 14 അദ്ധ്യാപകർക്ക് യാത്രഅയപ്പ് നൽകി. സംസ്ഥാന പ്രസിഡന്റ് ഡി.സുധീഷ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ടി.കെ.എ ഷാഫി സ്വാഗതവും സ്വാഗതസംഘം കൺവീനർ ആർ. എം. രാജൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |