
കൊച്ചി: പകുതിവില തട്ടിപ്പിൽ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസുകളുടെ വിശദവിവരങ്ങൾ ശേഖരിക്കുന്നതിന് പുറമേ,പരാതിക്കാരുടെ മൊഴി എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി ) രേഖപ്പെടുത്തി തുടങ്ങി.
എട്ടുകോടി രൂപ നഷ്‌ടമായ മൂവാറ്റുപുഴയിലെ സോഷ്യോ ഇക്കണോമിക്കൽ ആൻഡ് എൻവയൺമെന്റൽ സൊസൈറ്റി (സീഡ് ) സെക്രട്ടറി റെജി വർഗീസ്, ട്രഷറർ പ്രമീള ഗിരീഷ്‌കുമാർ എന്നിവരിൽ നിന്നാണ് ആദ്യമായി മൊഴിയെടുത്തത്. സ്‌കൂട്ടറിന് പുറമെ തയ്യൽ മെഷിൻ, ലാപ്പ് ടോപ്പ് എന്നിവയും പകുതി വിലയ്‌ക്ക് നൽകാമെന്ന് വാഗ്ദാനം നൽകിയാണ് മുഖ്യപ്രതി അനന്തുകൃഷ്‌ണൻ പണം തട്ടിയെടുത്തത്. തുക കൈമാറിയതിന്റെ ബാങ്ക് രേഖകൾ സീഡ് ഭാരവാഹികൾ ഇ.ഡിക്ക് കൈമാറി.
ആയിരത്തിലേറെ പരാതികളുടെ വിവരങ്ങൾ പൊലീസിൽ നിന്ന് ഇ.ഡി ശേഖരിക്കും. വൻതോതിൽ പണം നൽകിയ സീഡ് പോലുള്ള സന്നദ്ധ സംഘടനകളുടെ ഭാരവാഹികളെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിപ്പിച്ച് മൊഴിയെടുക്കും. സംഘടനകളുടെ സാമ്പത്തികസ്ഥിതിയും, പകുതിവിലയുടെ മറവിൽ കള്ളപ്പണം കൈമാറിയിട്ടുണ്ടോയെന്നും പരിശോധിക്കും. പണമായി കൈമാറിയതിന്റെ വിവരങ്ങൾ ശേഖരിക്കും.
തട്ടിപ്പിന്റെ മറവിൽ കള്ളപ്പണയിടപാട് നടന്നിട്ടുണ്ടോ, അനന്തുവിന് ലഭിച്ച തുക ആർക്കൊക്കെ കൈമാറി, ഇടനിലക്കാരുടെ പങ്ക്, അവർക്ക് കമ്മിഷൻ ലഭിച്ചിട്ടുണ്ടോ തുടങ്ങിയവയും അന്വേഷിക്കും. ഇടപാടുകൾക്ക് മുഖ്യപ്രതി അനന്തുകൃഷ്‌ണനും സംഘടനകളും ഉപയോഗിച്ച അക്കൗണ്ടുകളുടെ വിശദാംശങ്ങൾ ബാങ്കുകളോട് ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. വലിയതോതിൽ പണമുള്ള അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള നടപടികളും സ്വീകരിക്കുമെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു.
അനന്തുകൃഷ്ണനെ
കസ്റ്റഡിയിൽ വാങ്ങാൻ
ക്രൈംബ്രാഞ്ച്
പകുതിവില തട്ടിപ്പുകേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങാൻ ക്രൈംബ്രാഞ്ച് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. ലോക്കൽ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങളും സാമ്പത്തിക ഇടപാടിന്റെ രേഖകളും ചോദ്യം ചെയ്യലിൽ നിർണായകമാകും. അനന്തുകൃഷ്ണനെ കസ്റ്റഡിയിൽ ലഭിച്ച ശേഷമാകും കെ.എൻ. ആനന്ദകുമാർ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യുക.
ഏറെപ്പേർ ഇരയായ തട്ടിപ്പിനു പിന്നിൽ കൂടുതൽ സംഘടനകളും വ്യക്തികളുമുണ്ടാകാമെന്ന് ക്രൈംബ്രാഞ്ച് കരുതുന്നു. അനന്തുവിന്റെ ഉടമസ്ഥതയിലുള്ള മുഴുവൻ സ്ഥാപനങ്ങളുടെയും വിവരശേഖരണം പുരോഗമിക്കുകയാണ്. വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്‌ത പരാതികൾ ക്രൈംബ്രാഞ്ചിന് കൈമാറും. മുഴുവൻ പരാതിക്കാരുടെയും മൊഴിയെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |