SignIn
Kerala Kaumudi Online
Friday, 23 October 2026 6.38 PM IST

സെക്രട്ടേറിയറ്റിന് മുന്നിലെ ഫ്ലക്സ് സർക്കാരിന്റെ സത്യവാങ്മൂലം വീണ്ടും തള്ളി ഹൈക്കോടതി

READ ENGLISH VERSION

highcourt

കുറ്റക്കാരെ വെള്ളപൂശുന്നെന്ന് വിമർശനം

കൊച്ചി: തിരുവനന്തപുരം നഗരത്തിലെ നടപ്പാതയിൽ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ കൂറ്റൻ ഫ്ലക്സ് ബോർഡ് വച്ച സംഭവത്തിൽ അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ സമർപ്പിച്ച രണ്ടാമത്തെ സത്യവാങ്മൂലവും ഹൈക്കോടതി തള്ളി. സംഘടനാ നേതാക്കളായ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ പ്രഥമദൃഷ്ട്യാ വസ്തുതയില്ലെന്നും ഫ്ലക്സ് വച്ചത് പ്രചാരണ ഏജൻസിയാണെന്നും വിശദീകരിക്കുന്ന സത്യവാങ്മൂലമാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തള്ളിയത്. കുറ്റക്കാരെ വെള്ളപൂശാനും കുറ്റകൃത്യത്തിനു നേരെ കണ്ണടയ്‌ക്കാനുമാണ് ശ്രമമെന്ന് വിമർശിച്ച കോടതി, പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ ഒരവസരം കൂടി നൽകി.

അച്ചടക്ക നടപടിയെപ്പറ്റി മൗനം പാലിച്ചതിനാണ് ആദ്യ സത്യവാങ്മൂലം നിരാകരിച്ചത്. രണ്ടാമത്തെ സത്യവാങ്മൂലം തയ്യാറാക്കിയത് പൊലീസ് റിപ്പോർട്ടു പോലും വായിക്കാതെ ലാഘവത്തോടെയാണെന്ന് കോടതി പറഞ്ഞു. ബോർഡ് വയ്ക്കാൻ പറഞ്ഞത് എംപ്ലോയീസ് അസോസിയേഷന്റെ പ്രസിഡന്റും പണം കൈമാറിയത് സെക്രട്ടറിയുമാണെന്ന് പൊലീസ് റിപ്പോർട്ടിലുണ്ട്. ഇരുവ‌ർക്കുമെതിരെ കേസുമുണ്ട്. എന്നാൽ, സംഘടനാ നേതാക്കൾക്ക് നേരിട്ടു പങ്കില്ലെന്നാണ് പറയുന്നത്. കുറ്റക്കാരെ ഒരിടത്ത് സംരക്ഷിച്ചാൽ അത് മുതലെടുത്ത് മറ്റിടങ്ങളിൽ നിയമലംഘനങ്ങൾ തലപൊക്കും. ഒരാളെ സംരക്ഷിക്കാനായി നാടിനെ കുരുതികൊടുക്കുന്ന രീതിയാണ്. അഡിഷണൽ ചീഫ് സെക്രട്ടറിയുടെ കൂറ് തിരുവനന്തപുരം നഗരത്തോടാണോ അതോ മറ്റാരോടെങ്കിലുമാണോയെന്നും കോടതി ചോദിച്ചു. വിഷയം അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.

നിയമത്തെ വെല്ലുവിളിച്ച്

ഹീറോയിസം കാട്ടുന്നു

നിയമത്തോട് ബഹുമാനമുള്ളിടത്താണ് തിളക്കമാർന്ന ജനാധിപത്യമുണ്ടാവുകയെന്ന് ഹൈക്കോടതി പറഞ്ഞു. എന്നാൽ നിയമത്തെയും ജുഡിഷ്യറിയെയും വെല്ലുവിളിക്കുന്നതാണ് ഇപ്പോൾ രാഷ്ട്രീയക്കാരുടെ ഹീറോയിസം. വ്യവസായ നിക്ഷേപങ്ങളെക്കുറിച്ച് ഏറെ ചർച്ചകളുണ്ട്. പരിഷ്കൃത സമൂഹത്തിലേക്കേ നിക്ഷേപങ്ങൾ വരൂ. കേരളത്തെ മുൻനിരയിലെത്തിക്കാൻ കോടതി എല്ലാ ശ്രമവും നടത്തുമെന്നും വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA