
കോട്ടയം: ആർക്കും കളരി പഠിക്കാം. പണം ചോദിക്കില്ല. വിജയദശമിക്ക് ദക്ഷിണവച്ചാൽ എത്രനാൾ വേണമെങ്കിലും പഠനം തുടരാം. കളരി ചികിത്സാമേഖലയിൽ പ്രശസ്തമായ കറുകച്ചാൽ ചമ്പക്കര സി.വി.എൻ കളരിയിൽ ആറു പതിറ്റാണ്ടിലേറെയായുള്ള പതിവ്. ഇപ്പോഴത്തെ കളരിയാശാൻ കൂടിയായ ചീഫ് ഫിസിഷ്യൻ ജി.ശ്രീധരക്കുറുപ്പ് ഗുരുക്കൾ അഭ്യാസവും ചികിത്സയും പഠിച്ചത് പിതാവ് ഗോപിനാഥക്കുറുപ്പ് ഗുരുക്കളിൽ നിന്ന്.
മദ്ധ്യകേരളത്തിൽ നിന്ന് കളരി 'ഒഴിഞ്ഞുമാറിയിരുന്ന' കാലത്താണ് കറുകച്ചാലിൽ കളരിസംഘമെത്തുന്നത്. ചെറുപ്പക്കാർ ചേർന്ന് പ്രമുഖ കളരിയാശാൻ സി.വി.നാരായണ ഗുരുക്കൾക്ക് കത്തെഴുതി. ശിഷ്യരും മകനും ഉൾപ്പെടെയുള്ളവർ വന്ന് കറുകച്ചാൽ ചിറയ്ക്കലിൽ കളരി സ്ഥാപിച്ചു. അഞ്ചുവർഷം കൊണ്ട് അടവുകളും ചികിത്സയും മനസിലുറച്ചതോടെ മുഖ്യശിഷ്യൻ ഗോപിനാഥക്കുറുപ്പിനോട് കളരി തുടങ്ങണമെന്നായി ആശാൻ. 1956ൽ പിറന്ന ചമ്പക്കര സി.വി.എൻ കളരി പിന്നീടിങ്ങോട്ട് ആയിരങ്ങൾക്ക് അഭ്യാസമുറകളും രോഗ സൗഖ്യവുമേകുന്നു.
പരിശീലനകാലത്തുണ്ടാകുന്ന പേശീക്ഷതങ്ങൾക്കും സ്ഥാനഭ്രംശങ്ങൾക്കും പരിഹാരമായി ആരംഭിച്ചതാണ് കളരി ചികിത്സ. പിന്നീടത് വിപുലമാക്കി. തലമുറകളായി പകർന്ന ചികിത്സാ പുണ്യത്തിലൂടെ നാഡീരോഗങ്ങൾ, വാതം, നടുവേദന, കൈകാൽ മരവിപ്പ്, ജനനവൈകല്യങ്ങൾ എന്നിവയിലെല്ലാം മുക്തിനേടിയവരിൽ വിദേശികളടക്കമുണ്ട്.
വടക്കൻ സമ്പ്രദായം
വടക്കൻ സമ്പ്രദായത്തിലാണ് പരിശീലനം. അടവും ചുവടും ഉഴിച്ചിലും വാളും പരിചയുമടക്കം പഠിച്ചെടുക്കാൻ വർഷങ്ങൾ വേണ്ടിവരും. ജാതിമത വേർതിരിവുകളൊന്നുമില്ല. രാജേഷും, അശ്വന്തും,ദേവനാരായണനും, ജൂലിസും, ജസ്റ്റിനും, അക്ഷിതയും, നന്ദനയുമെല്ലാം കച്ചമുറുക്കി കളത്തിലുണ്ട്. ശാരീരിക അസ്വസ്ഥതകൾമൂലം ശ്രീധരക്കുറുപ്പിന്റെ ശിഷ്യന്മാരാണ് പരിശീലകർ. മക്കളായ ഡോ.ലക്ഷ്മി എസ്.കുറുപ്പും, ഡോ.ശ്രീനാഥ് എസ്.കുറുപ്പുമാണ് മെഡിക്കൽ ഓഫീസർമാർ.
''പണ്ട് ദക്ഷിണ സമ്പ്രദായമായിരുന്നു. സൗജന്യമായതിനാൽ പുതുതലമുറയ്ക്ക് ഇതിന്റെയൊന്നും വില മനസിലാകുന്നില്ലെന്ന് തോന്നാറുണ്ട്. സുഖചികിത്സയും മറ്റും ഇവിടെയില്ല
-ശ്രീധരക്കുറുപ്പ് ഗുരുക്കൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |