
# മരണകാരണം മയക്കുമരുന്ന്
കോഴിക്കോട്: പൊലീസിനെ കണ്ട് മാരക മയക്കുമരുന്നായ എം.ഡി.എം.എ അടങ്ങുന്ന പ്ലാസ്റ്റിക് പൊതികൾ
വിഴുങ്ങിയതിനെ തുടർന്ന് മരിച്ച താമരശ്ശേരി അമ്പായത്തോട് ഇയ്യാടൻ ഷാനിദിന്റെ വയറ്റിൽ കഞ്ചാവ് പൊതിയും കണ്ടെത്തി. ഇന്നലെ രാവിലെ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് എം.ഡി.എം.എയ്ക്കു പുറമെ ഒൻപത് ഗ്രാമിന്റെ കഞ്ചാവ് പൊതിയും കണ്ടത്.
രണ്ട് കവറുകളാണ് കണ്ടെത്തിയത്. പൊതി പൊട്ടി എം.ഡി.എം.എ ആന്തരികാവയങ്ങളിലേക്ക് പടർന്നതാണ് മരണകാരണമെന്നാണ് നിഗമനം. കഞ്ചാവ് പൊതി പൊട്ടിയിട്ടില്ല. രാസപരിശോധനാ ഫലം ലഭിച്ചാലേ സ്ഥിരീകരിക്കാനാകൂയെന്ന് അന്വേഷണ ചുമതലയുള്ള പേരാമ്പ്ര ഡിവെെ.എസ്.പി ലതീഷ് പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ താമരശ്ശേരി ചുരത്തിൽ ചിപ്പിലിത്തോട്ട് വാഹനപരിശോധന കഴിഞ്ഞ് അമ്പായത്തോട് മേലെ പള്ളിക്കടുത്തെത്തിയതായിരുന്നു പൊലീസ്. പള്ളിക്ക് തൊട്ടടുത്തുള്ള വീടിന്റെ മുന്നിൽ റോഡിൽ നിൽക്കുകയായിരുന്ന ഷാനിദ് പൊലീസിനെ കണ്ടതോടെ കെെയിലുണ്ടായിരുന്ന പായ്ക്കറ്റ് വായിലേക്കിട്ട് ഓടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു. താലൂക്കാശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലുമെത്തിച്ചെങ്കിലും ശനിയാഴ്ച മരിച്ചു. മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം മൈക്കാവ് കരിമ്പാലക്കുന്ന് ജുമ മസ്ജിദ് ഖബർസ്ഥാനിൽ നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |