
ചടങ്ങിന് ബെയ്റൂട്ടിൽ പാത്രിയാർക്കീസ് ബാവ മുഖ്യകാർമ്മികത്വം വഹിക്കും
കോലഞ്ചേരി: യാക്കോബായ സഭയുടെ പുതിയ കാതോലിക്കയായി മലങ്കര മെത്രാപ്പൊലീത്തയും എപ്പിസ്കോപ്പൽ സുന്നഹദോസ് പ്രസിഡന്റുമായ ജോസഫ് മാർ ഗ്രിഗോറിയോസിനെ 25ന് വാഴിക്കും. ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലെ സെന്റ് മേരീസ് സിറിയൻ കത്തീഡ്രലിൽ ഇന്ത്യൻ സമയം വൈകിട്ട് 7.30നാണ് ചടങ്ങ്. സഭയുടെ പരമാദ്ധ്യക്ഷൻ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ മുഖ്യകാർമ്മികത്വം വഹിക്കും.
പ്രാദേശിക ഭരണത്തിനായി ക്രമീകരിച്ച കാതോലിക്കേറ്റിലെ 81-ാമത് ബാവയാകും ജോസഫ് ഗ്രിഗോറിയോസ്. കർദ്ദിനാൾ ബസേലിയോസ് ക്ളിമീസ് കാതോലിക്ക ബാവ,ജോസഫ് ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത,ലെബനൻ പ്രസിഡന്റ് ജോസഫ് ഔൺ തുടങ്ങിയവർ വിശിഷ്ടാതിഥികളാകും. കേന്ദ്രസർക്കാർ പ്രതിനിധികളായി മുൻമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘവും സംസ്ഥാന സർക്കാർ പ്രതിനിധികളായി മന്ത്രി പി. രാജീവ് നയിക്കുന്ന ഏഴംഗ സംഘവും പങ്കെടുക്കും.
സ്ഥാനാരോഹണ ശുശ്രൂഷ
പുത്തൻകുരിശിൽ
30ന് തിരിച്ചെത്തുന്ന നവാഭിഷിക്ത കാതോലിക്ക ബാവയെ ഉച്ചയ്ക്ക് 2.15ന് നെടുമ്പാശേരി വിമാനത്താവളത്തിൽ സഭയിലെ മെത്രാപ്പൊലീത്തമാരും ഭാരവാഹികളും സ്വീകരിക്കും. പുത്തൻകുരിശ് പാത്രിയാർക്കാ സെന്ററിൽ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ കബറിൽ പ്രാർത്ഥനയ്ക്ക് ശേഷം നടക്കുന്ന സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് പാത്രിയാർക്കീസ് ബാവയുടെ പ്രതിനിധികളായെത്തുന്ന ബെയ്റൂട്ട് ആർച്ച് ബിഷപ്പ് ഡാനിയേൽ ക്ളീമീസ്,ഹോംസ് ആർച്ച് ബിഷപ്പ് തിമോത്തിയോസ് റാത്ത അൽഖുറി എന്നിവർ നേതൃത്വം നൽകും. തുടർന്ന് നടക്കുന്ന അനുമോദന സമ്മേളനം ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഉദ്ഘാടനം ചെയ്യും.
ജോസഫ് മാർ ഗ്രിഗോറിയോസ്
മുളന്തുരുത്തി സ്രാമ്പിക്കൽ പള്ളിത്തട്ട ഗീവർഗീസ് സാറാമ്മ ദമ്പതികളുടെ ഇളയ മകനായി 1960 നവംബർ 10ന് ജനനം. 1984 മാർച്ച് 25ന് വൈദികനായി. 1994 ജനുവരി 16ന് മെത്രാഭിഷിക്തനായി. യൂണിവേഴ്സിറ്റി ഒഫ് ഡബ്ളിനിൽ നിന്ന് ദൈവശാസ്ത്ര പഠനത്തിൽ ഗവേഷണ ബിരുദം നേടിയിട്ടുണ്ട്. സഭയുടെ സുന്നഹദോസ് സെക്രട്ടറിയായിരുന്നപ്പോൾ 2019ലാണ് മെത്രോപ്പൊലീത്തൻ ട്രസ്റ്റിയായത്. കാലംചെയ്ത തോമസ് പ്രഥമൻ ബാവയുടെ വിൽപ്പത്രത്തിൽ ജോസഫ് ഗ്രിഗോറിയോസിനെ പിൻഗാമിയാക്കണമെന്ന് നിർദ്ദേശിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |