SignIn
Kerala Kaumudi Online
Friday, 23 October 2026 9.19 PM IST

കെ.എസ്.ഇ.ബി  സ്മാർട്ട്  മീറ്റർ പദ്ധതിയിൽ  കേന്ദ്രത്തിന്  മൗനം, നാലായിരം  കോടി  അനുവദിക്കുന്നില്ല

READ ENGLISH VERSION

smart-meter

തിരുവനന്തപുരം: സ്വന്തംനിലയ്ക്ക് സ്മാർട്ട് മീറ്റർ നടപ്പാക്കാൻ കെ.എസ്.ഇ.ബിയും സംസ്ഥാന സർക്കാരും സമർപ്പിച്ച അപേക്ഷയിൽ കേന്ദ്രത്തിന് മൗനം.

'ടോട്ടൽ എക്സ്പൻഡിച്ചർ' (ടോട്ടക്സ്) മാതൃകയാണ് കേന്ദ്രം നിർദ്ദേശിച്ചത്. ഈ മാതൃകയിൽ നടപ്പാക്കിയാൽ പ്രസരണ സംവിധാനം അടക്കം നവീകരിക്കാൻ കേരളത്തിന് നാലായിരം കോടി കേന്ദ്രം അനുവദിക്കും.

ആ തുക തങ്ങൾ ആവിഷ്കരിച്ച പദ്ധതിക്കും വേണമെന്നാണ് കേരളത്തിന്റെ നിലപാട്.

മേയ് മുതലാണ് ഒന്നാം ഘട്ടം സ്മാർട്ട് മീറ്റർ പദ്ധതി കെ.എസ്.ഇ.ബി നടപ്പാക്കുന്നത്.മൂന്ന് ലക്ഷം സ്മാർട്ട് മീറ്ററുകളാണ് സ്ഥാപിക്കുക.

കേന്ദ്രം ആവിഷ്കരിച്ച പദ്ധതി പ്രകാരമാണെങ്കിൽ,

പുറത്തുള്ള ഏജൻസി സ്വന്തം പണം മുടക്കി സ്മാർട്ട് മീറ്ററും അതിന്റെ സോഫ്ട് വെയറും അ‌ടക്കം സജ്ജമാക്കുകയും അഞ്ചു വർഷം പരിപാലിക്കുകയും മുടക്കുമുതൽ സർവീസ് ചാർജിലൂടെ ഈടാക്കുകയും വേണം.

സ്മാർട്ട് മീറ്ററും സോഫ്ട് വെയറും വിലകൊടുത്തു വാങ്ങികെ.എസ്.ഇ.ബി ജീവനക്കാർ അവകൊണ്ടുവന്ന് സ്ഥാപിക്കുന്ന പദ്ധതിയാണ് കേരളത്തിൽ നടപ്പാക്കുന്നത്.

കേന്ദ്രം നിർദ്ദേശിക്കുന്ന മാതൃകയിൽ പദ്ധതി നടപ്പാക്കിയാലേ കേന്ദ്ര സബ്സിഡി ലഭിക്കുകയുള്ളു. സ്മാർട്ട് മീറ്റർ സ്ഥാപിക്കാൻ 15 ശതമാനം തുക ഗ്രാന്റായും ലഭിക്കുമായിരുന്നു.

പദ്ധതികളിൽ വൈരുദ്ധ്യം

കേരളത്തിൽ ആദ്യഘട്ടത്തിലും രണ്ടാം ഘട്ടത്തിലും 37 ലക്ഷം സ്മാർട്ട് മീറ്റർ വീതവും മൂന്നാംഘട്ടത്തിൽ ബാക്കിയുള്ളവയും സ്ഥാപിക്കാനാണ് കേന്ദ്രം നിർദേശിച്ചത്.ആകെ വേണ്ടിവരുന്നത് 1.25 കോടി മീറ്ററുകളാണ്.

നിർദ്ദിഷ്ട ഏജൻസി അവരുടെ പണം മുടക്കി മീറ്ററും സോഫ്ട് വെയറും അടക്കം സ്ഥാപിച്ച് കെ.എസ്.ഇ.ബിക്ക് കൈമാറും.

# കെ.എസ്.ഇ.ബി ഒന്നാംഘട്ടത്തിൽ നടപ്പാക്കാൻ ലക്ഷ്യമിടുന്നത് വെറും മൂന്നു ലക്ഷം മീറ്ററുകളാണ്. ഇതിന് തന്നെ ഒന്നരവർഷമെടുക്കും.സ്മാർട്ട് മീറ്ററും അതിനുള്ളആശയവിനിമയ ശൃംഖലയും അനുബന്ധ സോഫ്റ്റ്‌വെയറും ഉൾപ്പെടുന്ന ഒന്നാം പാക്കേജ് 160.9 കോടി രൂപയ്ക്ക് ഇസ്‌ക്രാമെക്കോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും രാമലിംഗം കൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡും അടങ്ങിയ കൺസോർഷ്യത്തിന് നൽകിയിരിക്കുകയാണ്. ഇവർ കെ.എസ്.ഇ.ബി ജീവനക്കാർക്ക് സാങ്കേതിക പരിശീലനം നൽകും.

എം.ഡി.എം.എസ് സോഫ്റ്റ്‌വെയർ, ഇന്റഗ്രേഷൻ എന്നിവയുൾപ്പെടുന്ന രണ്ടാം പാക്കേജ് 4.45 കോടിരൂപയ്ക്ക് ഈസിയാസോഫ്റ്റ് എന്ന കമ്പനിക്കുമാണ് കരാർ നൽകിയിരിക്കുന്നത്.ആദ്യത്തെ ബാച്ച് സ്മാർട്ട് മീറ്റർ മേയിൽ എത്തിക്കാൻ നിർദേശം നൽകിയിരിക്കുകയാണ്.

3.5 ലക്ഷംകോടിയുടെ പദ്ധതി

2021ലെ കേന്ദ്ര ബഡ്ജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ, രാജ്യത്തെ വൈദ്യുതി മേഖലയുടെ ആധുനികവത്ക്കരണത്തിനും നവീകരണത്തിനുമായി 3.5 ലക്ഷംകോടിയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചത്.

വൈദ്യുതി വിതരണത്തിന് സ്മാർട്ട് മീറ്റർ പദ്ധതി അടക്കമുള്ള നവീകരണമാണ് 'റീവാംബ്ഡ് ഡിസ്ട്രിബ്യൂഷൻ സെക്ടർ സ്‌കീം' (ആർ.ഡി.എസ്.എസ്) എന്നപേരിൽ കേന്ദ്രം നടപ്പാക്കുന്നത്. മറ്റു സംസ്ഥാനങ്ങൾ ഇതു നടപ്പാക്കുന്നതിൽ ഏറെ മുന്നോട്ടുപോയി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA