
ന്യൂഡൽഹി: അടുത്ത കൊല്ലം കേരളത്തിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്‌ചിമ ബംഗാളിൽ സ്വീകരിക്കേണ്ട രാഷ്‌ട്രീയ നിലപാടും ഏപ്രിൽ രണ്ടിനു തുടങ്ങുന്ന മധുര പാർട്ടി കോൺഗ്രസിലെ സജീവ ചർച്ചകളിലൊന്നാണ്. ബി.ജെ.പിയെ എതിർക്കാനെന്ന പേരിൽ പാരമ്പര്യ വൈരികളായ കോൺഗ്രസുമായി ഉണ്ടാക്കിയ ധാരണ പരാജയപ്പെട്ടെന്ന വിലയിരുത്തൽ പാർട്ടിയിൽ ശക്തമാണ്. കോൺഗ്രസ് സഹകരണത്തിന് ചുക്കാൻ പിടിച്ച മുൻ ജനറൽ സെക്രട്ടറി അന്തരിച്ച സീതാറാം യെച്ചൂരിയുടെ അഭാവത്തിലാണ് വിഷയങ്ങൾ ചർച്ചയാകുന്നതും.
34 വർഷം സംസ്ഥാന ഭരിച്ച പാർട്ടി അടിത്തറയും വോട്ടുബാങ്കും തൃണമൂൽ കോൺഗ്രസിന് അടിയറവ് വയ്‌ക്കേണ്ടി വന്ന സാഹചര്യത്തിലാണ് നിലനിൽപ്പിനായി കോൺഗ്രസിനെ കൂട്ടുപിടിച്ചത്. കേരളത്തിൽ നേരിട്ടെതിർക്കുന്ന കോൺഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യം വേണ്ടെന്ന അടവുനയമാണ് കഴിഞ്ഞ കുറെ പാർട്ടി കോൺഗ്രസുകളിലായി പാർട്ടി സ്വീകരിക്കുന്നതെങ്കിലും ബംഗാളിലെ രാഷ്‌ട്രീയ സാഹചര്യം വിട്ടുവീഴ്ചയ്‌ക്ക് വഴിയൊരുക്കി. ബംഗാൾ ഘടകത്തിന്റെ ശക്തമായ നിലപാടിനെ പിന്തുണച്ച സീതാറാം യെച്ചൂരിക്ക് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായുള്ള ഇഴയടുപ്പവും തിരഞ്ഞെടുപ്പ് ധാരണയ്‌ക്ക് അനുകൂലമായി.
വർഗീയ ഫാസിസ്റ്റ് കക്ഷികളെ എതിക്കാൻ മതേതര മുന്നണിയിൽ തുടരുമ്പോഴും കമ്മ്യൂണിസ്റ്റ് നിലപാടുകളുമായി സ്വന്തം പ്രസക്തി നിലനിറുത്തണമെന്നതാണ് മധുര പാർട്ടി കോൺഗ്രസിനുമുന്നോടിയായുള്ള രാഷ്‌ട്രീയ അവലോകന റിപ്പോർട്ട് ചൂണ്ടിക്കാട്ടിയത്.ഹിന്ദുത്വ അജണ്ടകൾക്കെതിരെ മതേതര 'ഇന്ത്യ" മുന്നണിയിൽ പ്രവർത്തിക്കുമ്പോഴും കോൺഗ്രസിന്റെ സാമ്പത്തിക നവലിബറൽ നയങ്ങളെയും മൃദുഹിന്ദുത്വ നിലപാടിനെയും സൂക്ഷിക്കണം. അവ സി.പി.എമ്മിന്റെ പ്രവർത്തനങ്ങളെ തടസപ്പെടുത്താൻ അനുവദിക്കരുത്. അക്കാര്യങ്ങളിൽ കോൺഗ്രസുമായി അകലം പാലിക്കണമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. 2016ലെ തിരഞ്ഞെടുപ്പിൽ 295 അംഗ നിയമസഭയിൽ കോൺഗ്രസിന് 44ഉം സി.പി.എമ്മിന് 26ഉം സീറ്റുകളാണ് ലഭിച്ചത്. 2021ൽ രണ്ടു പാർട്ടികളും സംപൂജ്യരായി. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സെക്രട്ടറി മുഹമ്മദ് സലീം അടക്കം സ്ഥാനാർത്ഥികൾ മത്സരിച്ച 23 സീറ്റിലും പരാജയപ്പെട്ടു. നഗര പ്രദേശങ്ങളിൽ ഇപ്പോഴും സി.പി.എമ്മിന് സ്വാധീനമുണ്ടെങ്കിലും ജയസാദ്ധ്യത കുറവായതിനാൽ അവ തൃണമൂലിലേക്ക് പോകുന്നുവെന്നാണ് വിലയിരുത്തൽ. ജനകീയ പ്രക്ഷോഭങ്ങൾ ഏറ്റെടുത്ത് ഗ്രാമീണ മേഖലയിൽ പാർട്ടിയെ ശക്തിപ്പെടുത്തി തിരിച്ചു വരവിന് വഴിയൊരുക്കാമെന്ന് നേതൃത്വം കരുതുന്നു. ജ്യോതിബസുവിനും ബുദ്ധദേവ് ഭട്ടചാര്യയുടെയും കാലത്തിന് ശേഷം ഉയർത്തിക്കാട്ടാനുള്ള ജനകീയ മുഖമില്ലാത്തതും ബംഗാളിൽ പാർട്ടിയെ വലയ്‌ക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |