SignIn
Kerala Kaumudi Online
Friday, 23 October 2026 9.19 PM IST

 രണ്ടാംവട്ടം മധുര ഒരുങ്ങി ചരിത്ര ഭൂമിയിൽ വീണ്ടും പാർട്ടി കോൺഗ്രസ്

dyy

തിരുവനന്തപുരം: ചരിത്രത്തിന്റെയും ഐതിഹ്യങ്ങളുടെയും സമന്വയ ഭൂമിയായ മധുര, സി.പി.എം 24-ാം പാർട്ടി കോൺഗ്രസിന് ഒരുങ്ങി. ഏപ്രിൽ രണ്ട് മുതൽ ആറു വരെ തമുക്കം മൈതാനത്താണ് (സീതാറാം യെച്ചൂരി നഗർ) പാർട്ടി കോൺഗ്രസ് . രണ്ടാം തവണയാണ് മധുര പാർട്ടി കോൺഗ്രസിന് വേദിയാവുന്നത്. 1972-ൽ ഒൻപതാം പാർട്ടി കോൺഗ്രസ് നടന്നതും തമുക്കം മൈതാനത്തായിരുന്നു. നാളെ വൈകിട്ട് 6.30 ന് മൈതാനത്തെ പി.രാമൂർത്തി സ്മാരക ഹാളിൽ പ്രമുഖ മാദ്ധ്യമ പ്രവർത്തകനും സ്വാഗത സംഘം രക്ഷാധികാരിയുമായ എൻ.റാം ചരിത്രപ്രദർശനവും മുതിർന്ന നേതാവ് വി.പരമേശ്വരൻ പുസ്തക പ്രദർശനവും ഉദ്ഘാടനം ചെയ്യും. രക്തസാക്ഷികളുടെ സ്മൃതി മണ്ഡപങ്ങളിൽ നിന്നുള്ള ദീപശിഖകൾ സന്ധ്യയോടെ മൈതാനത്ത് സംഗമിക്കും. വെൺമണി രക്തസാക്ഷികളുടെ സ്മൃതികുടീരത്തിൽ നിന്ന് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം യു.വാസുകിയുടെ നേതൃത്വത്തിൽ കൊണ്ടുവരുന്ന പതാക ഏപ്രിൽ രണ്ടിന് രാവിലെ കൺട്രോൾ കമ്മീഷൻ ചെയർമാൻ എ.കെ പത്മനാഭൻ ഏറ്റുവാങ്ങും. രാവിലെ എട്ടിന് മുതിർന്ന നേതാവ് ബിമൻബസു പതാക ഉയർത്തും. രാവിലെ 10.30 ന് കോടിയേരി ബാലകൃഷ്ണൻ സ്മാരക ഹാളിൽ പൊളിറ്റ് ബ്യൂറോ കോ ഓർഡിനേറ്റർ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. മണിക് സർക്കാർ അദ്ധ്യക്ഷത വഹിക്കും. സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും. തുടർന്ന് പ്രതിനിധി സമ്മേളനം. വൈകിട്ട് അഞ്ചിന് സാംസ്കാരിക സംഗമം. തുടർന്നുള്ള ദിവസങ്ങളിൽ വൈകിട്ട് വിവിധ വിഷയങ്ങളെ അധീകരിച്ചുള്ള സെമിനാറുകളുണ്ടാവും.

റെഡ് വോളന്റിയർ പരേഡ്

ഏപ്രിൽ ആറിന് ഉച്ചകഴിഞ്ഞ് മൂന്നിന് റെഡ് വോളന്റിയർ പരേഡ് തുടങ്ങും. നാലിന് റിംഗ്റോഡ് ജംഗ്ഷന് അടുത്ത് എൻ.ശങ്കരയ്യ സ്മാരക ഗ്രൗണ്ടിൽ പൊതു സമ്മേളനം. കേരളം , തമിഴ്നാട്, കർണാടക, തെലുങ്കാന സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ കലാകാരന്മാർ വിവിധ സാംസ്കാരിക പരിപാടികളിൽ കലാപ്രകടനം നടത്തും.ഒൻപതാം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തിട്ടുള്ള എസ്.രാമചന്ദ്രൻപിള്ള, പിണറായിവിജയൻ, ബിമൻബോസ്, മണിക് സർക്കാർ എന്നിവർ ഇക്കുറിയും പ്രതിനിധികളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA