
കണ്ണൂർ: ചെഗുവേരയുടെ പതാകയും വിപ്ലവഗാനവും ഉത്സവ ഘോഷയാത്രയിൽ ഉപയോഗിച്ചതിനെ ചൊല്ലി വിവാദം. കല്ലിക്കണ്ടി കാവുകുന്നത്ത് മൊയിലോം ഭഗവതി ക്ഷേത്രത്തിലെ ഘോഷയാത്രയിലായിരുന്നു സി.പി.എം പ്രവർത്തകരുടെ ആഘോഷവും ഇൻക്വിലാബ് വിളിയും. വീഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.
ശനിയാഴ്ച രാത്രി രണ്ടുമണിക്കൂറോളം ഡി.ജെ സെറ്റിട്ട് റോഡ് തടസ്സപ്പെടുത്തിയാണ് പിണറായി വിജയന്റെ പ്രസംഗവും ചെഗുവേരയുടെ പതാകയും വിപ്ലവഗാനങ്ങളും അവതരിപ്പിച്ചതെന്ന് ഡി.സി.സി അദ്ധ്യക്ഷൻ മാർട്ടിൻ ജോർജ്ജ് ആരോപിച്ചു. ഇത്തരത്തിൽ മുന്നോട്ടുപോകാനാണ് സി.പി.എമ്മിന്റെ ശ്രമമെങ്കിൽ കോൺഗ്രസ് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയും സമാനമായ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. ബി.ജെ.പി-ആർ.എസ്.എസുകാർ അവർക്ക് സ്വാധീനമുള്ള അമ്പലങ്ങളിൽ ഗണഗീതങ്ങളും മറ്റുംപാടി സമാന്തരമായി ശക്തി കാണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം കടയ്ക്കൽ ദേവീക്ഷേത്രത്തിലെ ഉത്സവത്തിൽ വിപ്ലവഗാനം പാടിയത് വിവാദമായിരുന്നു. വിഷയത്തിൽ കോടതി ഇടപെടുകയും ചെയ്തു. ക്ഷേത്രം വിശ്വാസികൾക്കുള്ളതാണെന്നും വിശ്വാസികൾക്കാണ് അവിടെ പ്രാധാന്യം കൽപ്പിക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |