SignIn
Kerala Kaumudi Online
Friday, 23 October 2026 12.17 AM IST

നയം തിരുത്തിയാൽ ലീഗിനും വരാം: ടി.പി.രാമകൃഷ്ണൻ

h

h

 മൂന്നാം ഇടതു സർക്കാർ ഉറപ്പ്

സംസ്ഥാനത്ത് 2016ൽ അധികാരത്തിലെത്തിയ പിണറായി വിജയൻ സർക്കാർ ചരിത്രത്തിലാദ്യമായി തുടർഭരണം നേടി പത്താം വർഷത്തിലേക്ക് കടക്കുകയാണ്. രണ്ടാം ഇടതു സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങൾക്ക് ഇന്ന് കാസർകോട്ട് തുടക്കമാവും. തുടർന്ന് വരും ദിവസങ്ങളിൽ എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികൾ നടക്കും. മൂന്നാം എൽ.ഡി.എഫ് സർക്കാർ എന്ന ചരിത്ര ദൗത്യത്തിന് ചുക്കാൻ പിടിക്കുന്ന എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ കേരളകൗമുദിയുമായി സംസാരിച്ചു.


? ഇടതു സർക്കാർ പത്താംവർഷത്തിലേക്ക് കടക്കുന്നു. പ്രതീക്ഷകൾ, ഭാവി

 കേരള രാഷ്ട്രീയ ചരിത്രത്തിൽ സുവർണ ലിപികളിലെഴുതേണ്ട നാളുകളാണ് കടന്നുപോയത്. ഇടതും വലതും മാറിമാറി ഭരിച്ചിടത്ത് ഇടതു മാത്രമായി. ഇത് ഇനിയും തുടരും. അതിനു സഹായകരമായ വികസന പ്രവർത്തനങ്ങൾക്കാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. കേരളം രാജ്യത്തെതന്നെ രാഷ്ട്രീയ ബദലാവുകയാണ്. വരുന്ന തിരഞ്ഞെടുപ്പുകളെ നേരിടാൻ ഇടതുപക്ഷം സജ്ജമാണ്.


? മൂന്നാം എൽ.ഡി.എഫ് സർക്കാരിനായി കൺവീനർ ആവനാഴിയിൽ കരുതിയ അസ്ത്രം എന്താണ്

 കൺവീനറുടേത് മാത്രമായി ഒരു അസ്ത്രവുമില്ല. കൂട്ടായ്മയുടെ കരുത്തിലാണ് മുന്നോട്ടുപോകുന്നത്. ഇത്രയും പാർട്ടികളുള്ള മുന്നണിയായിട്ടും പ്രകടമായ അസ്വാരസ്യങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല. അഭിപ്രായങ്ങളുണ്ടാവും. അഭിപ്രായ വ്യത്യാസങ്ങളില്ല. എല്ലാം പരസ്പരം ചർച്ച ചെയ്യുന്നുണ്ട്. തിരഞ്ഞെടുപ്പുകളെ നേരിടാൻ നിലവിലെ സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും രാജ്യം വിവിധ കോണുകളിലൂടെ വർഗീയവത്കരിക്കപ്പെടുന്നതിനെതിരായി ഇടതുപക്ഷം സ്വീകരിക്കുന്ന നിലപാടുകളുമാണ് പ്രധാനം. രാജ്യത്ത് കേന്ദ്രസർക്കാർ വലിയതോതിൽ വർഗീയപരമായ ചേരിതിരിവുണ്ടാക്കുകയാണ്. അതിനെ നേരിടാൻ ഇന്ന് രാജ്യത്തെ ശരിയായ ബദൽ കേരളത്തിലെ ഇടതുപക്ഷമാണ്.

? അസംതൃപ്തരാണ് ലീഗ്, കൂടെക്കൂട്ടുന്നുണ്ടോ

 ആരോടും അയിത്തമില്ല. ലീഗ് സ്വീകരിച്ചുവരുന്ന രാഷ്ട്രീയ നിലപാടുകളിൽ കുഴപ്പമുണ്ട്. അത് തിരുത്തുകയാണെങ്കിൽ അപ്പോൾ ആലോചിക്കാം. നിലവിൽ ചർച്ചകളൊന്നും നടന്നിട്ടില്ല. ദേശീയ തലത്തിൽ ആർ.എസ്.എസ് സ്വീകരിക്കുന്ന അതേനിലപാട് പുലർത്തുന്ന മത രാഷ്ട്രവാദികളായ എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളെ യു.ഡി.എഫുമായി അടുപ്പിച്ചു നിറുത്തുന്നത് ലീഗാണ്. കേരളത്തിന്റെ മത നിരപേക്ഷതയ്ക്ക് എതിരാണ് രണ്ടു കൂട്ടരും. ലീഗിന്റെ പാരമ്പര്യം അതല്ല. ഒരുകാലത്തുമില്ലാത്ത രീതിയിൽ ലീഗ് അവർക്ക് അരിക് നിൽക്കുകയാണ്. തിരുത്താൻ തയ്യാറായാൽ ചർച്ചയ്ക്ക് ഇടമുണ്ട്. ആർക്കും കടന്നുവരാവുന്ന ഇടമാണ് ഇടതുപക്ഷം. പക്ഷെ ഇവിടെ ഒരു രാഷ്ട്രീയമുണ്ട്. അതിന്റെ ഭാഗമാകണമെന്നുമാത്രം.


? സാധാരണക്കാരുടെ പ്രശ്‌നങ്ങളിൽ നിന്ന് പാർട്ടി അകലുന്നുവെന്ന പൊതു വിമർശനമുണ്ട്. ഉദാഹരണം ആശാ സമരം

 ഉണ്ടയില്ലാവെടിയാണിത്. കേരളത്തിലെ പരമ്പരാഗത തൊഴിലാളികൾ, അസംഘടിത മേഖലയിലെ തൊഴിലാളികർ, കർഷകർ, കർഷകത്തൊഴിലാളികൾ എന്നിവർക്കൊപ്പമാണ് എക്കാലത്തും ഇടതുപക്ഷവും സി.പി.എമ്മും. ആശാവർക്കർമാരുടെ സമരത്തെ മാദ്ധ്യമങ്ങളാണ് ഇടതുപക്ഷത്തിനെതിരെ തിരിച്ചുവിടുന്നത്. ഇടതുപക്ഷ തൊഴിലാളി യൂണിയനുകളെയടക്കം മുൻനിറുത്തി സർക്കാർ തലത്തിൽ ചർച്ച നടത്തി. പരിഹാരമുണ്ടായില്ല. സർക്കാർതന്നെ പലതവണ ചർച്ചയ്ക്ക് വിളിച്ചു. അവരുടെ ഓണറേറിയം അടക്കം വർദ്ധിപ്പിച്ച്, മികച്ച ജീവിത നിലവാരം ഉണ്ടാക്കണമെന്നാണ് സർക്കാരും എൽ.ഡി.എഫും ആഗ്രഹിക്കുന്നത്. അതിനായി കനിയേണ്ടത് കേന്ദ്രമാണ്. വിഷയത്തിൽ കൂടുതൽ ഇടപെടൽ എൽ.ഡി.എഫിന്റെ ഭാഗത്തുനിന്നുണ്ടാവും.

? അൻവർ കൈവിട്ട നിലമ്പൂരിനെ തിരിച്ചുപിടിക്കാൻ പ്രത്യേക പാക്കേജ്

 അൻവർ എന്നപേര് നിലമ്പൂരിൽ ഇടതുപക്ഷത്തിന്റെ മുന്നിലില്ല. യു.ഡി.എഫ് പോലും അൻവർ പറയുന്നത് കേൾക്കുന്നില്ല. പിന്നെ എൽ.ഡി.എഫിൽ എന്തുകാര്യം. നിലമ്പൂരിൽ ഏറ്റവും അനുകൂലമായ സാഹചര്യമാണ് ഇടതുപക്ഷത്തിനുള്ളത്. മികച്ച സ്ഥാനാർത്ഥി വരും. വിജയം സുനിശ്ചിതമാണ്. അൻവർ ഇടതു സ്ഥാനാർത്ഥിക്ക് ഭീഷണിയാകില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA