SignIn
Kerala Kaumudi Online
Friday, 23 October 2026 12.19 AM IST

ശമ്പള പരിഷ്ക്കരണത്തിൽ അങ്കലാപ്പ് വേണ്ട: മുഖ്യമന്ത്രി

f

ആലപ്പുഴ: ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണത്തിൽ ഒരു അങ്കലാപ്പും വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൽ.ഡി.എഫ് സർക്കാരാണ്. കൃത്യസമയത്ത് പരിഷ്ക്കരണം നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.എൻ.ജി.ഒ യൂണിയൻ 62ാം സംസ്ഥാന സമ്മേളനം ആലപ്പുഴ കാമിലോട്ട് കൺവൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരു കാലഘട്ടത്തിലും എൽ.ഡി.എഫ് സർക്കാർ ജീവനക്കാരെ ശത്രുവായി കണ്ടിട്ടില്ല. നാട് വലിയ പ്രതിസന്ധി നേരിട്ടപ്പോൾ തങ്ങളാലാവുന്നത് എൻ.ജി.ഒ യൂണിയൻ ചെയ്തു. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ നിർണായക പങ്കു വഹിച്ചവരാണ് എൻ.ജി.ഒ യൂണിയനിലുള്ളവർ .സാധാരണ ജീവനക്കാരിൽ നിന്ന് വ്യത്യസ്ത രീതിയിലാണ് യൂണിയൻ അംഗങ്ങൾ പ്രവർത്തിക്കുന്നത്. ദിശാബോധമുണ്ട്. സർക്കാർ സാമ്പത്തികമായി ഞെരുങ്ങിയപ്പോൾ സാലറി ചലഞ്ച് വിജയമാക്കാൻ യൂണിയൻ ഇടപെട്ടു. സർക്കാർ കാര്യങ്ങൾ നിർവഹിക്കുന്നതിൽ എല്ലാ ജീവനക്കാരും നല്ല രീതിയിൽ പങ്ക് വഹിച്ചു. അപൂർവം ചിലർ വ്യത്യസ്തമായ നില സ്വീകരിക്കാൻ ശ്രമിച്ചു. എന്നാൽ,​ പിന്നീട് ഒപ്പം നിൽക്കുന്നതാണ് നല്ലതെന്ന് അവർക്കും ബോദ്ധ്യപ്പെട്ടു. സർക്കാരിന്റെ നയങ്ങൾ നടപ്പിലാക്കാൻ ജീവനക്കാർ സഹകരിച്ചിട്ടുണ്ട്. അതിൽ എൻ.ജി.ഒ യൂണിയന്റേത് അഭിമാനാർഹമായ ഇടപെടലാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

വയനാട്‌ ദുരിതാശ്വാസ നിധിയിലേക്ക്‌ എൻ.ജി.ഒ യൂണിയൻ നൽകുന്ന ഒരു കോടി രൂപയുടെ ചെക്ക്‌ പുതിയ ജനറൽ സെക്രട്ടറി എം.വി.ശശിധരൻ കൈമാറി. സെക്രട്ടറി പി.സുരേഷ്‌ രക്‌തസാക്ഷി പ്രമേയവും വൈസ്‌ പ്രസിഡന്റ്‌ ടി.എം.ഹാജറ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ പി.പി.ചിത്തരഞ്‌ജൻ സ്വാഗതം പറഞ്ഞു. ആർ.നാസർ, എ.എം.ആരിഫ്‌, എഫ്‌.എസ്‌.ഇ.ടി.ഒ സംസ്ഥാന പ്രസിഡന്റ്‌ ടി.കെ.എ.ഷാഫി, കോൺഫെഡറേഷൻ ഒഫ്‌ സെൻട്രൽ ഗവ. എംപ്ലോയീസ്‌ ആൻഡ്‌ വർക്കേഴ്‌സ്‌ ജനറൽ സെക്രട്ടറി ജി.ആർ.പ്രമോദ്‌, കെ.എസ്‌.എസ്‌.പി.യു ജനറൽ സെക്രട്ടറി ആർ.രഘുനാഥൻ നായർ, എൻ.ജി.ഒ യൂണിയൻ സംസ്ഥാന ട്രഷറർ വി.കെ.ഷീജ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA