SignIn
Kerala Kaumudi Online
Thursday, 22 October 2026 12.13 PM IST

കോട്ട കാക്കാനും പിടിക്കാനും പോര് 

d

കണ്ണൂർ: മേൽക്കൈ നിലനിറുത്താനും പിടിച്ചെടുക്കാനുമുള്ള പോരാട്ടമാണ് കണ്ണൂരിൽ ഇടതു,​ വലതു മുന്നണികൾക്ക്. എൻ.ഡി.എയ്ക്കാകട്ടെ ജില്ലയിൽ ഒരു തദ്ദേശ സ്ഥാപനത്തിലെങ്കിലും ഭരണം നേടുകയെന്ന പ്രസ്റ്റീജ് പോരും.

ജില്ലയിൽ 14 വാർഡുകളിൽ സി.പി.എം എതിരില്ലാതെ ജയിച്ചു. കഴിഞ്ഞതവണ 18 ഇടത്തായിരുന്നു ജയം. 71 ഗ്രാമപഞ്ചായത്തുകളിൽ അൻപത്തിയേഴിലും 11 ബ്ലോക്ക് പഞ്ചായത്തുകളിൽ പത്തിലും ഒൻപത് നഗരസഭകളിൽ ആറിലും എൽ.ഡി.എഫ് ഭരണമാണ്. ജില്ലാ പഞ്ചായത്തും ഇടതുപക്ഷത്തിന്റെ കൈയിലാണ്.

സർക്കാരിന്റെ വികസനക്ഷേമ പദ്ധതികളാണ് എൽ.ഡി.എഫിന്റെ പ്രധാന ആയുധം. കോൺഗ്രസിൽ നിന്ന് കണ്ണൂർ കോർപറേഷൻ പിടിച്ചെടുക്കാൻ പതിനെട്ടടവും പയറ്റും. അതേസമയം,​ കണ്ണൂർ നിലനിറുത്തിക്കൊണ്ട് ത്രിതല പഞ്ചായത്തുകളിൽ മുന്നേറ്റമുണ്ടാക്കാനാണ് യു.ഡി.എഫിന്റെ ശ്രമം.

കേരള കോൺഗ്രസ് (എം) മുന്നണി വിട്ടതിനാൽ മലയോര പഞ്ചായത്തുകളിൽ നഷ്ടമുണ്ടായെങ്കിലും വന്യമൃഗശല്യം പോലുള്ള വിഷയങ്ങളിലൂടെ അനുകൂല സാഹചര്യം സൃഷ്ടിക്കാമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. അക്രമ രാഷ്ട്രീയമാണ് സി.പി.എമ്മിനെതിരായ പ്രധാന ആരോപണം. എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ പി.പി. ദിവ്യയുടെ റോളും പ്രതിപക്ഷ പ്രചാരണായുധമാണ്.

350 സീറ്റിൽ എൻ.ഡി.എ

സ്ഥാനാർത്ഥിയില്ല
കണ്ണൂർ ജില്ലയിൽ ബി.ജെ.പി ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളില്ല. ഇത്തവണ 350 സീറ്റുകളിലാണ് എൻ.ഡി.എ സ്ഥാനാർത്ഥികളില്ലാത്തത്. എങ്കിലും വോട്ട് വിഭജനത്തിലൂടെ മുന്നണികളുടെ ജയത്തെ സ്വാധീനിക്കാൻ എൻ.ഡി.എയ്ക്ക് കഴിയും.

വിമതർ പ്രശ്നമാണ്
വിമത സ്ഥാനാർത്ഥികൾ എൽ.ഡി.എഫിനും യു.ഡി.എഫിനും ഗുരുതര പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. നിർണായക വാർഡുകളിൽ വോട്ട് വിഭജനം ഫലത്തെ ബാധിക്കും. കണ്ണൂർ കോർപറേഷനിലെ മൂന്ന് പ്രധാന ഡിവിഷനുകളിലും പയ്യന്നൂർ നഗരസഭയിലും വിമതർ സജീവമാണ്. പാനൂർ, ന്യൂമാഹി, പേരാവൂർ, ശ്രീകണ്ഠപുരം, ചെങ്ങളായി എന്നിവിടങ്ങളിലും വിമതർ ഉറച്ചുനിൽക്കുന്നു. നടുവിൽ പഞ്ചായത്തിൽ സി.പി.എം യു.ഡി.എഫ് വിമതനെ പിന്തുണയ്ക്കുന്നു. മുണ്ടേരി പഞ്ചായത്തിൽ കോർപറേഷനിലെ ഇടതു മേയർ സ്ഥാനാർത്ഥിയുടെ സഹോദരി വിമതയായുണ്ട്. കോർപറേഷനിലെ വിമത പ്രശ്നം എൽ.ഡി.എഫിന് അപ്രതീക്ഷിത നേട്ടമാകാനും ഇടയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA