
കിഴക്കമ്പലം: പഴന്തോട്ടം വെമ്പിള്ളി വായനശാലയ്ക്ക് സമീപമുള്ള പുതുക്കുളംചിറയിൽ റീൽസ് ചിത്രീകരണത്തിനെത്തിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. കൊല്ലം മയ്യനാട് ചെറുവിലപുത്തൻവീട് നബീലാണ് (21) മരിച്ചത്. നിലവിൽ പള്ളിക്കരയ്ക്ക് സമീപമാണ് താമസം. ഇന്നലെ വൈകിട്ട് ആറോടെയാണ് സംഭവം.
സുഹൃത്തുക്കളായ ആകാശ് (21), ഹിഷാം (19), ആദിൽ (19) എന്നിവരോടൊപ്പം റീൽസ് ചിത്രീകരണത്തിനായി പ്രദേശത്തെത്തിയതായിരുന്നു. ഇതിനിടെ ചിറയിൽ കുളിക്കാനിറങ്ങിയ നബീൽ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. കോലഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും 7.30 ഓടെ മരിച്ചു. മൃതദേഹം മോർച്ചറിയിൽ.
അപകടത്തിൽപ്പെട്ട നബീലിനെ സുഹൃത്തുക്കൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ പട്ടിമറ്റം അഗ്നിശമനസേനയുടെ സഹായംതേടി. സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാറിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ രഞ്ജിത്ത്, സി.എസ്. അനിൽകുമാർ, കെ.കെ. ബിബി, വിജിത്ത്, അഖിൽദേവ്, പി. മിഥുൻ, പി.എം. ഷാനവാസ്, ടോമി പോൾ, രാമചന്ദ്രൻ എന്നിവരും നാട്ടുകാരും ചേർന്നാണ് തെരച്ചിൽ നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |