SignIn
Kerala Kaumudi Online
Monday, 08 June 2026 2.57 AM IST

എന്റെ കൂടി കുടുംബം,  ചേർത്തുപിടിക്കുന്നു

k

ഏത് സംഘർഷഭരിതമായ സാഹചര്യത്തിലും ഏത് മലയാളിയെയും സാധാരണ നിലയിലേക്ക് തിരിച്ചെത്തിക്കാൻ കഴിവുള്ള നർമ്മബോധത്തിന്റെ ഉടമയായിരുന്നു സലിം കുമാർ. ഹാസ്യനടൻ എന്നതിലുപരി, അതിനേക്കാൾ വലിയൊരു നടൻ കൂടിയാണ് അദ്ദേഹം. 'ആദാമിന്റെ മകൻ അബു'വിലൂടെ അത് തെളിയിച്ച് ദേശീയ അവാർഡ് നേടി. സമൂഹമാദ്ധ്യമങ്ങൾ വന്ന ശേഷം, അവയിലെ നിറംചാർത്തിയ തമാശകളുടെ കൂടെയെല്ലാം സലിംകുമാറിന്റെ തമാശ കൂടി ചേർത്തിട്ടാണ് വരിക. മലയാളിക്ക് ഹാസ്യമെന്നു പറഞ്ഞാൽ, പഴയ തലമുറയിലെ അടൂർ ഭാസിയെയും ബഹദൂറിനെയും പോലെ, പുതിയ കാലത്ത് സലിംകുമാറാണ്.

എനിക്ക് അക്ഷരാർത്ഥത്തിൽ സഹോദരതുല്യനായ ഒരാളെയാണ് നഷ്ടപ്പെട്ടത്. ഞാൻ പറവൂരിൽ മത്സരിക്കാൻ വന്ന കാലം മുതൽ അദ്ദേഹവും കുടുംബവുമായി വലിയ ആത്മബന്ധമുണ്ട്. ഞാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ഷൂട്ടിംഗ് വരെ റദ്ദാക്കി, നാമനിർദ്ദേശപത്രിക കൊടുക്കുന്ന അന്നു മുതൽ ജയിച്ചു എന്ന് പ്രഖ്യാപിക്കുന്നതു വരെ കൂടെയുണ്ടാകും. അതുകഴിഞ്ഞ് പോയാൽ പിന്നെ കാണില്ല. പിന്നെ ഞാൻ അങ്ങോട്ട് വിളിക്കണം, ഇങ്ങോട്ട് ഒരാവശ്യത്തിനും വരില്ല. ഞാൻ മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പുകളിലും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തിട്ടുള്ളത് സലിം കുമാറാണ്. അത് അദ്ദേഹത്തിന്റെ അവകാശമാണെന്ന് പറയും. പഠിക്കുന്ന കാലം മുതൽ അവസാനശ്വാസം പോകുംവരെ ഉറച്ച രാഷ്ട്രീയബോദ്ധ്യത്തിൽ, കോൺഗ്രസ് ബോദ്ധ്യത്തിൽ നിന്നു.

അവസാനം പങ്കെടുത്ത പരിപാടി ഞാൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം പറവൂരിലെ പൗരാവലി നൽകിയ സ്വീകരണമാണ്. അതിനുമുമ്പ് പങ്കെടുത്ത കൺവെൻഷനിലും തിരഞ്ഞെടുപ്പ് കാലത്തെ യോഗങ്ങളിലും ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് വന്നാൽ എന്റെ വീട്ടിലോ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലോ ഉണ്ടാകും. അത്രമാത്രം ഹൃദയബന്ധമാണ്. ഇത്ര പെട്ടെന്ന് വിടവാങ്ങുമെന്ന് കരുതിയില്ല. കുടുംബത്തോടുള്ള ഔപചാരികമായ ദുഃഖം ഞാൻ പ്രകടിപ്പിക്കുന്നില്ല. ആ കുടുംബം എന്റെ കൂടി കുടുംബമാണ്. ഞാനും ആ കുടുംബത്തിൽ ഉൾപ്പെട്ടതാണ്. അവരെയെല്ലാവരെയും ചേർത്തുപിടിക്കും. ഞങ്ങൾ എല്ലാവരും ചേർന്ന് ചേർത്തുപിടിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CM SATHEESAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA