
സലിംകുമാർ ഇനിയില്ലെന്ന് എന്നെത്തന്നെ വിശ്വസിപ്പിക്കാൻ ആകുന്നില്ല. 29 വർഷങ്ങൾക്ക് മുമ്പ് ഞാൻ സലിമിനെ പരിചയപ്പെടുമ്പോൾ മിമിക്രിയിൽ നിന്ന് സിനിമയിലേക്കുള്ള സംക്രമണം തുടങ്ങിയിട്ടില്ല. ഞങ്ങൾ പെട്ടെന്ന് അടുത്തു. എല്ലാവരെയും ചിരിപ്പിക്കുന്ന സലിം ഒരുദിവസം കണ്ണീരിന്റെ നനവുള്ള സ്വന്തം കഥ എന്നോട് പറഞ്ഞു. എന്റെ കണ്ണുകൾ ഞാനറിയാതെ സജലങ്ങളായി. സ്വാഭാവികമായിരുന്നു സലിമിന് അഭിനയം; ചിരിയും കരച്ചിലും. അത്രത്തോളം ഉള്ള് നിർമ്മലമായ ഒരാൾക്കേ കാണികളെ അവർ പോലുമറിയാതെ ചിരിപ്പിക്കാനും കരയിക്കാനുമാകൂ.
ദുബായിൽ 15 വർഷങ്ങൾക്ക് മുമ്പ് രാവിലെ എന്റെ ഹോട്ടൽ മുറിയിൽ ഒരു മുട്ട്. ഉറക്കെ ചിരിച്ചുകൊണ്ട് സലിം മുറിക്കുള്ളിൽ വന്നു. വയർ പൊത്തിപ്പിടിച്ചു തമാശ പറഞ്ഞു കൊണ്ടിരുന്നു. വയറു വേദനിക്കും വരെ ഞാൻ ചിരിച്ചു. ഞാൻ ചോദിച്ചു, 'സലിം എന്താ വയറിൽ പിടിച്ച് ചിരിക്കുന്നത്, വയറു വേദനയുണ്ടോ?' 'ചേട്ടാ എന്റെ ഒരു കരളു പോയി, ഇനി സുനിത മാത്രമേ ബാക്കിയുള്ളൂ' എന്ന് പറഞ്ഞ് ഉറക്കെ ചിരിച്ച്, വയറു പൊത്തിപ്പിടിച്ച് പുറത്തേക്കിറങ്ങി.
അമേരിക്കയിൽ പുകവലി നിയന്ത്രണങ്ങൾ കഠിനമാക്കിയ സമയത്തായിരുന്നു ഞങ്ങളുടെ മമ്മൂട്ടി ഷോ. ഹോട്ടലിൽ ചെക്ക് ഇൻ ചെയ്താലുടൻ സലിം, കട്ടിലിന് മുകളിൽ കസേര പിടിച്ചിട്ട്, അതിൽ കയറി മുറിക്ക് മുകളിൽ സ്ഥാപിച്ചിരിക്കുന്ന സ്മോക്ക് അലാറത്തിനകത്തേക്ക് ടോയ്ലറ്റ് പേപ്പർ ചുരുട്ടിക്കയറ്റും. ചില മുറികളിൽ സ്മോക്ക് അലാറമടിക്കില്ല. ചിലയിടത്ത് അടിക്കും. സ്പോൺസർ ഫൈൻ കൊടുക്കും. നല്ലൊരു തുക സ്പോൺസർ കൊടുക്കേണ്ടി വന്നു. സലിം ഉറക്കെ ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു:
"ചേട്ടാ ഈ ഫൈനും കൂടിയായപ്പോൾ എന്റെ മൊത്തം പ്രതിഫലത്തുകയിൽ നിന്ന് അധികമായി. ഞാൻ സ്പോൺസർക്ക് നാട്ടിൽ പോയിട്ട് ബാക്കി പൈസ അയച്ചു കൊടുക്കാം!". ധൈര്യമായി സ്വന്തം അഭിപ്രായങ്ങൾ തുറന്നുപറഞ്ഞ്, ഗൗരവം മുഖമുദ്രയാക്കിയ മലയാളികളെ നിരന്തരം ചിരിപ്പിച്ച സലിം, നിന്നെ വല്ലാണ്ട് മിസ് ചെയ്യുമെടാ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |