
തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കാൻ വനം വകുപ്പ് ആവിഷ്കരിച്ച നൂറുദിന കർമ്മപരിപാടിക്ക് ഇന്ന് മുതൽ തുടക്കം. ജൈവവൈവിദ്ധ്യ സംരക്ഷണത്തോടൊപ്പം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് 17ഇന ജനകീയ പദ്ധതികളുൾപ്പെടുത്തിയുള്ള കർമ്മപരിപാടി നടപ്പിലാക്കുന്നത്. നഷ്ടപരിഹാരം കാര്യക്ഷമമാക്കുക,വന്യജീവി നിരീക്ഷണം സാങ്കേതികവിദ്യയിലൂടെ ശക്തിപ്പെടുത്തുക, ജനസേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യുക എന്നിവയ്ക്കാണ് അടുത്ത നൂറ് ദിവസങ്ങളിൽ വകുപ്പ് മുൻഗണന നൽകുന്നത്. പദ്ധതിയുടെ ആദ്യഘട്ടമായി സംഘർഷ മേഖലകളിൽ 100 കി.മീ. പുതിയ സൗരോർജ്ജ വേലികൾ നിർമ്മിക്കും. രണ്ടായിരത്തോളം കിലോമീറ്റർ വേലികളുടെ അറ്റകുറ്റപ്പണികൾ വേഗത്തിലാക്കും. വനപാതകളിലെ യാത്രക്കാരുടെ സുരക്ഷയ്ക്കായി 100 കിലോമീറ്റർ നീളത്തിൽ അടിക്കാട് തെളിക്കുന്ന 'വിസ്ത ക്ലിയറൻസ്' പദ്ധതിയും പാമ്പുകളെ റെസ്ക്യൂ ചെയ്യുന്ന 'സർപ്പ' പദ്ധതിയുടെ രണ്ടാം ഘട്ടവും ആരംഭിക്കും.
കാട്ടുപന്നി, നാടൻ കുരങ്ങ് ശല്യം നിയന്ത്രിക്കുന്നതിന് കേന്ദ്രത്തിന് പ്രൊപ്പോസൽ സമർപ്പിക്കും. പഞ്ചായത്ത് അടിസ്ഥാനത്തിൽ കാട്ടുപന്നികളുടെ കണക്കെടുപ്പ് നടത്തി എംപാനൽ ഷൂട്ടർമാരുടെ പട്ടിക തയ്യാറാക്കും. വയനാട്,കോതമംഗലം,മൂന്നാർ മേഖലകൾക്കായി പ്രത്യേക പാക്കേജ്. വന്യജീവി ശല്യമുള്ള പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കുന്നതിനെ കുറിച്ച് പഠനം നടത്താൻ വിദഗ്ധസമിതി രൂപീകരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |