
പരിശോധനാ ഫലം ലഭിക്കാൻ മാസങ്ങൾ
കോഴിക്കോട്: കുറ്റകൃത്യങ്ങളിലടക്കം നിർണായകമായ ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ അതിവേഗം ലഭ്യമാക്കാനാണ് എല്ലാ ജില്ലകളിലും അത്യാധുനിക ഫോറൻസിക് ലാബുകൾ സ്ഥാപിച്ചത്. പക്ഷേ ഫലങ്ങൾക്ക് മാസങ്ങൾ കാത്തിരിക്കണം. 35,196 കേസുകളാണ് സംസ്ഥാനത്തെ ഫോറൻസിക് ലബോറട്ടറികളിൽ കെട്ടിക്കിടക്കുന്നത്.
തിരുവനന്തപുരത്തെ സംസ്ഥാന ലാബിൽ മാത്രം ഈ വർഷം ഏപ്രിൽ വരെ 15,069 കേസുകളുണ്ടെന്ന് വിവരാവകാശ രേഖ. തൃശൂർ റീജിയണൽ ലാബിൽ 7,250 ഉം, കണ്ണൂർ ലാബിൽ 3,676 ഉം, കൊച്ചി ലാബിൽ 3,075 കേസുകളും. പല കേസുകളുടേയും അന്വേഷണം പാതിവഴിയിലാണ്. ഇതിൽ വലിയൊരു പങ്കും സൈബർ ഫോറൻസിക് പരിശോധനകൾക്കുപള്ള സാംപിളുകളാണ്. ഡിജിറ്റൽ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതിനനുസരിച്ച് കേസുകളുടെ എണ്ണവും കുത്തനെ ഉയരുന്നു. കേസുകളുടെ എണ്ണത്തിനനുസരിച്ച് അവ പരിശോധിക്കാൻ ശാസ്ത്രീയ വിദഗ്ദ്ധരും സാങ്കേതിക സംവിധാനങ്ങളുമില്ല.
18 ലാബുകൾ:
ജീവനക്കാർ കമ്മി
കൊച്ചി, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ റീജിയണൽ ഫോറൻസിക് സയൻസ് ലാബുകളും തിരുവനന്തപുരത്ത് സംസ്ഥാന ലാബുമാണുണ്ടായിരുന്നത്. ഇതിന് പുറമേയാണ് സംസ്ഥാനത്തെ 14 ജില്ലകളിലും അത്യാധുനിക ഫോറൻസിക് സയൻസ് ലാബുകൾ. ഇവിടങ്ങളിൽ ആവശ്യത്തിന് ജീവനക്കാരില്ല. ഒരു അസിസ്റ്റന്റ് ഡയറക്ടറും സയന്റിസ്റ്റുമടക്കം ആറു പേരാണ് ജില്ലാ ലാബിന് വേണ്ടത്. പലയിടത്തും രണ്ടും മൂന്നൂം ഉദ്യോഗസ്ഥരേയുള്ളൂ. പ്രതിദിനം ശരാശരി 60 കേസുകളെത്തുമ്പോൾ, 40 കേസുകളിൽ മാത്രമാണ് പരിശോധനാഫലം നൽകാൻ സാധിക്കുന്നത്. ഡി.എൻ.എ ഫലത്തിനും രണ്ടും മൂന്നും ആഴ്ച
കാത്തിരിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |