
കൊച്ചി: മാസപ്പടിക്കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്നുമുതൽ ചോദ്യം ചെയ്യൽ ആരംഭിക്കും. പ്രതിസ്ഥാനത്തുള്ളവർ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ ചോദിച്ചുവാങ്ങി പരിശോധിക്കും.
സി.എം.ആർ.എൽ കമ്പനി ജോയിന്റ് മാനേജിംഗ് ഡയറക്‌ടർ ശരൺ എസ്.കർത്തയ്‌ക്ക് ഇന്ന് കടവന്ത്രയിലെ ഇ.ഡി ഓഫീസിൽ ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണാവിജയൻ ബുധനാഴ്ചയാണ് ഹാജരാകേണ്ടത്. വീണയ്ക്ക് കഴിഞ്ഞ വെള്ളിയാഴ്‌ച നോട്ടീസ് നൽകിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. തിരുവനന്തപുരത്ത് നിന്ന് എറണാകുളം വരെ യാത്ര ചെയ്യുന്നതിലെ ആരോഗ്യപ്രശ്‌നങ്ങൾ ഉന്നയിച്ച് ഒഴിവാകുകയായിരുന്നു.
വീണ ഹാജരായാൽ വിശദമായി ചോദ്യം ചെയ്യും. കൈപ്പറ്റിയ തുകയ്‌ക്ക് നൽകിയ സേവനം എന്തെന്നാകും പ്രധാന ചോദ്യം. ഇക്കാര്യത്തിൽ വ്യക്തത വരുത്തിയില്ലെങ്കിൽ മരവിപ്പിച്ച സ്വത്തുക്കളുടെ കണ്ടുകെട്ടൽ ഉൾപ്പെടെ കൂടുതൽ നടപടികളിലേക്ക് ഇ.ഡി കടക്കും.
സി.എം.ആർ.എൽ മാനേജിംഗ് ഡയറക്‌ടർ ശശിധരൻ കർത്ത, ഭാര്യ ജയ എസ്.കർത്ത, ശരൺ എസ്.കർത്ത, കമ്പനി ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ എട്ടുപേർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. വിവിധ ദിവസങ്ങളിൽ ഹാജരാകാനാണ് നിർദ്ദേശം. ഉദ്യോഗസ്ഥരുടെ മൊഴികൾ റെയ്ഡിൽ രേഖപ്പെടുത്തിയിരുന്നെങ്കിലും ചോദ്യം ചെയ്യൽ ആദ്യമായാണ്.
മാസങ്ങളായി തുടരുന്ന അന്വേഷണത്തിൽ സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്‌സാലോജിക് സൊല്യൂഷൻസും തമ്മിൽ നടത്തിയ 2.78 കോടി രൂപയുടെ ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ ഇ.ഡി ശേഖരിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |