SignIn
Kerala Kaumudi Online
Monday, 15 June 2026 3.14 AM IST

നിപ വ്യാപനമില്ല: മന്ത്രി മുരളീധരൻ  11പേരുടെ ഫലം നെഗറ്റീവ്

jk

കോഴിക്കോട്: നിപ രോഗബാധയുമായി ബന്ധപ്പെട്ട് പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും രോഗ വ്യാപനമുണ്ടായിട്ടില്ലെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ.

നിപ ബാധിച്ച രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ലക്ഷണങ്ങൾ കണ്ടെത്തിയവരെ പരിശോധനയ്ക്ക് വിധേയമാക്കിയതിൽ ഇന്നലെ ലഭിച്ച എട്ടുപേരുടെ പരിശോധനാഫലം ഉൾപ്പെടെ 11 പേരുടെയും ഫലങ്ങൾ നെഗറ്റീവാണ്. നിപ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുയർന്ന രാഷ്ട്രീയ വിമർശനങ്ങൾക്കിടെ,​ ഇന്നലെ കോഴിക്കോട്ടെത്തിയ മന്ത്രി സ്ഥിതിഗതികൾ അവലോകനം ചെയ്തശേഷം പ്രതികരിക്കുകയായിരുന്നു.

നിപ, ഷിഗെല്ല രോഗപ്രതിരോധവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ കളക്ടറുടെ ചേംബറിലായിരുന്നു അവലോകന യോഗം. നിപ രോഗബാധിതൻ കോഴിക്കോട് മെഡിക്കൽ കോളേജ് വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്. ആരോഗ്യനിലയിൽ മാറ്റമില്ല. സമ്പർക്കപ്പട്ടികയിൽ മൂന്നു പേരെക്കൂടി ഉൾപ്പെടുത്തി. മൂന്നുപേരും കുറഞ്ഞ റിസ്ക് വിഭാഗത്തിലുള്ളവരാണ്. ഇതോടെ സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 103 ആയി. ഇതിൽ 45പേർ ആരോഗ്യപ്രവർത്തകരാണ്.

ഷിഗെല്ല: ഇതുവരെ
135 കേസുകൾ

സംസ്ഥാനത്ത് ഈ വർഷം ജനുവരി ഒന്നുമുതൽ ഇതുവരെ 135 ഷിഗെല്ല കേസുകൾ സ്ഥിരീകരിച്ചതായി മന്ത്രി കെ.മുരളീധരൻ അറിയിച്ചു. മൂന്നു മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ രണ്ടും കോഴിക്കോട്ടാണ്. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തതും കോഴിക്കോട്ടാണ്. ഇന്നലെ കോഴിക്കോട് പയ്യോളിയിൽ ഒമ്പതുവയസുകാരനും കുന്ദമംഗലത്ത് ഒരു വയസുകാരനും രോഗം സ്ഥിരീകരിച്ചു. ഇതുൾപ്പെടെ 68 പേർക്കാണ് കോഴിക്കോട്ട് രോഗം സ്ഥിരീകരിച്ചത്. നാല് കുട്ടികൾ മെഡിക്കൽ കോളേജ് മാതൃ ശിശുസംരക്ഷണ കേന്ദ്രത്തിൽ ഐ.സി.യുവിൽ ചികിത്സയിലുണ്ട്.

വയനാട്- 16, തിരുവനന്തപുരം- 14, മലപ്പുറം- 13, കൊല്ലം,ആലപ്പുഴ ആറുവീതം, തൃശൂർ നാല്, ഇടുക്കി മൂന്ന്, എറണാകുളം, കണ്ണൂർ രണ്ടുവീതം, കോട്ടയം ഒന്ന് എന്നിങ്ങനെയാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ഷിഗെല്ല പ്രതിരോധത്തിനായി ജൂൺ ആദ്യവാരം മുതൽ 'സ്റ്റോപ്പ് ഡയറിയ' ക്യാമ്പയിൻ നടത്തുന്നുണ്ട്. ഒ.ആർ.എസ്, സിങ്ക് ഗുളികകളും മരുന്നുകളും എല്ലായിടത്തും ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA