SignIn
Kerala Kaumudi Online
Monday, 15 June 2026 3.35 AM IST

നിപയിൽ വാക്‌പോര് പ്രതിരോധം പാളിയെന്ന് പിണറായി, അമേരിക്കയിലല്ലെന്ന് ആരോഗ്യമന്ത്രി

f

തിരുവനന്തപുരം: നിപ റിപ്പോർട്ട് ചെയ്ത കോഴിക്കോട് ജില്ലയിൽ ആരോഗ്യമന്ത്രി ക്യാമ്പ് ചെയ്യാത്തതിനാൽ പ്രതിരോധം പാളിയെന്ന വിമർശനമുയർത്തി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. എന്നാൽ, കോഴിക്കോട് അമേരിക്കയിലല്ലെന്നും എപ്പോൾ വേണമെങ്കിലും വന്നുപോകാവുന്നതേയുള്ളൂ എന്നും അമേരിക്കയിലിരുന്ന് പിണറായി മന്ത്രിസഭായോഗം നടത്തിയതിനെ പരാമർശിച്ച് മന്ത്രി കെ.മുരളീധരന്റെ

തിരിച്ചടി. നിപ പ്രതിരോധത്തെച്ചൊല്ലി ഭരണ, പ്രതിപക്ഷ വാക്‌പോര് രൂക്ഷമായി.


നിപ പ്രതിരോധത്തിൽ ആരോഗ്യമന്ത്രിയും വകുപ്പും ജില്ലാഭരണകൂടവും തമ്മിൽ ഏകോപനമില്ലെന്ന് പിണറായി വിജയൻ ആരോപിച്ചു. ഉത്തരവാദിത്വപ്പെട്ടവർക്ക് ഇടയിൽ പോലും ആശയക്കുഴപ്പമുണ്ട്. നിപയെ കേരളം ഒറ്റക്കെട്ടായി നിന്നാണ് പ്രതിരോധിക്കേണ്ടത്.

വിഷയത്തിൽ മന്ത്രി മുൻകൈയെടുക്കണം. നിപ കൺട്രോൾ റൂം ജനപ്രതിനിധികൾ അകന്ന് നിൽക്കേണ്ട സ്ഥലമല്ല. പഴയ പ്രതിപക്ഷത്തെപോലെ നിപയെ സി.പി.എം രാഷ്ട്രീയ ആയുധമാക്കില്ലെന്നും വ്യക്തമാക്കി.

ഇതിനു പിന്നാലെയാണ് മന്ത്രിയുടെ മറുപടി. 'വന്ദേഭാരത് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉപയോഗിച്ച് വേഗത്തിൽ കോഴിക്കോടെത്താൻ സാധിക്കും. അമേരിക്കവരെ പോകുന്ന ദൂരമൊന്നും ഇല്ല. അമേരിക്കയിലിരുന്ന് മന്ത്രിസഭായോഗം നടത്തിയ ആളാണ് ഇതുപറയുന്നത്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കോഴിക്കോട് തുടരേണ്ട കാര്യമില്ല. നിപയുടെ സെൻട്രലൈസ്ഡ് സ്റ്റഡിക്കായാണ് തിരുവനന്തപുരത്ത് തുടർന്നത്. കോ- ഓർഡിനേറ്റ് ചെയ്യാൻ അതാണ് എളുപ്പം. നിപ ബാധിതനായ രോഗിയുടെ ജീവൻ നിലനിറുത്താനുള്ള വലിയ പോരാട്ടമാണ് ഡോക്ടർമാർ നടത്തുന്നത്. ഡോക്ടർമാർ മുതൽ ക്ലീനിംഗ് സ്റ്റാഫ് വരെയുള്ളവർ സർക്കാരിനോട് ആത്മാർത്ഥമായി സഹകരിക്കുന്നുണ്ട്'- മന്ത്രി പറഞ്ഞു.

''രാഷ്ട്രീയമായി ആക്രമിക്കുന്നതിൽ കുഴപ്പമില്ല. ഇതൊക്കെ കുറേ കണ്ടതാണ്. വെടിക്കെട്ടുകാരനെ ഉടുക്ക് കൊട്ടി പേടിപ്പിക്കാമെന്ന് വിചാരിച്ചാൽ അതൊന്നും നടപ്പില്ല

-കെ.മുരളീധരൻ,

ആരോഗ്യമന്ത്രി

''ആരോഗ്യമന്ത്രിയും വകുപ്പും ജില്ലാ ഭരണകൂടവും തമ്മിൽ ഏകോപനമില്ലാത്തത് വലിയ പ്രതിസന്ധിയുണ്ടാക്കും. നിപ ബാധിച്ച മേഖലയിൽ മന്ത്രി ക്യാമ്പ് ചെയ്തായിരുന്നു ഇടത് സർക്കാർ കാലത്തെ ഏകോപനം. ഇപ്പോൾ ഈ ജാഗ്രത എവിടെയും കാണുന്നില്ല

-പിണറായി വിജയൻ,

പ്രതിപക്ഷനേതാവ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA