SignIn
Kerala Kaumudi Online
Wednesday, 05 August 2026 2.27 AM IST

61കാരന്റെ ജീവൻ രക്ഷിച്ച രാജേഷ് ഇനി കണ്ണീരോർമ്മ ഒഴുക്കിൽപെട്ടത് രക്ഷാപ്രവർത്തനത്തിനിടെ

READ ENGLISH VERSION
1

കണ്ണൂർ/വിഴിഞ്ഞം: കുത്തിയൊലിക്കുന്ന പുഴയിൽ അകപ്പെട്ട 61കാരനെ സ്വന്തം ലൈഫ് ജാക്കറ്റ് ഊരി നൽകി ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തവേ കൈവിട്ട് ഒഴുക്കിൽപെട്ട രാജേഷ് കണ്ണീരോർമ്മയായി. ശനിയാഴ്ച കണ്ണൂർ ചെറുപുഴ കാര്യങ്കോട് പുഴയിൽ രക്ഷാപ്രവർത്തനത്തിനിടെയാണ് തിരുവനന്തപുരം കല്ലിയൂർ കിഴക്കെ തെറ്റിവിള രാജേഷ് ഭവനിൽ രാജശേഖരന്റെയും ഗീതയുടെയും മകൻ രാജേഷ് (36) ഒഴുക്കിൽപെട്ടത്. പുളിങ്ങോം പാലത്തിന് സമീപത്തുനിന്ന് ഇന്നലെ മൃതദേഹം കണ്ടെത്തി.

സാഹസികത ഏറെ ഇഷ്ടപ്പെട്ടിരുന്ന, നീന്തൽ നന്നായി വശമുള്ള രാജേഷ് തിരിച്ചു വരുമെന്ന കുടുംബത്തിന്റെ കാത്തിരിപ്പ് വിഫലമായി. മീന്തുള്ളി വെള്ളച്ചാട്ടത്തിലെ റെപ്പല്ലിംഗ് ഇൻസ്ട്രക്ടറായിരുന്നു രാജേഷ്. കനത്തമഴയിൽ മീന്തുള്ളി തുരുത്തിൽ അകപ്പെട്ട കോലുവള്ളി ശബനിയിൽ ബെന്നിയെ (61) രക്ഷിക്കുന്നതിനിടെയാണ് രാജേഷ് ഒഴുക്കിൽപ്പെട്ടത്.

സഹപ്രവർത്തകരായ ഷിബിനും റാഫ്റ്റർ ജിതിനുമൊപ്പമാണ് രാജേഷ് കരകവിഞ്ഞൊഴുകിയ 40 മീറ്റർ വീതിയുള്ള കാര്യങ്കോട് പുഴ നീന്തി മീന്തുള്ളിയിലെത്തിയത്. മരണത്തെ മുഖാമുഖം കണ്ട് കരയിൽനിന്നും 50 മീറ്റർ ദൂരത്തിലായിരുന്നു ബെന്നി. രാജേഷും സുഹൃത്തുക്കളും നീളമുള്ള വടം വെള്ളത്തിലേക്ക് എറിഞ്ഞുകൊടുത്തു. എന്നാൽ കയർ സമീപത്തെ തെങ്ങിൽ കെട്ടുന്നതിനിടെ ബെന്നിയുടെ വിരൽ അതിനകത്ത് കുരുങ്ങി മുറിഞ്ഞു.

ഏറെ ശ്രമിച്ച് കയറിൽ നിന്നും വിരലെടുക്കുമ്പോഴേക്കും രാജേഷ് നീന്തി അടുത്തെത്തിയിരുന്നു. രാജേഷ് ധരിച്ചിരുന്ന ജാക്കറ്റ് ഊരി ബെന്നിയെ ധരിപ്പിച്ചു. പുഴ മുറിച്ചുകടക്കാൻ ബെന്നിയെ മുന്നിലും ഷിബിനെയും ജിതിനെയും നടുവിലും നിറുത്തി ഏറ്റവും പുറകിൽ സുരക്ഷാവടത്തിൽ പിടിച്ചുവരികയായിരുന്നു രാജേഷ്. ഇക്കരെ എത്തുന്നതിനു തൊട്ടുമുമ്പാണ് ശക്തമായ ഒഴുക്കിൽ വടത്തിലെ പിടിവിട്ട് രാജേഷ് ഒഴുക്കിൽപെട്ടത്.

മൃതദേഹം ഇന്നുരാവിലെ നാട്ടിലെത്തിക്കും. 10ന് തെറ്റിവിള പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപം പൊതുദർശനത്തിന് വയ്ക്കും. 11ന് സംസ്കാരം. അഡ്വഞ്ചർ ഡിസാസ്റ്റർ സൊസൈറ്റിയിൽ അംഗമായ രാജേഷ് ഒരു മാസം മുമ്പാണ് കണ്ണൂരിൽ പരിശീലനത്തിന്റെ ഭാഗമായി പോയത്. ഒരാഴ്ചമുമ്പ് നാട്ടിലെത്തി മടങ്ങിയിരുന്നു. കായികതാരംകൂടിയായ രാജേഷ് ത്രോ ബോളിൽ ദേശീയ ടീം അംഗമാണ്. ഭാര്യ:ഷാഫിയ. മക്കൾ:ആർഷൻ, അഭിഷേക്. സഹോദരി ആശാവിനോദ്.

കുടുംബത്തിലെ

രണ്ടാമത്തെ ദുരന്തം

രണ്ടു വർഷം മുമ്പ് ഇളയ സഹോദരൻ രഞ്‌ജിത്ത് ട്രെയിനിൽനിന്നു വീണ് മരിച്ചതിന്റെ ആഘാതം മാറുംമുമ്പാണ് കുടുംബത്തിന് രാജേഷിനെയും നഷ്ടമായത്. വയനാട് ദുരന്തത്തിലും രക്ഷാപ്രവർത്തനങ്ങളിൽ മുൻനിരയിലുണ്ടായിരുന്നു രാജേഷ്. എൻ.സി.സി കേഡറ്റുകൾക്ക് ട്രക്കിംഗ് പരിശീലനവും നൽകിയിട്ടുണ്ട്. രാജേഷിന്റെ വീട് ജപ്തി ഭീഷണിയിലാണെന്ന് ബന്ധുക്കൾ പറഞ്ഞു. ലൈഫ് പദ്ധതിയിൽ ലഭിച്ച വീടിന്റെ പണിയും പൂർത്തിയായിട്ടില്ല. കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു രാജേഷ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FOLLOWUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA