
''മൂർത്തി പോയെന്നോ...? അയ്യോ..... അയ്യോ..... ഇത് താങ്ങാൻ കഴിയുന്നതല്ല.''
സൂര്യ കൃഷ്ണ മൂർത്തിയുടെ വിയോഗ വിവരം കേരള കൗമുദിയിൽ നിന്നറിഞ്ഞപ്പോൾ വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ പ്രതികരണം അതീവ ദുഃഖത്തോടെയായിരുന്നു.
സൂര്യ ഫിലിം സൊസൈറ്റി തുടങ്ങും മുമ്പേ എനിക്കു മൂർത്തിയെ പരിചയമുണ്ട്. ചലച്ചിത്ര ഫിലിം സൊസൈറ്റി തുടങ്ങുമ്പോൾ മൂർത്തി അതിനൊപ്പം ഉണ്ടായിരുന്നല്ലോ. ശരിക്കും അടുപ്പം ആകുന്നത് സൂര്യ തുടങ്ങിയപ്പോഴാണ്. പ്രതിഭാശാലിയായ സംഘാടകൻ ആയിരുന്നു മൂർത്തി. എന്നെ സംബന്ധിച്ചിടത്തോളം എന്റെ ആത്മ സുഹൃത്തും സഹോദരനും. അങ്ങനെ മാത്രം പറഞ്ഞാൽ പോര. എന്തിനും പോന്ന ഒരാളായിരുന്നു മൂർത്തി. എല്ലാത്തിനും ബലമേകി കൂടെ നിൽക്കും. അങ്ങനെ ഒരാൾ ഇനി ഇല്ലായെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. കലാലോകത്ത് ഇതിലും മികച്ച ഒരു സംഘാടകനെ കണ്ടെത്താൻ കഴിയില്ല. സംഗീത നാടക അക്കാദമി ചെയർമാനായി വന്നപ്പോൾ എത്ര വ്യത്യസ്ത പരിപാടികളാണ്സൂ മൂർത്തി നടത്തിയത്. തിരുവനന്തപുരത്താണ് തുടങ്ങിയതെങ്കിലും പടർന്ന് പന്തലിച്ച് ലോകമെമ്പാടും സൂര്യ ശാഖകൾ പടർത്തി.
നല്ല നാടകങ്ങൾ മൂർത്തി സംവിധാനം ചെയ്തു. ലൈറ്റ് ആൻഡ് സൗണ്ട് ഷോയിലൂടെ നല്ല സാഹിത്യ രചനകൾ അവതരിപ്പിച്ചു. എത്രയെത്ര ആർട്ടിസ്റ്റുകളെ തലസ്ഥാനത്ത് സൂര്യയുടെ വേദിയിൽ എത്തിച്ചു. വിഖ്യാത ചലച്ചിത്ര സംവിധായകൻ സത്യജിത് റേയെ തിരുവനന്തപുരത്ത് കൊണ്ടു വന്നു. ഞാൻ എല്ലാ പിന്തുണയും നൽകിയിരുന്നു. റേ വന്നപ്പോൾ, ഞങ്ങൾ 'കേരള കൗമുദി'ഓഫീസിലേക്ക് റേയെ കൂട്ടിയെത്തിയത് ഇപ്പോഴും ഓർക്കുന്നു.
നൃത്ത -സംഗീത രംഗത്തെ എല്ലാ പ്രതിഭകളെയും സൂര്യയുടെ വേദിയിൽ കൊണ്ടുവന്നു. പതിവുപോലെ ഈ ഓണത്തിനും ഞാൻ മൂർത്തിയുടെ വീട്ടിൽ പോയി ഊണു കഴിച്ചു. ഇടയ്ക്കു വന്ന അസുഖത്തെക്കുറിച്ച് പറഞ്ഞു. പിന്നീടും കണ്ടിരുന്നു. ഇടയ്ക്ക് വീണ്ടും ആശുപത്രിയിലായെന്നും കേട്ടു. ഇത് സഹിക്കാൻ പറ്റില്ല. തലസ്ഥാനത്ത് മൂർത്തിയുടെ വിയോഗം സൃഷ്ടിക്കുന്ന ശൂന്യത പറഞ്ഞറിയിക്കാൻ കഴിയില്ല. ഇപ്പോൾ കൂടുതലായി എനിക്കൊന്നും പറയാൻ തോന്നുന്നില്ല. അടൂർ വിതുമ്പി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |