
തിരുവനന്തപുരം: മന്ത്രവാദവും അന്ധവിശ്വാസ ചൂഷണവും ഹാനികരമായ പ്രവൃത്തികളും തടയാനുള്ള ബില്ലിന്റെ കരട് വിദഗ്ദ്ധ സമിതി സർക്കാരിന് സമർപ്പിച്ചു. അമാനുഷികമോ അസാധാരണമായതോ ആയ ശക്തികളുണ്ടെന്ന് അവകാശപ്പെട്ട് ജനങ്ങളെ വഞ്ചിക്കുക, ഭീഷണിപ്പെടുത്തുക, ചൂഷണം ചെയ്യുക, ശാരീരികമോ മാനസികമോ സാമ്പത്തികമോ ആയ ദോഷം വരുത്തുക തുടങ്ങിയ പ്രവൃത്തികൾ തടയുകയാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം. അതേസമയം, ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യവും നിയമപരമായ മത-പരമ്പരാഗത ആചാരങ്ങളും സംരക്ഷിക്കുന്ന വ്യവസ്ഥകളും ബില്ലിലുണ്ട്. നിയമപരിഷ്‌കരണ കമ്മിഷൻ വൈസ് ചെയർമാനും മുൻ നിയമ സെക്രട്ടറിയും മുൻ ജില്ല ജഡ്ജിയുമായ കെ. ശശിധരൻ നായർ, മുൻ പൊലീസ് മേധാവിയും മുൻ ഡി.ജി.പിയുമായ ജേക്കബ് പുന്നൂസ് എന്നിവരാണ് കരടുബില്ല് സമിതിയിലെ അംഗങ്ങൾ. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് 2025 നവംബർ 12നാണ് വിദഗ്ദ്ധ സമിതി രൂപീകരിച്ചത്. സാമൂഹിക, നിയമ, ഭരണഘടനാ മേഖലകൾ പരിശോധിച്ച സമിതി നിലവിലുള്ള നിയമങ്ങളുടെ പരിമിതികളും മറ്റ് സംസ്ഥാനങ്ങളിലെ നിയമങ്ങളും പഠിച്ചാണ് കരട് തയ്യാറാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |