
കൊച്ചി: ഡിവിഷൻ ബെഞ്ചിലെ ജഡ്‌ജിമാർ സന്ദർശിച്ച് നിർദ്ദേശം നൽകിയിട്ടും സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ സ്ഥിതി മെച്ചപ്പെടാത്തിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കേന്ദ്രങ്ങളുടെ പ്രവർത്തനത്തിലെ രഹസ്യസ്വഭാവം അവസാനിപ്പിക്കും. മാദ്ധ്യമങ്ങൾക്കടക്കം പ്രവേശനം നൽകി സാമൂഹിക ഓഡിറ്റിംഗിന് വിധേയമാക്കുമെന്നും കോടതി വാക്കാൽ പറഞ്ഞു. സിസ്റ്റം മാറിയേ പറ്റൂ. അല്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ബെഞ്ച് വാക്കാൽ പറഞ്ഞു.
മാനസികാരോഗ്യ കേന്ദ്രങ്ങളിൽ രോഗികളുടെ സ്വകാര്യതയുടെ പേരിൽ എല്ലാം രഹസ്യമാക്കുകയാണ്. വിസർജ്യവും ഭക്ഷണാവശിഷ്ടവും ഇടകലർന്ന സെല്ലുകൾ യുദ്ധത്തടവറകളേക്കാൾ ഭീകരമാണ്. അത് കണ്ടതിന്റെ ഞെട്ടലിൽ ഉറക്കം നഷ്ടപ്പെടുന്നു. രോഗികൾക്ക് ഭക്ഷണമെത്തിക്കാൻ വാഹനം സജ്ജമാക്കണമെന്ന കോടതിയുടെ ചെറിയ നിർദ്ദേശംപോലും പാലിച്ചില്ല. ജഡ്‌ജിമാരടക്കം വി.ഐ.പികൾക്ക് കാർ വാങ്ങി നൽകാൻ സർക്കാരിന് മിനിട്ടുകൾ മതിയാകും. രോഗികളും കൂട്ടിരിപ്പുകാരും സാധാരക്കാരായതിനാലാണ് അവഗണിക്കപ്പെടുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
മാറ്റമുണ്ടായെന്ന് സർക്കാർ, ഇല്ലെന്ന് കോടതി
ഡിവിഷൻ ബെഞ്ചിന്റെ സന്ദർശനത്തിന് ശേഷം മാറ്രമുണ്ടായെന്ന് സർക്കാർ അറിയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് കേന്ദ്രങ്ങളിൽ സന്ദർശിച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും സ്ഥിതി മെച്ചപ്പെട്ടിട്ടില്ല. മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നത്. കോടതിക്ക് കണ്ണടയ്‌ക്കാനാകില്ല. നിരന്തരം ഇടപെടുമെന്നും ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട നേപ്പാൾ സ്വദേശി മൂന്നു പേരെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത ഹർജിയടക്കമാണ് ഹൈക്കോടതി പരിഗണിക്കുന്നത്. സർക്കാരിന്റെ വിശദീകരണത്തിനായി വിഷയം വ്യാഴാഴ്ചത്തേക്ക് മാറ്റി. കേസിൽ അഡ്വക്കേറ്റ് ജനറൽ ഹാജരാകണമെന്നും കോടതി വാക്കാൽ നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |