
കൈകൾ കെട്ടിയിട്ടു, രാസലഹരി കഴിപ്പിച്ചു
കൊച്ചി: എറണാകുളം സ്വദേശിയായ യുവതിയെ കോവളത്തെ ഹോം സ്റ്റേയിൽ തടവിലാക്കി കൈകൾ കെട്ടിയിട്ട് ആൺ സുഹൃത്ത് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് രണ്ട് ദിവസം. ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഇയാൾ 25 ലക്ഷം രൂപയും തട്ടിയെടുത്തു. ഫെബ്രുവരിയിലെ സംഭവത്തിൽ മാനസികമായി തകർന്ന 33കാരി ജീവിതത്തിലേക്ക് തിരിച്ചുവരുന്നതേയുള്ളൂ. ഇവരുടെ പരാതിയിൽ തിരുവനന്തപുരത്തെ പ്രമുഖ ട്രാവൽസ് ഉടമയായ യുവാവിനെതിരെ കോവളം പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാൾ ഒളിവിലാണ്.
വിവാഹിതയായ യുവതി വിദേശത്ത് നഴ്സാണ്. അവിടെ വച്ച് ഇൻസ്റ്റഗ്രാമിലൂടെ ആലപ്പുഴ സ്വദേശിയായ ട്രാവൽസ് ഉടമയുമായി സൗഹൃദത്തിലായിരുന്നു. ഇയാൾ വഴിയാണ് 27 വയസുള്ള തിരുവനന്തപുരം സ്വദേശിയെ പരിചയപ്പെട്ടത്. കഴിഞ്ഞ വർഷം ഇയാൾ 2.5 ലക്ഷം രൂപ യുവതിയിൽ നിന്ന് കടം വാങ്ങിയിരുന്നു. ഫെബ്രുവരിയിൽ നാട്ടിലേക്ക് വരാൻ യുവതിക്ക് കൊച്ചിയിലേക്ക് വിമാനം ലഭിക്കാത്തതിനെ തുടർന്ന് തിരുവനന്തപുരത്തേക്ക് ടിക്കറ്റെടുത്തു. എത്തുമ്പോൾ 2.5 ലക്ഷം തിരികെ നൽകാമെന്ന് പ്രതി വാക്കുകൊടുത്തിരുന്നു. പുലർച്ചെ എത്തിയപ്പോൾ കാറിൽ കോവളത്തെ ഹോംസ്റ്റേയിലേക്ക് കൊണ്ടുപോയി. തുടർന്നാണ് കൈകൾ ഉടുമുണ്ടുകൊണ്ട് കെട്ടിയിട്ട് പീഡിപ്പിച്ചത്.
ക്രൂരപീഡനത്തിന് ശേഷം രാസലഹരി പ്രതി ഉപയോഗിക്കുകയും യുവതിയുടെ വായിൽ തിരുകുകയും ചെയ്തു. രണ്ട് ദിവസം അബോധാവസ്ഥയിലായിരുന്നു ഇവർ. പീഡനവിവരം പുറത്തുപറഞ്ഞാൽ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. ഭർത്താവും മകനുമുള്ള യുവതി ഇതോടെ ഭീതിയിലായി. തുടർന്നാണ് ഭീഷണിപ്പെടുത്തി പലതവണയായി പണം കൈക്കലാക്കിയത്. സംഭവം പ്രതിയുടെ മാതാവിനെ അറിയിച്ചെങ്കിലും അവരും ഭീഷണിപ്പെടുത്തിയെന്ന് യുവതി പറഞ്ഞു. ആദ്യം പരിചയപ്പെട്ട ആലപ്പുഴ സ്വദേശിയുടെ പ്രതികരണവും സമാനമായിരുന്നു.
ഇതോടെ ആകെ തളർന്ന യുവതി ഈ മാസം ആദ്യമാണ് ആലുവ റൂറൽ എസ്.പിയെ നേരിൽ കണ്ട് പരാതി നൽകിയത്. സീറോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കോവളം പൊലീസിന് കൈമാറുകയായിരുന്നു. ഒക്ടോബർ 12നാണ് കോവളം പൊലീസ് കേസെടുത്തത്. പ്രതിയുടെ ഫോണിൽ നിരവധി സ്ത്രീകളുടെ ചിത്രങ്ങൾ ഉണ്ടെന്നും ഇവരെ സമാനമായി ഇരയാക്കിയിട്ടുണ്ടാകുമെന്നും യുവതി പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |