തിരുവനന്തപുരം: ദേശീയ വികസന സൂചികകളില്‍ പലതിലും ഇന്ത്യയ്ക്ക് ഒട്ടാകെ മാതൃകയായ കേരളം നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്‍.ഡി.ഐ) ആകര്‍ഷിക്കുന്ന കാര്യത്തില്‍ 2025-26 സാമ്പത്തികവര്‍ഷം പിന്നാക്കം പോയെന്ന് വ്യക്തമാക്കി ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്റ് ഇന്റേണല്‍ ട്രേഡിന്റെ (ഡി.പി.ഐ ഐ.ടി) റിപ്പോര്‍ട്ട്.
കേരളം പോലൊരു സംസ്ഥാനത്തിന് സാമ്പത്തികമായി മുന്നേറുന്നതിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും നേരിട്ടുള്ള വിദേശ നിക്ഷേപം അനിവാര്യമായ ഘടകമാണ്. എന്നാല്‍ എഫ്.ഡി.ഐ.യില്‍ അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം പിന്നിലായിരിക്കുകയാണിപ്പോള്‍. ഇന്ത്യയുടെ ആകെ വിദേശ നിക്ഷേപത്തിന്റെ ഒരു ശതമാനത്തിനും താഴെ മാത്രമാണ് കേരളത്തിലെത്തുന്ന എഫ്.ഡി.ഐ. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ വിദേശ നിക്ഷേപത്തില്‍ വലിയ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതിന് നിരവധി കാരണങ്ങള്‍ വിദഗ്ദ്ധര്‍ ചൂണ്ടികാട്ടുന്നുണ്ട്. കേരളത്തില്‍ വ്യവസായ അനുകൂല സാഹചര്യങ്ങള്‍ അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇപ്പോഴും അപര്യാപ്‌തമാണെന്നും വന്‍കിട ഐ.ടി. സേവന മേഖലകളുടെ കുറവ് പോരായ്‌മയാണെന്നും വാദഗതികളുണ്ട്. കഴിഞ്ഞ ആറുവര്‍ഷത്തെ കണക്കുകള്‍ പ്രകാരം രാജ്യത്തിന്റെ മൊത്തം എഫ്.ഡി.ഐയില്‍ കേരളത്തിന്റെ വിഹിതം ഒരു ശതമാനത്തില്‍ താഴെയാണ്. ദക്ഷിണേന്ത്യയിലെ അഞ്ച് പ്രധാന സംസ്ഥാനങ്ങളില്‍ ഏറ്റവും കുറഞ്ഞ വളര്‍ച്ച രേഖപ്പെടുത്തിയതും കേരളത്തിലാണ്.
കേരളത്തില്‍ 2025-26 സാമ്പത്തിക വര്‍ഷത്തില്‍ വിദേശ നിക്ഷേപത്തിന്റെ വരവ് 3,281.21 കോടി രൂപയായിരുന്നു. മുന്‍വര്‍ഷം ഇത് 3,330.26 കോടിയായിരുന്നു. 1.5 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കര്‍ണാടകയിലേക്ക് വന്ന വിദേശ നിക്ഷേപം ഇരട്ടിയിലധികമായാണ് വര്‍ദ്ധിച്ചിരിക്കുന്നത് (1,12,869.88 കോടി). തമിഴ്‌നാട്ടില്‍ 32 ശതമാനം വര്‍ദ്ധിച്ച് 41,197.97 കോടിയായി. ആന്ധ്രയില്‍ 1,957.05 കോടിയില്‍ നിന്ന് 5,354.40 കോടിയായും എഫ്.ഡി.ഐ 2025-26ല്‍ വളര്‍ന്നു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളത്തെ പോലെ വിദേശ നിക്ഷേപത്തില്‍ ഇടിവ് സംഭവിച്ചത് തെലങ്കാനയിലാണ്. തെലങ്കാനയുടെ നിക്ഷേപം 19,930.29 കോടിയായി കുറഞ്ഞെങ്കിലും ആകെ തുകയുടെ കാര്യത്തില്‍ തെലങ്കാന കേരളത്തെക്കാള്‍ മുന്നിലാണ്. സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയാണ് വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. എങ്കിലും മഹാരാഷ്ട്രയുടെ വിഹിതം മുന്‍വര്‍ഷത്തെ 39.16 ശതമാനത്തില്‍ നിന്ന് 31.30 ആയി ചുരുങ്ങി. അതേസമയം രണ്ടാം സ്ഥാനം നിലനിര്‍ത്തിയ കര്‍ണാടകയുടെ വിഹിതം 13.23 ശതമാനത്തില്‍ നിന്ന് 21.99 ആയി കുതിച്ചുയര്‍ന്നിട്ടുണ്ട്.
കേരളത്തില്‍ വിദേശ നിക്ഷേപത്തില്‍ കുറവുണ്ടായെങ്കിലും ചില സുപ്രധാന മുന്നേറ്റങ്ങള്‍ സംഭവിക്കുന്നു എന്നത് ആശാവഹമാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പങ്കാളിത്തത്തില്‍ ആഗോള ഷിപ്പിംഗ് ഭീമന്മാരായ എംഎസ്.സി 49 ശതമാനം ഓഹരികള്‍ വാങ്ങാനായി വന്‍തോതില്‍ വിദേശ നിക്ഷേപം നടത്താന്‍ മുന്നോട്ടുവന്നിട്ടുണ്ട്.
ലോക സാമ്പത്തിക ഫോറം വഴി ഉള്‍പ്പെടെ വിവിധ കമ്പനികളുമായി അടിസ്ഥാന സൗകര്യ വികസനത്തിനും വ്യവസായ പാര്‍ക്കുകള്‍ക്കുമായി പുതിയ നിക്ഷേപ കരാറുകളില്‍ സംസ്ഥാന സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടത് അഭിലഷണീയമായ പുരോഗതിയാണ്. കേരളത്തില്‍ വന്‍കിട നിക്ഷേപങ്ങള്‍ സ്വാഗതം ചെയ്യുമ്പോള്‍ സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത, സ്ഥലപരിമിതി, പരിസ്ഥിതി, ജനസാന്ദ്രത തുടങ്ങിയ കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. വന്‍കിട ഹൈടെക് കമ്പനികള്‍ക്ക് ആവശ്യമായ നിരവധി അനുകൂല സാഹചര്യങ്ങള്‍ കേരളത്തിലുണ്ടെങ്കിലും വ്യക്തമായ നയരൂപീകരണങ്ങളുടെ അഭാവം കേരളത്തിനുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ പൊതുവില്‍ ചൂണ്ടിക്കാട്ടുന്ന വസ്‌തുതയാണ്.
വിദേശ നിക്ഷേപ വര്‍ദ്ധനയ്ക്ക് കേരളം കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടത് വ്യവസായ സൗഹൃദ നയരൂപീകരണം, അനുമതി വ്യവസ്ഥകള്‍ ഉദാരമാക്കല്‍, സിംഗിള്‍ വിന്‍ഡോ സംവിധാനം വേഗത്തിലാക്കല്‍ തുടങ്ങിയ കാര്യങ്ങളിലാണ്. കേരളത്തിന് അനുയോജ്യമായ ഐ.ടി, ടൂറിസം, ആരോഗ്യം തുടങ്ങിയ മേഖലകളുടെ വികസനത്തിന് ഉയര്‍ന്ന സാങ്കേതികവിദ്യ, ഹരിത ഊര്‍ജ്ജം, ഡാറ്റാസെന്ററുകള്‍ എന്നിവ പ്രാവര്‍ത്തികമാക്കുന്നതിന് ആഗോള നിക്ഷേപകരെ വലിയ തോതില്‍ ഇവിടേക്ക് ആകര്‍ഷിക്കേണ്ടതുണ്ട്.
അതുപോലെ തന്നെയാണ് മലയാളികളായ പ്രവാസികളുടെ നിക്ഷേപങ്ങളും ഫണ്ടുകളും കേരളത്തിന്റെ ഉല്പാദന മേഖലയിലേക്ക് കൊണ്ടുവരാന്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കേണ്ടയിരിക്കുന്നു. വിദേശ നിക്ഷേപം ആകര്‍ഷിക്കണമെങ്കില്‍ സക്രിയമായ കര്‍മ്മപദ്ധതികളും സൗഹൃദ നിയരൂപീകരണവും അത്യന്താപേക്ഷിതമായ ഘടകങ്ങളാണെന്നാണ് ആധുനിക ആഗോള ലോകക്രമം ഓര്‍മ്മപ്പെടുത്തികൊണ്ടിരിക്കുന്നത്.
(ഫൊക്കാന മുൻപ്രസിഡന്റും നാമം ( യു.എസ്.എ) ഫൗണ്ടർ പ്രസിഡന്റുമാണ് ലേഖകനായ മാധവന്‍ ബി നായര്‍)
Kerala’s FDI inflow fell 1.5% to ₹3,281.21 crore in 2025-26, while neighbouring states such as Karnataka, Tamil Nadu and Andhra Pradesh recorded significant growth. Experts cite gaps in industrial-friendly policies and large IT sectors as key challenges. The report highlights the need for faster approvals, stronger infrastructure and investor-friendly policies to attract more foreign investment.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |