
തിരുവനന്തപുരം: കേരള സർവകലാശാലയുടെ പേര് 'കേരളം സർവകലാശാല' എന്നാക്കാനുള്ള പ്രമേയം യൂണിവേഴ്സിറ്റി സെനറ്റ് ഐകകണ്‌ഠ്യേന തള്ളി.
എയ്ഡഡ് കോളേജ് അദ്ധ്യാപക സംഘടനാ നേതാവ് ഡോ. വിഷ്‌ണു ഗോപനാണ് പേരുമാറ്റത്തിനായി പ്രമേയം അവതരിപ്പിച്ചത്. എന്നാൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് കേരള സർവകലാശാലയെന്ന പേരിലുള്ള സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്നും പേരു മാറ്റം പ്രായോഗികമല്ലെന്നും സിൻഡിക്കേറ്റംഗം ആർ.എസ്. ശശികുമാർ മറുപടി നൽകി.
യോഗത്തിൽ അദ്ധ്യക്ഷനായ വി.സി അംഗങ്ങളുടെ അഭിപ്രായം തേടി. ഏകകണ്‌ഠമായി അംഗങ്ങൾ പേരു മാറ്റത്തെ എതിർത്തതോടെ പ്രമേയം തള്ളി.
ക്യാമ്പസ് രാഷ്ട്രീയത്തിന്
പെരുമാറ്റച്ചട്ടം
ക്യാമ്പസ് രാഷ്ട്രീയത്തിന് വിലക്കേർപ്പെടുത്തില്ലെന്നും,പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്നും അജയ് ജ്യൂവൽ കുര്യാക്കോസ് , യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ എസ്.ശിവയുടെ അടിയന്തര പ്രമേയത്തിന് മറുപടി നൽകി. 100 കോടി രൂപ പാട്ടക്കുടിശിക വരുത്തിയ ഏജൻസിയിൽ നിന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം നിയമോപദേശം തേടിയ ശേഷം സർക്കാരുമായി കൂടിയാലോചിച്ച് സർവകലാശാല ഏറ്റെടുക്കും.
ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ, സിനിമാ നടൻ മധു, സംവിധായകനും ഗാന രചയിതാവുമായ ശ്രീകുമാരൻ തമ്പി, ഇന്ത്യൻ ഹോക്കി ടീം മുൻ ക്യാപ്റ്റൻ ഒളിമ്പ്യൻ പി. ആർ. ശ്രീജേഷ് എന്നിവർക്ക് ഓണററി ഡോക്ടറേറ്റ് നൽകാൻ ഒക്ടോബർ 25ന് ബിരുദദാന ചടങ്ങ് നടത്തുമെന്ന് വി.സി ഡോ.മോഹനൻ കുന്നുമ്മേൽ അറിയിച്ചു.
2സീറ്റിലും
ഇടത് ജയം
സിൻഡിക്കേറ്റിലേക്കുള്ള വിദ്യാർത്ഥി പ്രതിനിധിയായി എസ്.ശ്രീജിത്തിനെയും കാർഷിക സർവകലാശാല ജനറൽ കൗൺസിലേയ്ക്ക് പ്രിയ പ്രിയദർശനെയും തിരഞ്ഞെടുത്തു.
ഇടതു സ്ഥാനാർത്ഥികളായ ശ്രീജിത്തിന് 38ഉം പ്രിയയ്ക്ക് 36ഉം വോട്ടാണ് കിട്ടിയത്. യു.ഡി.എഫിന്റെ സ്ഥാനാർത്ഥികൾക്ക് 28 വോട്ടും.
കേരള യൂണി. തിരഞ്ഞെടുപ്പിൽ
ബി.ജെ.പി വോട്ട് ഇടതിന് മറിഞ്ഞു
തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റിലേക്കുള്ള വിദ്യാർത്ഥി പ്രതിനിധി, കാർഷിക സർവകലാശാല ജനറൽ കൗൺസിലേക്കുള്ള കേരള സർവകലാശാല പ്രതിനിധി തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയുടെ വോട്ടുകൾ ഇടതിന് ലഭിച്ചു.
സിൻഡിക്കേറ്റിലേക്കുള്ള
വിദ്യാർത്ഥി പ്രതിനിധിയായ എസ്.എഫ്.ഐ നേതാവ് എസ്.ശ്രീജിത്തിന് 37 വോട്ട് കിട്ടി. ബി.ജെ.പിയുടെ രണ്ട് വോട്ട് ഇതിൽ ഉൾപ്പെടുന്നു. ബി.ജെ.പിക്ക് സ്ഥാനാർത്ഥിയുണ്ടായിരുന്നില്ല. യു.ഡി.എഫിന്റെ സിദ്ദി 28 വോട്ട് നേടി.
ജനറൽ കൗൺസിലേക്കുള്ള പ്രതിനിധി തിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥിയായ പ്രിയ പ്രിയദർശന് രണ്ടാം റൗണ്ടിലാണ് ബി.ജെ.പിയുടെ ഒരു വോട്ട് കിട്ടിയത്. ആദ്യറൗണ്ടിൽ ഇടതിന് 36, യു.ഡി.എഫിന് 29, ബി.ജെ.പിക്ക് 15 വോട്ടാണുണ്ടായിരുന്നത്. 41 ആയിരുന്നു വിജയിക്കാൻ ആവശ്യമായ ക്വോട്ട. കുറഞ്ഞ വോട്ടുകിട്ടിയ ബി.ജെ.പിയുടെ സജികുമാറിനെ ഒഴിവാക്കി. അടുത്ത റൗണ്ടിൽ പ്രിയയ്ക്ക് 37 വോട്ടു കിട്ടിയപ്പോൾ, യു.ഡി.എഫിന്റെ വിഷ്‌ണു ഗോപൻ 29 നിലനിറുത്തി. ക്വോട്ട തികഞ്ഞില്ലെങ്കിലും കൂടുതൽ വോട്ടുകിട്ടിയ ആളെ വിജയിയായി തിരഞ്ഞെടുത്തു. സി.പി.എം- ബി.ജെ.പി ഡീലാണ് നടന്നതെന്ന് യു.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താൻ ഇരുകൂട്ടരും ധാരണയുണ്ടാക്കിയെന്നാണ് ആരോപണം. നോമിനേറ്റഡ് അംഗങ്ങളും സെനറ്റിലെ എം.എൽ.എമാരും മാറിയതോടെയാണ് ഇടതിന് ജയിക്കാനുള്ള ക്വോട്ട തികയ്ക്കാൻ കഴിയാതെ വന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |