
കൊച്ചി: കെട്ടിട പെർമിറ്റിനായി നടുറോഡിൽ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ ഉദ്യോഗസ്ഥയെ കൊച്ചി കോർപറേഷൻ സസ്‌പെൻഡ് ചെയ്തു. ബിൽഡിംഗ് ഇൻസ്‌പെക്ടറായ എ സ്വപ്നയ്‌ക്കെതിരെയാണ് കോർപറേഷൻ നടപടി സ്വീകരിച്ചത്. എറണാകുളം സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. വിജിലൻസിന്റെ അഴിമതിപ്പട്ടികയിലെ മുൻനിരക്കാരിയായിരുന്നു സ്വപ്ന. ഉദ്യോഗസ്ഥ വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്ന വിവരം വിജിലൻസിന് ലഭിച്ചിരുന്നു. വിജിലൻസ് തയാറാക്കിയ പട്ടികയിൽ കോർപറേഷന്റെ വൈറ്റിലയിലുള്ള സോണൽ ഓഫിസിലെ മറ്റ് ഉദ്യോഗസ്ഥരുമുണ്ട്.
കോർപറേഷൻ പരിധിയിൽ അഞ്ചുനില കെട്ടിടം പണിയുന്നതിനുള്ള പെർമിറ്റിനായാണ് പരാതിക്കാരൻ നഗരസഭയിൽ എത്തിയത്. ഇതിനിടെയാണ് ബിൽഡിംഗ് ഇൻസ്‌പെക്ടറായ സ്വപ്ന കൈക്കൂലി ആവശ്യപ്പെട്ടത്. തുടർന്ന് പരാതിക്കാരൻ എറണാകുളം വിജിലൻസ് സെൻട്രൽ യൂണിറ്റ് എസ്.പിയെ നേരിൽ കണ്ട് പരാതി നൽകുകയായിരുന്നു. വിജിലൻസിന്റെ നിർദ്ദേശപ്രകാരം പരാതിക്കാരൻ പണവുമായി വൈറ്റിലയിൽ എത്തി. ഈ സമയം കൈക്കൂലി വാങ്ങാൻ സ്വന്തം കാറിൽ കാത്തുനിൽക്കുകയായിരുന്നു സ്വപ്ന. പണം കൈപ്പറ്റുന്നതിനിടെ വിജിലൻസ് സംഘം വളഞ്ഞ് ഉദ്യോഗസ്ഥയെ പിടികൂടുകയായിരുന്നു.
തൃശൂരിലായിരുന്ന സ്വപ്ന 2023ലായിരുന്നു കൊച്ചി കോർപഷന്റെ ഓഫീസിലേക്ക് എത്തിയത്. ഫസ്റ്റ് ഗ്രേഡ് ഓവർസിയർ തസ്തികയിലുള്ള സ്വപ്നയ്ക്ക് ബിൽഡിംഗ് ഇൻസ്പെക്ടറുടെ ചുമതല കൂടി ലഭിച്ചിരുന്നു. കൊച്ചി കോർപറേഷന് ഈ ഉദ്യോഗസ്ഥരുടെ മേൽ കാര്യമായ നിയന്ത്രണം ഇല്ലാത്തത്, പരാതികൾ ഉയർന്നാലും നടപടിയെടുക്കുന്നതിന് തടസമാകുന്നുവെന്ന് വാദവും ഉയർന്നിരുന്നു. നടപടി എടുക്കണമെങ്കിൽ ഇക്കാര്യം കോർപറേഷൻ തദ്ദേശ വകുപ്പിനെ അറിയിക്കുകയും അവർ തീരുമാനിക്കുകയുമാണ് ചെയ്യുക. സ്വപ്നയുടെ അറസ്റ്റിന് പിന്നാലെ വിജിലൻസ് വ്യാപക പരിശോധന നടത്തിവരികയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |