SignIn
Kerala Kaumudi Online
Friday, 05 June 2026 12.53 AM IST

കരാട്ടെ പരിശീലകൻ പീഡന ഗുരുവായി, പെൺകുട്ടി പുഴയിൽ മുങ്ങിമരിച്ച നിലയിൽ

READ ENGLISH VERSION

pocso

സംഭവം പോക്സോ കേസ് നൽകാനിരിക്കെ

കൊണ്ടോട്ടി: എടവണ്ണപ്പാറയിൽ പ്ലസ്‌വൺ വിദ്യാർത്ഥിനിയെ ചാലിയാർ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കരാട്ടെ പരിശീലകനെതിരെ പീ‌‌ഡനമാരോപിച്ച് പെൺകുട്ടിയുടെ കുടുംബം പരാതി നൽകി. പരിശീലകനെതിരെ പോക്‌സോ കേസ് നൽകാനിരിക്കെയാണ് 17കാരിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ചൊവ്വാഴ്ച വൈകിട്ട് ആറോടെയാണ് പെൺകുട്ടിയെ കാണാതായത്. രാത്രി എട്ടോടെ ചാലിയാർ പുഴയിൽ അധികം വെള്ളമില്ലാത്ത ഭാഗത്ത് കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മേൽവസ്ത്രം ഉണ്ടായിരുന്നില്ല. ഒരു ചെരുപ്പും മൃതദേഹത്തിനൊപ്പം കണ്ടെത്തി. ആത്മഹത്യ ചെയ്യില്ലെന്നും പരിശീലകനെതിരെ കേസ് നൽകാൻ പെൺകുട്ടി തീരുമാനിച്ചിരുന്നതായും കുടുംബം പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തെ സ്കൂളിലെ പ്ലസ്‌വൺ വിദ്യാ‌ർത്ഥിനിയാണ് പെൺകുട്ടി. സ്കൂളിലെ കൗൺസലിംഗിലാണ് പീഡനവിവരം വെളിപ്പെടുത്തിയത്. സ്കൂൾ അധികൃതർ കോഴിക്കോട് ശിശുക്ഷേമ അധികൃതരെ വിവരമറിയിച്ചു. തുടർന്ന് പരാതി വാഴക്കാട് പൊലീസിന് കൈമാറി. പെൺകുട്ടി അപ്പോൾ സംസാരിക്കാൻ കഴിയുന്ന സ്ഥിതിയിലല്ലാഞ്ഞതിനാൽ മൊഴിയെടുക്കൽ മാറ്റി. ആരോപണ വിധേയനായ കരാട്ടെ പരിശീലകനെതിരെ നിലവിൽ രണ്ടു പോക്‌സോ കേസുകളുണ്ട്. ഊർക്കടവിലെ ഇയാളുടെ വീട്ടിൽവച്ചുള്ള കരാട്ടെ പരിശീലനത്തിൽ വിവിധ ബാച്ചുകളിലായി മുപ്പതോളം കുട്ടികളുണ്ട്. പത്താം ക്ലാസിൽ മികച്ച മാർക്കോടെ വിജയിച്ച പെൺകുട്ടി മാനസിക പ്രയാസത്തെ തുടർന്ന് രണ്ടാഴ്ചയോളമായി സ്കൂളിൽ പോയിട്ടില്ല. പീഡനത്തെക്കുറിച്ച് ചോദിച്ചപ്പോൾ പരിശീലകൻ ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് തെറ്റുപറ്റിപ്പോയെന്ന് ഏറ്റുപറഞ്ഞതായി പെൺകുട്ടിയുടെ സഹോദരിമാർ പറഞ്ഞു. പെൺകുട്ടിയുടെ പിതാവ് അദ്ധ്യാപകനാണ്. സാമ്പത്തികമായി ഉയർന്ന കുടുംബവുമാണ്. മൂന്ന് പെൺകുട്ടികളിൽ ഇളയവളാണ് മരിച്ചത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരമനുസരിച്ച് മരിക്കുമ്പോൾ ലൈംഗിക അതിക്രമം നടന്നതിന്റെ തെളിവുകൾ കണ്ടെത്താനായിട്ടില്ലെന്നും പരാതിയിൽ അന്വേഷണം നടത്തുകയാണെന്നും വാഴക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ രാജൻ ബാബു പറഞ്ഞു.

എല്ലാം ഗുരുവിന് സമർപ്പിക്കണം!

എട്ടാം ക്ലാസിൽവച്ചാണ് പെൺകുട്ടി കരാട്ടേക്ക് ചേർന്നത്. മൂന്ന് വർഷത്തോളമായി പരിശീലകൻ ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്നും ഇക്കാര്യം തങ്ങൾ വൈകിയാണ് അറിഞ്ഞതെന്നും പെൺകുട്ടിയുടെ സഹോദരി പറഞ്ഞു. സെപ്തംബർ 15ന് വീണ്ടും പീഡിപ്പിച്ചതോടെ പെൺകുട്ടി കടുത്ത മാനസിക പ്രയാസത്തിലായി. കരാട്ടെ ക്ലാസിലെ മറ്റു പെൺകുട്ടികളെയും കരാട്ടെയുടെ പാഠങ്ങളാണെന്ന് വിശ്വസിപ്പിച്ച് പീഡിപ്പിച്ചിരുന്നു. ഇയാൾ ഗുരുവും ദൈവവുമാണെന്നും ശരീരവും മനസും ഗുരുവിന്റെ തൃപ്തിക്കായി സമർപ്പിക്കണമെന്നും കുട്ടികളെ വിശ്വസിപ്പിക്കും. നെഞ്ചത്ത് കൈവച്ചാലെ ഗുരുവിന് നിങ്ങളെ അറിയാൻ കഴിയൂ. ഗുരുവിലൂടെ മാത്രമേ വിജയിക്കാനാവൂ എന്നും വിശ്വസിപ്പിക്കും. ക്ലാസിൽ ചേരുന്നവർ ചെറിയ കുട്ടികളാണ്. റിലാക്‌സേഷൻ വർക്കെന്ന് പറഞ്ഞ് ശരീര വളർച്ചയെത്തിയ പെൺകുട്ടികളുടെ ദേഹത്ത് കയറിയിരിക്കും. തലോടുകയും ചുണ്ടുകളിൽ പരസ്യമായി ഉമ്മ വയ്ക്കുകയും ചെയ്യും. ഇതെല്ലാം സാധാരണ കാര്യങ്ങളാണെന്ന് കുട്ടികളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നും സഹോദരിമാർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: POCSO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA