SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.48 AM IST

കവടിയാർ കൊട്ടാരത്തിലെ വൻ കവർച്ചയിൽ ഞെട്ടി തലസ്ഥാനം,​ നഷ്ടമായത് 2 കോടി മൂല്യമുള്ള ആഭരണങ്ങൾ

kowdiar-palace


പദ്മനാഭ സ്വാമിയുടെ ചിത്രമുള്ള
സ്വർണപ്പതക്കമടക്കം മോഷ്ടിച്ചു

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത സ്വർണപതക്കവും അമൂല്യ രത്നങ്ങളുമടക്കം രണ്ടുകോടിയിലേറെ മൂല്യമുള്ള സ്വർണാഭരണങ്ങൾ കവടിയാർ കൊട്ടാരത്തിൽ നിന്ന് മോഷണം പോയെന്ന് പരാതി. മുതിർന്നഅംഗം അശ്വതി തിരുനാൾ ഗൗരിലക്ഷ്മീബായിയുടെ കിടപ്പുമുറയിലെ അലമാരയിൽ ഇരുമ്പുപെട്ടിയിൽ സൂക്ഷിച്ചിരുന്നവയാണ് നഷ്ടമായത്. അശ്വതിതിരുനാൾ ഡി.ജി.പിക്ക് നൽകിയ പരാതിയിൽ പേരൂർക്കട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

നഷ്ടപ്പെട്ടവയുടെ ആകെ തൂക്കം 40 പവനിലധികമാണ്. കാലപ്പഴക്കമടക്കം ഇവയുടെ മൂല്യം കണക്കാക്കുമ്പോഴാണ് രണ്ടുകോടി വിലമതിക്കുന്നത്. ഏറ്റവും വിലപിടിപ്പുള്ളവ മാത്രമാണ് നഷ്ടമായത്. 2025 ഒക്‌ടോബർ, നവംബർ മാസങ്ങൾക്കിടയിലായിരുന്നു മോഷണം. നവംബറിൽ ബംഗ‌ളൂരുവിലേക്ക് പോകാനായി അശ്വതിതിരുനാൾ അലമാരതുറന്ന് പരിശോധിച്ചപ്പോഴാണ് നഷ്ടപ്പെട്ടതറിയുന്നത്. അതിന് പത്തുദിവസം മുമ്പുവരെ പെട്ടിയിലുണ്ടായിരുന്നു.

കൊട്ടാരത്തിലുള്ളവർ ഉപയോഗിക്കാൻ എടുത്തതാണെന്ന ധാരണയിൽ അന്വേഷിച്ചെങ്കിലും എടുത്തിട്ടില്ലെന്നായിരുന്നു മറുപടി. കൊട്ടാരമാകെ പരിശോധിച്ചിട്ടും ലഭിക്കാതിരുന്നതിനെ തുടർന്നാണ് പരാതി നൽകിയത്. മോഷണം നടന്ന മുറിയിലേക്ക് പ്രവേശിക്കാൻ എല്ലാവർക്കും അനുവാദമില്ല. അനുവാദം ലഭിച്ചിട്ടുള്ളവരുടെ പട്ടികയടക്കം തയ്യാറാക്കിയാണ് പൊലീസ് അന്വേഷണം.

പിന്നിൽ കൊട്ടാരത്തെ

കുറിച്ച് അറിയുന്നവർ?

കൊട്ടാരത്തെക്കുറിച്ച് കൃത്യമായി അറിയുന്നവരാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. കൊട്ടാരത്തിൽ തന്നെയുള്ള ആരെങ്കിലുമാകാം എന്ന സംശയവുമുണ്ട്. ജീവനക്കാരെയടക്കം കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. 150 മുറികളുള്ള കൊട്ടാരത്തിൽ ആഭരണങ്ങൾ സൂക്ഷിക്കുന്ന അലമാരയടക്കം കൃത്യമായ ധാരണയുള്ളവരുമാകാം. പുറത്തു നിന്നുള്ളവരാണ് മോഷ്ടാക്കളെങ്കിൽ കൊട്ടാരത്തിൽനിന്ന് സഹായം ലഭിച്ചിട്ടുണ്ടാകാമെന്നും പൊലീസ് സംശയിക്കുന്നു. കൊട്ടാരവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരുടെയും സന്ദർശകരുടെയും മൊഴി രേഖപ്പെടുത്തും. അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കും.

കവർന്നത് മുത്തും പവിഴവും

പതിച്ച ആഭരണങ്ങൾ

പദ്‌മനാഭസ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത സ്വർണപതക്കവും ചെയിനും (ഒരുപവൻ). ഓറഞ്ച് നിറത്തിലുള്ള പവിഴവും സ്വർണമുത്തും ഇടകലർന്ന ചെയിൻ (അരപ്പവൻ)

പിച്ചിപ്പൂ മൊട്ട് ഡിസൈനിലെ സ്വർണപാദസരം (3പവൻ), കറുത്തമുത്തും സ്വർണമുത്തും ഇടകലർന്ന പാദസ്വരം(2പവൻ)

വീതിയുള്ള ഇല ഡിസൈനിലെ രണ്ടുവളകൾ(4പവൻ), വീതികുറഞ്ഞ 2 സ്വർണപിരിവള (3പവൻ),

കുഞ്ച ചുവപ്പുകല്ല് പതിച്ച വലിയ രണ്ടുകമ്മലും തൂക്കും(3പവൻ)

പച്ച ഇനാമൽ രണ്ടിലയും വെള്ള ഇനാമൽ ശംഖുംപതിച്ച സ്വർണപ്പതക്കവും സ്വർണ പിരിച്ചെയിനും(രണ്ടരപ്പവൻ), സ്വർണകുഴി മിന്നുമാല(5 പവൻ)

എട്ടുലക്ഷംരൂപ മൂല്യമുള്ള പച്ചക്കല്ല് പതിച്ച നാഗപട കമ്മലും മാലയും പതക്കവും (4പവൻ), സ്വർണകമ്മലും ഇല ഡിസൈനിലെ മാട്ടിയും (2 പവൻ)

റൂബി കല്ലുകളും ഡയമണ്ടുകളും പതിച്ച വീതിയുള്ള 2 ഒഴുക്കൻവള (ആറുപവൻ), ഒരുപവൻ വീതമുള്ള 5 കുതിരപ്പവൻ നാണയങ്ങൾ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KOWDIAR PALACE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA