തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിനെ പോലെ മികച്ച യാത്രാനുഭവം ലക്ഷ്യമിട്ട് കെഎസ്ആർടിസിയുടെ പുതിയ എക്‌സിക്യൂട്ടീവ് ക്ലാസ് ബസ് സർവീസ് നാളെ മുതൽ ആരംഭിക്കും. ആലപ്പുഴ–ബംഗളൂരു റൂട്ടിലാണ് ടോയ്‌ലറ്റ്, പാൻട്രി, കഫറ്റീരിയ തുടങ്ങിയ സൗകര്യങ്ങളോടെ പുതിയ സർവീസ് ഓടി തുടങ്ങുന്നത്. ആലപ്പുഴയിൽ നാളെ വൈകിട്ട് 5.30ന് നടക്കുന്ന ചടങ്ങിൽ കെ.സി. വേണുഗോപാൽ എംപി സർവീസ് ഉദ്ഘാടനം ചെയ്യും. നിലവിൽ ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും സർവീസ് നടത്തുക.
ആലപ്പുഴയിൽ നിന്ന് വൈകിട്ട് 5.30ന് പുറപ്പെടുന്ന ബസ് വൈറ്റില, തൃശൂർ മണ്ണുത്തി ബൈപ്പാസ്, പാലക്കാട് ചന്ദ്രനഗർ, കോയമ്പത്തൂർ എൽ ആൻഡ് ടി ബൈപ്പാസ്, സേലം എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് പിറ്റേദിവസം രാവിലെ 5.55ന് ബംഗളൂരുവിലെത്തും. അവിടെ നിന്ന് രാത്രി എട്ടിന് പുറപ്പെടുന്ന ബസ് ഇതേ റൂട്ടിലൂടെ യാത്ര ചെയ്ത് പിറ്റേദിവസം രാവിലെ എട്ടിന് ആലപ്പുഴയിൽ എത്തിച്ചേരുന്നതാണ് സമയക്രമം.
യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്ര ഉറപ്പാക്കുന്നതിനായി സെമി സ്ലീപ്പർ സീറ്റുകൾ, എയർ സസ്‌പെൻഷൻ, ടോയ്ലറ്റ് തുടങ്ങിയ സംവിധാനങ്ങളാണ് ബസിനുള്ളിൽ ഒരുക്കിയിരിക്കുന്നത്. ഓരോ നിരയിലും രണ്ട് സീറ്റുകൾ വീതമാണ് ക്രമീകരിച്ചിരിക്കുന്നത്. സീറ്റുകളുടെ പിന്നിൽ വ്യക്തിഗത സ്‌ക്രീനുകളും ഒരുക്കിയിട്ടുണ്ട്. മൊബൈൽ ചാർജിംഗ് സൗകര്യം, ബോട്ടിൽ ഹോൾഡർ, ലഗേജ് റാക്ക് എന്നിവയും യാത്രക്കാർക്ക് ലഭിക്കും.
യാത്രയ്ക്കിടെ ചായ അടക്കമുള്ള ലഘുഭക്ഷണം ലഭ്യമാക്കുന്നതിനൊപ്പം പാൻട്രി സംവിധാനവും ബസിലുണ്ടാകും. ദീർഘദൂര യാത്ര കൂടുതൽ സൗകര്യപ്രദമാക്കുകയാണ് പുതിയ സർവീസിലൂടെ കെഎസ്ആർടിസി ലക്ഷ്യമിടുന്നത്. എക്സിക്യൂട്ടീവ് ക്ലാസ് സർവീസിലേക്കുള്ള ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. onlineksrtcswift.com വഴിയും 9447071021 എന്ന വാട്‌സാപ്പ് നമ്പറിലൂടെയും ടിക്കറ്റ് റിസർവ് ചെയ്യാം. യാത്രാമാർഗം, തീയതി, സർവീസ്, സീറ്റ് എന്നിവ തിരഞ്ഞെടുത്ത് ഓൺലൈനായി തന്നെ പണമടയ്ക്കാം. ബുക്കിംഗ് പൂർത്തിയാക്കിയ മുറയ്ക്ക് ഇ-ടിക്കറ്റും പിഎൻആർ വിവരങ്ങളും വാട്‌സാപ്പിലൂടെ തന്നെ ലഭിക്കും.
KSRTC will launch its new Executive Class luxury bus service on the Alappuzha–Bengaluru route from tomorrow. The bus will offer premium facilities including semi-sleeper seats, air suspension, toilets, pantry, snacks, individual screens, mobile charging and luggage racks.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |