
തിരുവനന്തപുരം: കേരള ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപറേഷനിൽ ചട്ടവിരുദ്ധമായി സ്ഥാനക്കയറ്റം നൽകിയെന്ന് ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തി. കരാർ നിയമനം ലഭിച്ച ആർ.അനീഷ് ബാബുവിന് ഒരു ദിവസം ഇറക്കിയ പ്രത്യേക ഉത്തരവുകളിലൂടെ ഇരട്ട പ്രൊമോഷൻ നൽകിയെന്നാണ് കണ്ടെത്തൽ. രാജ്യസഭാംഗം ജോൺ ബ്രിട്ടാസിന്റെ പേഴ്സണൽ സ്റ്റാഫ് അംഗമാണ് അനീഷ് ബാബു.
2008 ഒക്‌ടോബർ 13നാണ് അസിസ്റ്റന്റ് മാനേജരായി കരാറടിസ്ഥാനത്തിൽ അനീഷ് ബാബുവിനെ കെ.ടി.ഡി.എഫ്.സിയിൽ നിയമിച്ചത്. 2014 ഡിസംബറിൽ മുൻകാല പ്രാബല്യത്തോടെ സർക്കാർ സ്ഥിരപ്പെടുത്തി.
2009 ഒക്ടോബർ 23 മുതലുള്ള മുൻകാല പ്രാബല്യത്തോടെ ഡെപ്യൂട്ടി മാനേജരായി സ്ഥാനക്കറ്റം നൽകി 2017 മാർച്ച് 28ന് ഉത്തരവിറങ്ങി. പ്രൊബേഷൻ പൂർത്തിയായെന്ന് കാട്ടി അതേദിവസം കെ.ടി.ഡി.എഫ്.സി വീണ്ടും ഉത്തരവിറക്കി. പിന്നാലെ മുൻകാല പ്രാബല്യത്തോടെ അനീഷ് ബാബുവിനെ മാനേജരാക്കി അതേ ദിവസം മൂന്നാമത്തെ ഉത്തരവും ഇറക്കി. 2011 ഡിസംബർ 27ന് പ്രൊബേഷൻ കഴിഞ്ഞെന്ന് വ്യക്തമാക്കി 2017 ഡിസംബർ 19 ന് ഉത്തരവിറക്കി. ഈ നടപടിക്രമങ്ങൾ ചടങ്ങൾക്കും നിയമങ്ങൾക്കും വിരുദ്ധമാണെന്നാണ് ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തിയത്.
ക്രമപ്രകാരമല്ല ഒന്നും
ചട്ട പ്രകാരം ഒരു തസ്തികയിൽ ഒരു വർഷം സേവനം പൂർത്തിയാക്കിയാലേ സ്ഥാനക്കയറ്റത്തിന് അർഹതയുള്ളൂ.
സർവീസ് ചട്ടങ്ങൾ പ്രകാരം പ്രൊമോഷൻ ലഭിക്കുന്ന തസ്തികയുടെ ചുമതല ഏറ്റെടുക്കണം.
എന്നാൽ ഡെപ്യൂട്ടി മാനേജർ ചുമതല ഏറ്റെടുക്കാത്തതിനാൽ മുൻകാല പ്രാബല്യത്തോടെ സ്ഥാനക്കയറ്റം നൽകിയത് ക്രമപ്രകാരമല്ല.
ഒരു വർഷം പോലും ഡെപ്യൂട്ടി മാനേജരായി സേവനം പൂർത്തിയാക്കാതെ മാനേജരാക്കിയതും ക്രമപ്രകാരമല്ല.
പ്രൊമോഷനുകൾ റദ്ദാക്കണം, അനധികൃതമായ അനുവദിച്ച ശമ്പളവും ആനൂകൂല്യങ്ങളും തിരിച്ചു പിടിക്കണമെന്നാണ് ധനകാര്യ പരിശോധന വിഭാഗത്തിന്റെ ശുപാർശ .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |