
തിരുവനന്തപുരം: ഓണച്ചന്തയിൽ കുടുംബശ്രീയുടെ പൂക്കളും പച്ചക്കറികളും വിറ്റഴിച്ചു കുടുംബശ്രീ നേടിയത് 10.07 കോടി. 'ഓണക്കനി', 'നിറപ്പൊലിമ' കാർഷിക പദ്ധതികളുടെ ഭാഗമായി ഉൽപാദിപ്പിച്ച പച്ചക്കറികളും പൂക്കളും വിറ്റഴിച്ചുകൊണ്ടാണ് വനിതാ കർഷകർ ഈ വമ്പൻ നേട്ടം സ്വന്തമാക്കിയത്. ആഗസ്റ്റ് 20 മുതൽ 25 വരെ സംസ്ഥാനമൊട്ടാകെ കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രണ്ടായിരത്തിലേറെ ഓണം വിപണന മേളകളിൽ നിന്നാണ് ഈ വിറ്റുവരവ്. 2.85 കോടി നേടി തൃശൂർ ജില്ലയാണ് വിറ്റുവരവ് ഇനത്തിൽ ഒന്നാംസ്ഥാനത്ത്. 1.62 കോടി രൂപയുമായി പാലക്കാട് രണ്ടാം സ്ഥാനത്തും 85.50 ലക്ഷം രൂപയുമായി കണ്ണൂർ മൂന്നാം സ്ഥാനത്തും എത്തി.
33,000ലേറെ കർഷക സംഘങ്ങൾ ഉൽപാദിപ്പിച്ച 1580.88 മെട്രിക് ടൺ നാടൻ പച്ചക്കറികളാണ് ഓണസദ്യയൊരുക്കാൻ വിപണിയിലെത്തിയത്. 8.91കോടിയാണ് ഇതുവഴിയുള്ള വിറ്റുവരവ്. സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്ന 5500 കർഷക സംഘങ്ങൾ കൃഷി ചെയ്ത 113.17 മെട്രിക് ടൺ പൂക്കൾ വിപണിയിലെത്തിച്ചത് വഴി 1.16 കോടിയാണ് വിറ്റുവരവ്. ഈ വരുമാനം പൂർണമായും കർഷകർക്കാണ് ലഭിക്കുക. കുടുംബശ്രീ ഓണം വിപണന മേളകൾക്ക് പുറമേ പ്രാദേശികമായും കർഷകർ ഉൽപന്നങ്ങൾ വിറ്റഴിച്ച് വരുമാനം നേടുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |