SignIn
Kerala Kaumudi Online
Friday, 23 October 2026 9.24 PM IST

മദ്യനിർമ്മാണശാലയ്ക്ക്  എൽ.ഡി.എഫ് സമ്മതം, മുഖ്യമന്ത്രി മുറുകി, സി.പി.ഐ അയഞ്ഞു

cm

തിരുവനന്തപുരം :സി.പി.ഐയും ആർ.ജെ.ഡിയും ശക്തമായ വിയോജിപ്പ് പ്രകടമാക്കിയെങ്കിലും

പാലക്കാട് എലപ്പുള്ളിയിൽ മദ്യനിർമാണശാല സ്ഥാപിക്കാൻ എൽ.ഡി.എഫ് യോഗം അനുമതി നൽകി.

സർക്കാർ തീരുമാനമെടുത്ത പദ്ധതി നടപ്പാക്കിയേ പറ്റൂ എന്ന ഉറച്ച നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചതോടെ അതിന് വഴങ്ങുകയായിരുന്നു. പുതുക്കി പണിത സി.പി.ഐ ആസ്ഥാനമായ എം.എൻ.സ്മാരകത്തിന്റെ കോൺഫറൻസ് ഹാളിലായിരുന്നു ഇന്നലത്തെ യോഗം.

ഭൂഗർഭജലം ഉപയോഗിക്കില്ലെന്നും കൃഷിയെ ഒരു തരത്തിലും ബാധിക്കില്ലെന്നും മുഖ്യമന്ത്രി യോഗത്തിൽ വ്യക്തമാക്കി. നയപരമായ വിഷയത്തിൽ ഇടതുമുന്നണി ചർച്ച ചെയ്യാതെ സർക്കാർ പദ്ധതിയുമായി മുന്നോട്ടുപോയതു ശരിയായ നിലപാടല്ലെന്നും ഭാവിയിൽ മുന്നണിക്കു ദോഷം ചെയ്യുമെന്നും സി.പി.ഐയും ആർ.ജെ.ഡിയും അഭിപ്രായപ്പെട്ടു.

ഭൂപരിഷ്കരണ നിയമവും നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമവുമൊക്കെ ചൂണ്ടിക്കാട്ടിയും പരിസ്ഥിതി വിഷയം ഉന്നയിച്ചുമാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എതിർക്കാൻ ശ്രമിച്ചത്. ആർ.ജെ.ഡിയും കുടിവെള്ള വിഷയം ചൂണ്ടിക്കാട്ടി. പക്ഷേ, നടപ്പാക്കിയേ പറ്റൂ എന്ന നിലപാടിൽ മുഖ്യമന്ത്രി ഉറച്ചുനിന്നു.

സംസ്ഥാനത്തിന്റെ തനതുവരുമാനം വർദ്ധിപ്പിക്കാനുള്ള പദ്ധതികളുമായി സർക്കാർ മുന്നോട്ടുപോകണമെന്ന അഭിപ്രായമാണു മറ്റു പാർട്ടികൾ പ്രകടിപ്പിച്ചത്.

കിഫ്ബിയുമായി ബന്ധപ്പെട്ടുള്ള വൻപദ്ധതികളിൽ യൂസർ ഫീ ഏർപ്പെടുത്താനുള്ള വിശദമായ ചർച്ച ഇന്നലത്തെ യോഗത്തിൽ ഉണ്ടായില്ല. വലിയ ടോൾ ഏർപ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കണമെന്ന അഭിപ്രായം ചിലർ പ്രകടിപ്പിച്ചു. ഈ വിഷയം കൂടുതൽ ആലോചനകൾക്കുശേഷം ചർച്ച ചെയ്യാമെന്നു മുഖ്യമന്ത്രി അറിയിച്ചു.

ഭൂഗർഭജലം വേണ്ട; ഞാൻ ഉറപ്പ്

തരുമ്പോൾ എതിർക്കുന്നതെന്തിന്?

# ഭൂഗർഭജലം മദ്യശാലയ്ക്കു വേണ്ടിവരില്ലെന്നു മുഖ്യമന്ത്രിയെന്ന നിലയിൽ താൻ ഉറപ്പുനൽകുമ്പോൾ എന്തിനാണ് എതിർപ്പുമായി നിൽക്കുന്നതെന്നായിരുന്നു പിണറായി വിജയന്റെ ചോദ്യം.

# കൃഷിക്കും ഒരുതരത്തിലും പദ്ധതി ബുദ്ധിമുട്ടുണ്ടാക്കില്ല. എന്തെങ്കിലും വിഷയം ഉണ്ടായാൽ സർക്കാർ ശക്തമായി ഇടപെടുമെന്നും അവിടത്തെ ജനങ്ങളെ വിശ്വാസത്തിലെടുത്തു മാത്രമേ മുന്നോട്ടുപോകുകയുള്ളൂവെന്നും മുഖ്യമന്ത്രി ഉറച്ച ശബ്ദത്തിൽ പറഞ്ഞു.

# സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മുഖ്യമന്ത്രിയുടെ നിലപാടിനൊപ്പം ഉറച്ചുനിന്നതോടെ സി.പി.ഐയും ആർ.ജെ.ഡിയും മെല്ലെ അയഞ്ഞു. മറ്റു ഘടകകക്ഷി നേതാക്കളാവട്ടെ എതിർപ്പു പ്രകടിപ്പിച്ചതുമില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA