
3 കോടി പേരെ ലക്ഷ്യമിട്ട് ദിശ 2.0
കൊച്ചി: കേന്ദ്ര നീതി വകുപ്പ് നടപ്പാക്കുന്ന നിയമസഹായത്തിനായുള്ള 'ദിശ"(ഡിസൈനിംഗ് ഇന്നൊവേറ്റീവ് സൊല്യൂഷൻസ് ഫോർ ഹോളിസ്റ്റിക് ആക്സസ് ടു ജസ്റ്റിസ്) പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് എ.ഐ കരുത്ത്. 'വിധി - സഞ്ജീവനി" എന്ന പുതിയ വിഭാഗത്തിൽ, നിർമ്മിതബുദ്ധിയിൽ പ്രവർത്തിക്കുന്ന 'ന്യായ സേതു" പോർട്ടലിലൂടെ ഇനി മുതൽ വേഗത്തിൽ നിയമസഹായം ലഭ്യമാകും. 'ദിശ 2.0' യുടെ ഭാഗമായി 2026 - 2031 കാലയളവിൽ മൂന്നു കോടിയോളം ആളുകൾക്ക് നിയമ സഹായമെത്തിക്കുകയാണ് ലക്ഷ്യം. 'വിധി - സഞ്ജീവനി' എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ പദ്ധതി പ്രവർത്തനങ്ങൾ വകുപ്പുതലത്തിൽ തത്സമയം നിരീക്ഷിക്കാനും വിവരങ്ങൾ വിശകലനം ചെയ്യാനുമാകും.
'ന്യായ സേതു"വിന്റെ ഭാഗമായുള്ള ദിഷിക എന്ന ചാറ്റ്ബോട്ടിലൂടെ ഏത് ഭാഷയിലും ആധികാരിക മറുപടി ലഭ്യമാകും. ജനസേവന കേന്ദ്രങ്ങൾ വഴി സൗജന്യ നിയമോപദേശം നൽകുന്ന 'ടെലി - ലാ, അർഹരായവർക്ക് അഭിഭാഷകരുടെയും നിയമവിദ്യാർത്ഥികളുടെയും സഹായത്തോടെ സൗജന്യ നിയമസഹായം ഉറപ്പാക്കുന്ന "ന്യായ ബന്ധു" എന്നിവയും ദിശ 2.0യിൽ പരിഷ്കരിച്ചിട്ടുണ്ട്. വനിതകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, എസ്.സി/എസ്.ടി വിഭാഗക്കാർ, കുറഞ്ഞ വരുമാനമുള്ളവർ എന്നിവർക്കുള്ള സേവനം സൗജന്യമാണ്. കോടതിയിൽ ഹാജരാകാൻ അഭിഭാഷകരെ ആവശ്യമുള്ളവർക്ക്, അർഹത പരിശോധിച്ച് സഹായം ലഭ്യമാക്കും .
പ്രവർത്തനം ഇങ്ങനെ
ജനസേവന കേന്ദ്രങ്ങൾ, പോർട്ടൽ/ആപ്പ് മുഖേന ആദ്യം രജിസ്റ്റർ ചെയ്യണം. ശേഷം ന്യായസേതു പോർട്ടലിൽ കാണുന്ന സ്പീക്കർ ചിഹ്നത്തിൽ ക്ലിക്ക് ചെയ്താൽ ദിഷിക ചാറ്റ്ബോട്ടിനോട് ശബ്ദസന്ദേശമായി ചോദ്യമുന്നയിച്ച് മറുപടി നേടാം. ചോദ്യം ടൈപ്പ് ചെയ്യാനും ഓപ്ഷനുണ്ട്. ഫോൺ സംഭാഷണത്തിന് 14454 എന്ന ഹെൽപ്‌ലൈൻ നമ്പറിലും ബന്ധപ്പെടാം.
ബഡ്ജറ്റ് 255 കോടി
'ഈസ് ഒഫ് ജസ്റ്റിസ്" എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിലാണ് ദിശ 2.0 വിഭാവനം ചെയ്തിരിക്കുന്നത്. 255 കോടി വകയിരുത്തിയിട്ടുള്ള പദ്ധതിയിൽ 2021- 2026ലെ ആദ്യ ഘട്ടത്തിൽ 2.37 കോടി പേർക്ക് നിയമസഹായം നൽകിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |