SignIn
Kerala Kaumudi Online
Tuesday, 29 September 2026 11.03 PM IST

ഫോർട്ട് കൊച്ചിയിലെ കോഡർ ഹൗസിൽ തീ പിടിത്തം, അപകടം ​ 1808ൽ നിർമിച്ച ചരിത്രപ്രാധാന്യമുള്ള കെട്ടിടത്തിൽ

coder-house
തീപിടിത്തമുണ്ടായ ഫോർട്ട് കൊച്ചിയിലെ കോഡർ ഹൗസ്

കൊച്ചി: ഫോർട്ട് കൊച്ചിയിലെ 1808ൽ നിർമിച്ച ചരിത്രപ്രാധാന്യമുള്ള കോഡർ ഹൗസിൽ വൻ തീപിടിത്തം. മുകളിലെ നിലയിലാണ് ആദ്യം തീപിടിച്ചത്. വളരെ വേഗത്തിൽ തീ ആളിപ്പടർന്നു. മുകളിലെ നില ഏതാണ്ട് പൂർണമായും കത്തി. തടികൊണ്ട് നിർമിച്ചതിനാൽ മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ മറ്റ് നിലകളിലേക്കും തീ ആളിപ്പടരുകയായിരുന്നു. ഇന്ന് വൈകിട്ട് ഏഴരയോടെയാണ് സംഭവം.

തൊട്ടടുത്തുള്ള മട്ടാഞ്ചേരി അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റ് ആദ്യമെത്തിയെങ്കിലും അവർക്ക് തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞില്ല. പിന്നീട് എറണാകുളം ക്ലബ് റോഡ്, ഗാന്ധിനഗർ, തൃക്കാക്കര, അരൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേനയുടെ യൂണിറ്റുകൾക്ക് പുറമേ നേവി,കോസ്റ്റ് ഗാർഡ് എന്നിവിടങ്ങളിൽ നിന്നും സംഘമെത്തി. ഇവർ സംയുക്തമായി രണ്ട് മണിക്കൂർ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപടർന്നതിനാൽ ഹോട്ടലിന്റെ മുൻവശത്തുകൂടെ കയറാൻ കഴിയാത്ത സാഹചര്യത്തിൽ പിന്നിലൂടെ കയറിയാണ് തീ അണച്ചത്.

കെട്ടിടത്തിൽ താമസിച്ചിരുന്ന രണ്ട് മുംബയ് സ്വദേശികൾ പുറത്തുപോയിരുന്നതിനാൽ വൻ ദുരന്തമൊഴിവായി. ഇവരുടെ മുറികളിലുണ്ടായിരുന്ന സാധനസാമഗ്രികൾ കത്തിനശിച്ചു. മറ്റ് മുറികളിൽ താമസക്കാരുണ്ടായില്ല. തീപിടിത്തമുണ്ടായ ഉടനെ ജീവനക്കാരെയും മറ്റുള്ളവരെയും ഒഴിപ്പിച്ചിരുന്നു. ഇൻഡോ- പോർച്ചുഗീസ് വാസ്തുശൈലിയിൽ നിർമിച്ച മൂന്ന് നില കെട്ടിടമാണ് കോഡർ ഹൗസ്.

നിലവിൽ ബോട്ടിക് ഹോട്ടലായി പ്രവർത്തിക്കുന്ന കെട്ടിടത്തിന് ഏകദേശം 200 വർഷത്തിലധികം പഴക്കമുണ്ട്. കൊച്ചിയിലെ ജൂത സമൂഹത്തിന്റെയും കോഡർ കുടുംബത്തിന്റെയും ചരിത്രവുമായി അടുത്ത ബന്ധമുള്ളതാണ് ഈ പൈതൃക കെട്ടിടം. കൊച്ചി ഇലക്ട്രിക് കമ്പനിയുടെ സ്ഥാപകനായ എസ്.എസ്. കോഡർ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ഇവിടെ താമസിച്ചിരുന്നു. വിദേശ അതിഥികൾ, ഗവർണർമാർ, പ്രമുഖ രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ കൊച്ചി സന്ദർശനത്തിനിടെ ഇവിടെയാണ് താമസിച്ചിരുന്നത്.

സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയുന്നതിനും അഗ്‌നിരക്ഷാ സേനാംഗങ്ങൾ ജാഗ്രത പുലർത്തുന്നുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ലക്ഷങ്ങളുടെ നാഷനഷ്ടം ഉണ്ടായെന്ന് കണക്കാക്കുന്നു.


English Summary

A major fire broke out at the historic Koder House in Fort Kochi, a heritage building constructed in 1808 and currently operating as a boutique hotel. Firefighters, along with Navy and Coast Guard teams, are working to contain the blaze, which is largely under control but not fully extinguished. A short circuit is suspected to have caused the fire.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIRE ATTACK, FORT KOCHI, CODER HOUSE, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA