SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.47 AM IST

കമ്പ്യൂട്ടർ ഗെയിം വിലക്കി: മാലദ്വീപിൽ എട്ടാം ക്ലാസുകാരൻ അദ്ധ്യാപികയുടെ മൂക്ക് തകർത്തു

33

ചെങ്ങന്നൂർ: മാലദ്വീപിൽ സ്കൂൾ കമ്പ്യൂട്ടർ ലാബിൽ ഗെയിം കളിക്കുന്നത് വിലക്കിയ മലയാളി അദ്ധ്യാപികയുടെ മൂക്ക് എട്ടാംക്ളാസുകാരൻ തകർത്തു. ചെങ്ങന്നൂർ തിട്ടമേൽ കല്ലൂർ ദീപക് ശശിയുടെ ഭാര്യ സ്മിത എൻ. പിള്ളയാണ് (35) മർദ്ദനത്തിനിരയായത്. മൂക്കിന്റെ എല്ലുപൊട്ടിയ സ്മിത ചികിത്സയിലാണ്. മൂക്കിൽ അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു.

ഗധൂ ദ്വീപിലെ ഗഫ് ധാൽ അടോൾ സ്കൂളിൽ ഞായറാഴ്ചയായിരുന്നു സംഭവം. ഞായറാഴ്ച മാലദ്വീപിൽ പ്രവൃത്തിദിനമാണ്. സ്മിത ഒരുവർഷമായി ഇവിടെയാണ് ജോലി ചെയ്യുന്നത്. ലാബിലിരുന്ന് പതിവായി ഗെയിം കളിക്കുന്ന വിദ്യാർത്ഥിയെ

പലതവണ വിലക്കിയിരുന്നു. സംഭവദിവസവും വിലക്കിയെങ്കിലും കുട്ടി വഴങ്ങിയില്ല. തുടർന്ന് പ്രിൻസിപ്പലിന്റെ ശ്രദ്ധയിൽപ്പെടുത്താൻ വീഡിയോ എടുക്കുമെന്ന് സ്മിത പറഞ്ഞു. ഇതിൽ പ്രകോപിതനായ വിദ്യാർത്ഥി ചാടിയെഴുന്നേറ്റ് സ്‌മിതയുടെ ഫോൺ പിടിച്ചുവാങ്ങി എറിഞ്ഞുടച്ചു. ഫോണെടുക്കാൻ കുനിഞ്ഞ അദ്ധ്യാപികയുടെ മൂക്കിൽ തുടർച്ചയായി കൈകൊണ്ടിടിച്ചു. മുടിക്ക് പിടിച്ചുവലിക്കുകയും തലയുടെ പിൻഭാഗത്ത് അടിക്കുകയും ചെയ്തു. മറ്റദ്ധ്യാപകർ ഇടപെട്ടാണ് വിദ്യാർത്ഥിയെ പിടിച്ചുമാറ്റിയത്. സ്കൂൾ അധികൃതർ പൊലീസിൽ പരാതി നൽകി.

സംഭവത്തിനു മുമ്പുതന്നെ നാട്ടിലേക്ക് മടങ്ങാൻ രാജിക്കത്ത് നൽകിയിരുന്ന സ്മിത ഇപ്പോൾ നോട്ടീസ് കാലയളവിലാണ്. മാലദ്വീപ് ഹൈക്കമ്മിഷണറുമായി ബന്ധപ്പെട്ട് സ്മിതയെ നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നുണ്ട്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കൊടിക്കുന്നിൽ സുരേഷ് എം.പിയും സ്മിതയുടെ കുടുംബവുമായി ബന്ധപ്പെട്ടിരുന്നു.

'നാട്ടിലേക്ക് മടങ്ങാനാണ് തീരുമാനം. മാലദ്വീപിൽ ജോലി ചെയ്യുന്ന രണ്ടായിരത്തോളം അദ്ധ്യാപകരിൽ 75 ശതമാനവും മലയാളികളാണ്. ഇവരുടെ സുരക്ഷയിൽ ആശങ്കയുണ്ട്".

- സ്മിത എൻ. പിള്ള

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MALA ISLAND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA