
വടകര : അദ്ധ്യാപികമാർ പ്രതികളായ എം.ഡി.എം.എ കേസിൽ റിമാൻഡിൽ കഴിയുന്ന അഞ്ചാം പ്രതി കണ്ണൂർ സ്വദേശി ജിജിൽ കുര്യാക്കോസിനെ വടകര എൻ.ഡി.പി.എസ് കോടതിയിൽ ഹാജരാക്കി. കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്നാണിത്. വടകര പയ്യോളി സ്റ്റേഷൻ പരിധിയിലെ മറ്റൊരു മയക്കുമരുന്ന് കേസിലും ഇയാൾ പ്രതിയാണ്.
കഴിഞ്ഞ മേയ് 20ന് മണിയൂർ സ്വദേശി തുറശ്ശേരിക്കടവ് സ്വദേശി തെക്കേ നെല്ലിക്കുന്ന് ഇർഫാനെ പയ്യോളി പൊലീസ് എം.ഡി.എം.എയുമായി അറസ്റ്റ് ചെയ്തിരുന്നു. ഇർഫാനിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജിജിൽ കുര്യാക്കോസിനെ പയ്യോളി കേസിലും പ്രതി ചേർത്തത്. മറ്റ് എം.ഡി.എം.എ കേസുകളിലും ജിജിലിന് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു.
എം.ഡി.എം.എ സാമ്പത്തിക ഇടപാട് കേസിൽ പ്രതി ചേർക്കപ്പെട്ട പേരാമ്പ്ര ബി.ആർ.സി സ്‌പെഷ്യലിസ്റ്റ് അദ്ധ്യാപിക കീർത്തനയെ കസ്റ്റഡിയിൽ വാങ്ങി പൊലീസ് ചോദ്യം ചെയ്തു. കീർത്തനയുടെ കസ്റ്റഡി ഇന്നവസാനിക്കും.
. മറ്റദ്ധ്യാപകരെയും മയക്കുമരുന്ന് വിപണനത്തിന്റെ ഭാഗമാക്കിയത് കീർത്തനയാണെന്ന് നിഗമനത്തിലാണ് അന്വേഷണ സംഘം. സൈബർ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. അദ്ധ്യാപകർക്കൊപ്പം വിദ്യാർത്ഥികളെയും മയക്കുമരുന്ന് ഉപയോഗത്തിനും വിപണനത്തിനും ഉപയോഗപ്പെടുത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കി തിരിച്ചു കൊണ്ടുപോകുമ്പോൾ കീർത്തന തനിക്ക് മയ ക്കുമരുന്ന് കേസുമായി യാതൊരു ബന്ധവുമില്ലെന്നും തന്റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കണമെന്നും മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |