SignIn
Kerala Kaumudi Online
Saturday, 24 October 2026 5.51 AM IST

ചൂരൽമലയിലെ വേദന മറന്ന് സഹൽ ഓടിനേടിയ മെഡൽ

sahal

തിരുവനന്തപുരം : ''ജീവിതം കൺമുന്നിൽ ഒഴുകിപ്പോയെങ്കിലും ഞങ്ങടെ ജീവൻ തിരിച്ചുകിട്ടിയില്ലേ, ആ രാത്രിയിലെ ഓർമ്മകൾ ഇപ്പോഴും ഉറങ്ങാൻ അനുവദിക്കാറില്ല. എങ്കിലും ട്രാക്കി​ലി​റങ്ങുമ്പോൾ ഞാൻ എല്ലാം മറക്കും. ഉരുൾ പൊട്ടി​യതറി​ഞ്ഞ് ഉമ്മയ്ക്കും ബാപ്പയ്ക്കുമൊപ്പം മലയുടെ മുകളി​ലേക്ക് ഓടി​ക്കയറി​യപ്പോഴത്തെ ഊർജം മനസി​ലേക്കെത്തും..."" ഇന്നലെ തിരുവനന്തപുരത്ത് സമാപിച്ച ആരോഗ്യ സർവകലാശാല അത്‌ലറ്റിക് മീറ്റിൽ 1500 മീറ്ററിലും റിലേയിലും വെള്ളി മെഡലുകൾ നേടിയ വയനാട് ചൂരൽമല സ്വദേശി സഹലിന്റെ വാക്കുകൾ. കഴിഞ്ഞവർഷം ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ ചൂരൽ മലയിൽ നിന്ന് ഭാഗ്യത്തിന് രക്ഷപെട്ട ചുരുക്കംപേരിൽ ഉൾപ്പെട്ടതാണ് സഹലും കുടുംബവും. വയനാട് മൂപ്പൻസ് കോളേജ് ഒഫ് ഫാർമസി വിദ്യാർത്ഥിയാണ് സഹൽ.

പാതിരാത്രി ഉരുൾ പൊട്ടിയതറിഞ്ഞ് വീടും സമ്പാദ്യവുമെല്ലാം ഉപേക്ഷിച്ച് അടുത്തുള്ള ഒരു മലയുടെ മുകളിലേക്ക് മാതാപിതാക്കളുടെ കൈപിടിച്ച് ഓടിക്കയറിയതാണ് സഹലിനും കുടുംബത്തിനും രക്ഷയായത്. ചെറുപ്പം മുതലേ കായികരംഗത്തുണ്ടായതിനാൽ ലഭിച്ച ശാരീരിക കരുത്താണ് ആ സമയത്ത് മാതാപിതാക്കളെ വലിച്ചുകയറ്റാൻ സഹായിച്ചതെന്ന് സഹൽ പറയുന്നു. പിറ്റേന്ന് നേരം വെളുത്തപ്പോൾ വീട് നിന്ന സ്ഥലം മുഴുവൻ ഒലിച്ചുപോയിരുന്നു.പരിസരവാസികളും ബന്ധുക്കളുമായ നിരവധിപേർ മണ്ണിനടിയിലുമായി. ഇപ്പോൾ സർക്കാർ നൽകിയ ക്വാർട്ടേഴ്സിലാണ് കഴിയുന്നത്.

മൂപ്പൻസ് കോളേജ് മാനേജ്മെന്റും അദ്ധ്യാപകരും സഹപാഠികളും നൽകുന്ന പിന്തുണയാണ് തന്നെ ജീവിതത്തിലേക്കും കായികരംഗത്തേക്കും തിരിച്ചുകൊണ്ടുവന്നതെന്ന് സഹൽ പറഞ്ഞു. കോളേജ് ഫീസും ഹോസ്റ്റൽ ഫീസുമൊന്നും വാങ്ങാതെയാണ് പഠിപ്പിക്കുന്നത്. മത്സരങ്ങളിൽ പങ്കെടുക്കാനും പ്രോത്സാഹനം നൽകുന്നു. ദുരന്തത്തിൽ നിന്ന് രക്ഷപെട്ടതിനുശേഷം കോളേജിലെ അദ്ധ്യാപകർക്കും സഹപാഠികൾക്കുമൊപ്പം ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിനും പ്രാഥമിക ശുശ്രൂഷയ്ക്കും നേതൃത്വം നൽകാനും സഹൽ ഉണ്ടായിരുന്നു. തലനാരിഴയ്ക്ക് തിരികെക്കിട്ടിയ ജീവിതം മറ്റുള്ളവർക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ ആതുരസേവനരംഗത്ത് വിനിയോഗിക്കണമെന്നാണ് ലക്ഷ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MEDAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA