
തിരുവനന്തപുരം: ആറുപേർക്ക് ജീവിതവെളിച്ചമേകി ആന്ധ്രാസ്വദേശിയായ ഏഴുവയസുകാരൻ ലോകിനേനി യാഷ്‌വാൻ മടങ്ങി. അവയവങ്ങൾ നാലു വയസുകാരിയടക്കം ആറുപേർക്ക് പുതുജീവനേകും. വൃക്കകൾ, നേത്രപടലങ്ങൾ, കരൾ, ഹൃദയവാൽവ് എന്നിവയാണ് ദാനം ചെയ്തത്.
കഴിഞ്ഞമാസം 28നാണ് തിരുനെൽവേലിയിൽ വച്ച് സൈക്കിളിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ യാഷ്‌വാനെ ആംബുലൻസ് ഇടിച്ചുതെറിപ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അടുത്തുള്ള ഹെൽത്ത് കെയർ സെന്ററിലും തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി രാത്രി 11 ഓടെ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ഞായറാഴ്ച മസ്തിഷ്‌ക മരണം സംഭവിച്ചതിനെത്തുടർന്ന് കുടുംബാംഗങ്ങൾ അവയവദാനത്തിന് സമ്മതിക്കുകയായിരുന്നു.
ആന്ധ്രാ സ്വദേശികളായ സൗമ്യ ലോകിനേനി രഘു- പാപ്പറാവു ദമ്പതികളുടെ മകനാണ്. തിരുനെൽവേലി രാധാപുരം അനുവിജയ് ടൗൺഷിപ്പിലെ താമിരഭരണി ബിൽഡിംഗിൽ താമസിക്കുകയാണ് കുടുംബം.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള കോട്ടയം വിജയപുരം സ്വദേശിയായ നാലു വയസുകാരിക്കാണ് മറ്റൊരു വൃക്ക നൽകുക. കെ- സോട്ടോയുടെ നേതൃത്വത്തിലാണ് അവയവദാനം ഏകോപിപ്പിച്ചത്.
ഗ്രീൻ കോറിഡോർ
ഒരുക്കി പൊലീസ്
വൃക്കകളിലൊന്ന് കോഴിക്കോട് ഇഖ്‌റ ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന 17 വയസുള്ള കണ്ണൂർ സ്വദേശിക്കാണ് നൽകിയത്. ഇന്നലെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് കോഴിക്കോട് ഇഖ്‌റ ആശുപത്രിയിലേക്ക് വൃക്കയുമായി പുറപ്പെട്ട ആംബുലൻസിന് പൊലീസ് ഗ്രീൻ കോറിഡോർ ഒരുക്കി. രാവിലെ 11.22ന് തിരുവനന്തപുരത്തുനിന്ന് യാത്ര തിരിച്ച ആംബുലൻസ് വൈകിട്ടോടെ കോഴിക്കോട്ടെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |