
തിരുവനന്തപുരം: പാവപ്പെട്ട രോഗികളുടെ പോക്കറ്റ് ചോർത്തുന്ന മരുന്നുകൊള്ളയെ സംരക്ഷിക്കാൻ ഉദ്യോഗസ്ഥ ലോബിയുടെ കവചം. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ ആഭ്യന്തര വിജിലൻസ് വിഭാഗം രൂപീകരിക്കാനുള്ള നിർദ്ദേശങ്ങളടങ്ങിയ ഫയൽ ആരോഗ്യമന്ത്രി കെ.മുരളീധരൻ കൈമാറിയിട്ടും തീരുമാനമെടുക്കാതെ അടയിരിക്കുകയാണ് ചില ഉദ്യോഗസ്ഥർ.
സർക്കാർ ആശുപത്രികളിലേക്കുള്ള മരുന്നുവാങ്ങൽ സുതാര്യമാക്കാനും ക്രമക്കേടുകൾ കണ്ടുപിടിച്ച് നടപടിയെടുക്കാനുമാണ് കെ.എം.എസ്.സി.എല്ലിൽ വിജിലൻസ് വിഭാഗം രൂപീകരിക്കാൻ തീരുമാനിച്ചത്. ആരോഗ്യവകുപ്പ് ഉന്നതോദ്യോഗസ്ഥരുടെ യോഗത്തിലാണ് നിർദ്ദേശമുണ്ടായത്. ഇതാണ് ചിലർ അട്ടിമറിക്കാൻ ശ്രമിക്കുന്നത്.
യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ കെ.എം.എസ്.സി.എല്ലിന്റെ പ്രവർത്തനത്തെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചിരുന്നു. ആവശ്യത്തിലധികം മരുന്നുകൾ വാങ്ങിക്കൂട്ടുക, ടെൻഡറിലെ ക്രമക്കേട്, 19.5 ലക്ഷം രൂപ ചെലവിട്ട് ടെന്നീസ് ക്ലബിൽ അംഗത്വമെടുത്തത് തുടങ്ങിയ പരാതികളാണ് ലഭിച്ചത്. ഇതൊക്കെ അന്വേഷിക്കുന്നതിനും ഭാവിയിലെ ഇടപാടുകൾ സുതാര്യമാക്കുന്നതിനുമായിരുന്നു വിജിലൻസ് വിഭാഗം രൂപീകരിക്കാനുള്ള നിർദ്ദേശം. സംസ്ഥാനത്തെ മറ്റുചില കോർപ്പറേഷനുകളിലും ബോർഡുകളിലുമുള്ള ആഭ്യന്തര വിജിലൻസ് സംവിധാനത്തിന് സമാനമാണിത്.
മരുന്നുകൊള്ള തടയുക ലക്ഷ്യം
1 ഗുണനിലവാരമില്ലാത്ത മരുന്നുകൾ കൂടിയ വിലയ്ക്ക് വാങ്ങികൂട്ടുന്നതടക്കം തടയുകയാണ് വിജിലൻസ് വിഭാഗം രൂപീകരിക്കുന്നതിന്റെ ലക്ഷ്യം. വാങ്ങുന്ന മരുന്നുകളുടെ അളവ് പെരുപ്പിച്ച് കാട്ടി ബില്ല് മാറുന്നതുൾപ്പെടെ അവസാനിപ്പിക്കുക
2 മരുന്നിന്റെ കൃത്യമായ സ്റ്റോക്ക് സൂക്ഷിക്കാതിരിക്കുക, കൃത്രിമ ക്ഷാമം ഉണ്ടാക്കുക എന്നിവയിൽ നിരീക്ഷണം, നടപടി. ബിൽ തുക വൈകിപ്പിക്കുക, വേണ്ടപ്പെട്ടവരുടെ ബിൽ നേരത്തെ പാസാക്കുക എന്നിവ തടയൽ
പൊലീസ് ഉദ്യോഗസ്ഥനും
വിദഗ്ദ്ധരും അംഗങ്ങൾ
ഒരു പൊലീസ് ഉദ്യോഗസ്ഥൻ, ഒരു ബയോ മെഡിക്കൽ എൻജിനിയർ, സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ വിലയിൽ മരുന്ന് വിൽക്കുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഇൻഹൗസ് ഡ്രഗ് ബാങ്കിന്റെ ചീഫ് ഫാർമസിസ്റ്റ് എന്നിവരും ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥനും ഉൾപ്പെടുന്ന വിജിലൻസ് സംവിധാനമാണ് ലക്ഷ്യമിടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |