SignIn
Kerala Kaumudi Online
Saturday, 27 June 2026 3.50 PM IST

കോടികൾ കുടിശിക,​ വിതരണം നിലച്ചു,​ മരുന്ന് തീർന്ന് ഗവ. ആശുപത്രികൾ

READ ENGLISH VERSION

medicines

തിരുവനന്തപുരം: കുടിശിക പെരുകിപ്പെരുകി കോടികൾ പിന്നിട്ടു. മരുന്ന് കമ്പനികൾ വിതരണം നിറുത്തി. സംസ്ഥാനത്ത് സർക്കാർ ആശുപത്രികൾ കടുത്ത പ്രതിസന്ധിയിലേക്ക്. ഏതാനം ദിവസം കൂടി ഈ നില തുടർന്നാൽ പാവപ്പെട്ട രോഗികൾ ആകെ വലയും.

കോഴിക്കോട് ജില്ലയിൽ മെഡിക്കൽ കോളേജിലുൾപ്പെടെ മരുന്ന് വിതരണം ഏറെക്കുറെ നിലച്ചു. കോട്ടയം മെഡിക്കൽ കോളേജും സമാന സാഹചര്യത്തിലാണ്. എറണാകുളത്ത് മെഡിക്കൽ കോളേജിലൊഴികെ പ്രതിസന്ധിയുണ്ട്. കൊല്ലത്തും മരുന്ന് ക്ഷാമമാണ്. തിരുവനന്തപുരം ജില്ല മാത്രമാണ് സാരമായ പ്രശ്നത്തിലേക്ക് കടക്കാത്തത്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ വിതരണ കമ്പനികൾക്ക് ഏപ്രിൽ മുതലുള്ള കുടിശ്ശിക 90 കോടിയായി. കോട്ടയത്ത് നൂറു കോടിക്കടുത്താണ് കുടിശിക. കോഴിക്കോട്ട് കുടിശിക അനുവദിക്കുമെന്ന് ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചെങ്കിലും നടപടിയായില്ല. കാരുണ്യ ഫാർമസി വഴി 150 അവശ്യമരുന്നുകൾ എത്തിക്കാൻ തീരുമാനിച്ചിരുന്നു. 50 എണ്ണം മാത്രമേ എത്തിക്കാനായുള്ളൂ.

കീമോ തെറാപ്പി,ഹൃദ്രോഗം,വൃക്കരോഗം, ഡയാലിസിസ് എന്നിവയ്ക്കുള്ള മരുന്നുകളും സർജിക്കൽ ഉപകരണങ്ങളുമില്ല. വീട്ടിൽ വച്ച് ഡയാലിസിസ് ചെയ്യാനുള്ള (പെരിട്ടോണിയൽ ഡയാലിസിസ്) ഫ്ളൂയിഡും കത്തീറ്ററും ലഭ്യമല്ല. കീമോയ്ക്ക് ഉപയോഗിക്കുന്ന ഡാ കാർബഡിൻ, ഫിൽഗാസ്റ്റീം, സൈറ്റാറാബിൻ, ബീവാസിസുമാബ്, സൈക്ലോ ഫോസ്ഫമൈഡ് എന്നിവയുടെ സ്റ്റോക്ക് ഉടൻ തീരും.

സർജറി മുടങ്ങി കോട്ടയം മെഡിക്കൽ കോളേജ്

154 കോടി രൂപയാണ് കോട്ടയം മെഡിക്കൽ കോളേജിന് സർക്കാർ നൽകാനുള്ളത്. ഇവിടെ ഭൂരിപക്ഷം മരുന്നുകളുടെയും സ്റ്റോക്ക് തീരാറായി. ശസ്ത്രക്രിയാ ഉപകരണങ്ങളുടെ വിതരണം പൂർണമായി നിലച്ചു. പല വകുപ്പുകളും കടം പറഞ്ഞും മറ്റും പുറത്ത് നിന്ന് ഉപകരണങ്ങൾ വാങ്ങിയാണ് ശസ്ത്രക്രിയ നടത്തുന്നത്. കാർഡിയോ തൊറാസിക് ശസ്ത്രക്രിയ നടക്കുന്നില്ല.

ആന്റിബയോട്ടിക് ഉൾപ്പെടെ തീർന്ന് എറണാകുളം

എറണാകുളം മെഡിക്കൽ കോളേജിൽ കാര്യമായ പ്രശ്നങ്ങളില്ല. പക്ഷേ ജില്ലയിലെ മറ്റ് ആശുപത്രികളിൽ മരുന്നുകൾ പലതും കിട്ടാനില്ല. ഡയാലിസിസിനുള്ള പി.ഡി ഫ്ളൂയിഡിന് ക്ഷാമമുണ്ട്. ആലുവ ജനറൽ ആശുപത്രി, പറവൂർ താലൂക്ക് ആശുപത്രി, കരുവേലിപ്പടി ആശുപത്രി എന്നിവിടങ്ങളിലാണ് മരുന്നു ക്ഷാമം രൂക്ഷം. ആന്റിബയോട്ടിക്കുകൾ, ഓയിന്റ്‌മെന്റുകൾ, കണ്ണിലൊഴിക്കുന്ന തുള്ളി മരുന്നുകൾ തുടങ്ങിയവ സ്റ്റേക്ക് തീർന്നു.

കൊല്ലത്ത് ഇൻസുലിൻ,​

ഡയാലിസിസ് മരുന്നില്ല

പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജിൽ ഇൻസുലിൻ മിക്സ്റ്റാർഡിൻ തീർന്നു. ഇവിടെ ദിവസം നൂറ് ഇൻസുലിൻ മിക്സാറ്റാർഡെങ്കിലും വേണം. എന്നാൽ രണ്ടാഴ്ച കൂടുമ്പോൾ അറുനൂറെണ്ണം മാത്രമാണ് ലഭിക്കുന്നത്. ഗുരുതര അണുബാധയ്ക്കുള്ള മെറോപ്തിനാം ലഭിച്ചിട്ട് മാസങ്ങളായി. ഡയാലിസിസിനുള്ള ലോ മോളിക്ക്യുലാർ വെയിറ്റ് ഹെപ്പാരിൻ, അയൺ സുക്രോസ് എന്നിവയുമില്ല. ഹൃദയാഘാതം സംഭവിച്ചവർക്കുള്ള നോർ അഡ്രിനാലിനും ഫാർമസിയിലില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MEDICINE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA