SignIn
Kerala Kaumudi Online
Sunday, 04 October 2026 5.07 PM IST

'എക്സാലോജിക് സിപിഎമ്മിനെതിരായ രാഷ്ട്രീയപ്രേരിതമായ കേസ്'; ബിനീഷ് കോടിയേരിക്ക് മറുപടിയുമായി എംവി ജയരാജൻ

mv-jayarajan
ബിനീഷ് കോടിയേരി, എംവി ജയരാജൻ

കണ്ണൂർ: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നാലാം ചരമവാർഷികദിനത്തിൽ മകൻ ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി സിപിഎം നേതാവ് എംവി ജയരാജൻ. എക്സാലോജിക് കേസ് സിപിഎം നേതാക്കളെ വേട്ടയാടാനാണ് ഉപയോഗിച്ചതെന്നും ബിനീഷിന്റെ കേസിൽ കോടിയേരി ബാലകൃഷ്ണനെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയം വ്യക്തിപരമായി നേരിടുമെന്ന് കോടിയേരി പറഞ്ഞത് അതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ബിനീഷിന്റെ കേസിൽ കോടിയേരിക്കെതിരായി റിമാൻഡ് റിപ്പോർട്ടോ അന്വേഷണ റിപ്പോർട്ടോ ഒന്നുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെയാണ് ഈ കേസ് ബിനീഷ് വ്യക്തിപരമായി നേരിടുമെന്ന് സിപിഎമ്മിന്റെ അന്നത്തെ സെക്രട്ടറിയായിരുന്ന കോടിയേരി സുവ്യക്തമായി പറഞ്ഞത്. അത് ശരിയാണെന്ന് തെളിഞ്ഞു. അതുകൊണ്ട് രണ്ടും രണ്ട് കേസാണ് (ബിനീഷ് കോടിയേരിയുടെ കേസും എക്സാലോജിക് കേസും). എന്നാൽ എക്സാലോജിക് കേസ് സിപിഎമ്മിനെയും അതിന്റെ രാഷ്ട്രീയനേതൃത്വത്തെയും പ്രതിസ്ഥാനത്ത് നിർത്തുന്നതിന് വേണ്ടിയുള്ള രാഷ്ട്രീയപ്രേരിതമായ കേസാണ്. ഈ കേസിനെയും നിയമപരമായി നേരിടുന്നുണ്ട്'- ജയരാജൻ പറഞ്ഞു.

അതേസമയം, ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയായിരുന്നു. കോടിയേരി നേരിട്ട രാഷ്ട്രീയ വിവാദങ്ങളും താൻ നേരിട്ട കേസുകളും അന്വേഷണങ്ങളും വിശദമാക്കുന്ന കുറിപ്പിലെ ചില പരാമർശങ്ങൾ സിപിഎം നേതൃത്വത്തെയും പ്രത്യേകിച്ച് പിണറായി വിജയനെയും ലക്ഷ്യമിട്ടുള്ള ഒളിയമ്പുകളാണോ എന്ന ചർച്ചയാണ് ഉയർന്നത്.

കോടിയേരി നേരിട്ട വിവാദങ്ങൾ ഓർത്തെടുത്ത ബിനീഷ് അച്ഛൻ ഒരിക്കലും പാർട്ടിയെ തന്റെ പ്രതിരോധത്തിനുള്ള കവചമാക്കിയിരുന്നില്ലെന്ന് പ്രത്യേകം പറയുന്നുണ്ട്. തനിക്കെതിരെ കേസുകൾ വന്നപ്പോഴും എല്ലാം സ്വയം നേരിടണമെന്ന നിലപാടായിരുന്നു കോടിയേരിയുടേതെന്നും ബിനീഷ് പറയുന്നു. 'നിന്റെ പേരിൽ പാർട്ടി മറുപടി പറയില്ല, ഞാനും പറയില്ല. നീ തന്നെ മറുപടി പറയണം' എന്ന് ജയിലിൽ കഴിയുന്നതിനിടെ കോടിയേരി തന്നോട് പറഞ്ഞതായും ബിനീഷ് കുറിപ്പിൽ വ്യക്തമാക്കുന്നു.

English Summary

CPM leader M.V. Jayarajan responded to Bineesh Kodiyeri's Facebook post on Kodiyeri Balakrishnan's death anniversary. Jayarajan clarified Kodiyeri never faced action in Bineesh's case, which Kodiyeri stated Bineesh would handle personally. He distinguished this from the "politically motivated" Exalogic case, which Jayarajan claims targets the CPM and its leadership.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: M V JAYARAJAN, BINEESH KODIYERI, CPM EXALOGIC CASE, KERALA POLITICS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA